X

അക്കരപ്പച്ച

പ്രവാസ ജീവിതമെന്നു പറയുമ്പോൾ എപ്പോഴും ഒരു “അക്കരപ്പച്ച” അവസ്ഥയാണ്, അതുമല്ലെങ്കിൽ കയ്ച്ചിട്ടിറക്കാനും  വയ്യാ.. മധുരിച്ചിട്ട് തുപ്പാനും വയാത്ത അവസ്ഥ. 

ഗൾഫു നാടുകളിലെ പ്രവാസികളിൽ വിദ്യാസമ്പന്നരും പ്രത്യേക മേഖലകളിൽ പ്രാവീണ്യം നേടിയവരും എന്ജിനീയറും ഡോക്ടറും ഒക്കെ ഉണ്ടെങ്കിലും അടിസ്ഥാന വിദ്യാഭ്യാസം മാത്രം കൈ മുതലായി വരുന്നവരാണ് ഏറെയും.   ഗൾഫു ജീവിതം എല്ലാവർക്കും ആട് ജീവിതമല്ലെന്നുള്ള തിരിച്ചറിവാണ് ഇത്തരക്കാരെ കടൽ കടക്കാൻ പ്രോത്സാഹിപ്പിക്കുന്നത്.  ചിലർ നാട്ടിലെ സാമ്പത്തിക ബാധ്യത മൂലം ഗൾഫിൽ വരുന്നെങ്കിൽ മറ്റു ചിലർ അയൽവാസികൾ, നാട്ടുകാർ അല്ലെങ്കിൽ ബന്ധുക്കൾ എല്ലാം ഗൾഫിലാണ് എന്ന ഒറ്റക്കാരണത്താൽ ഗൾഫിൽ വരാൻ നിർബന്ധം പിടിച്ചു വന്നവരാണ്.  

തൃശ്ശൂര് ചാവക്കാട് സ്വദേശിയായ ഒരു പ്രവാസി സുഹൃത്ത് തന്റെ 30 വർഷത്തെ പ്രവാസ ജീവിതത്തിന്റെ തുടക്കത്തെ പറ്റി പറയുന്നത് “ചാവക്കാടെന്നു  പറഞ്ഞാൽ എല്ലാ വീട്ടിൽ നിന്നും ഒരാളെങ്കിലും ഗൾഫിൽ വേണമെന്നാണ്” എന്നാണ്.  മറ്റൊരു സുഹൃത്ത് നാട്ടിലെ നല്ലൊരു ഓട്ടോമൊബൈൽ റിപ്പയർ ഷോപ്പ് അടച്ചു പൂട്ടി ഇവിടെ വരാൻ കാരണം പറഞ്ഞത് അത്ര ചെറുപ്പത്തിലെ സ്വന്തം ബിസിനസ്‌ ചെയ്തു ഇല്ലാത്ത ടെൻഷൻ എടുക്കേണ്ടാ എന്ന് കരുതിയാണ്.  

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മറ്റും ഗൾഫു നാടുകളിൽ ജോലി തേടി എത്തുന്ന മലയാളികളുടെ എണ്ണവും കുറവല്ല, ഇത്തരക്കാരെ മോഹിപ്പിക്കുന്നത് ഇവിടെ നിന്നും കിട്ടുന്ന ടാക്സ് ഫ്രീ സാലറി തന്നെ.  തന്നെയുമല്ല  യൂറോപ്യൻ രാജ്യങ്ങളിലെ പരിചയവും ഒരു യൂറോപ്യൻ പാസ്പോർട്ടും ഉള്ളവർക്ക് മറ്റുള്ളവരേക്കാൾ ജോലി സാധ്യതയും ശമ്പളവും ഇവിടങ്ങളിൽ കൂടുതലുണ്ട്. 

പഠനം കഴിഞ്ഞു മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കാനായി ഒരു ഇടത്താവളമായി ഗൾഫിലെ ജോലിയെ കാണുന്നവരും ഇന്ന് കുറവല്ല

അങ്ങനെ ജീവിതത്തിന്റെ വിവിധതലങ്ങളിലുള്ള പ്രവാസിയെ താങ്ങി നിർത്തുന്നതിൽ ഗൾഫു രാജ്യങ്ങളുടെ പങ്കു വളരെ വലുതാണെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല.  

കാര്യം ഇതൊക്കെയാണെങ്കിലും പ്രവാസികൾ പ്രത്യേകിച്ചു മലയാളികൾ സ്വന്തം തട്ടകമെന്ന് കരുതിയിരുന്ന പല ജോലി മേഖലകളും ഇന്ന് നമ്മുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.  ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പൈൻസ് എന്നീ ഏഷ്യൻ രാജ്യങ്ങളാണിതിൽ മുൻപന്തിയിലുള്ളത്.          ഐ ടി വിദ്യാഭ്യാസ മേഖലയിൽ  ശ്രീലങ്ക കൈവരിച്ച കാലോചിതമായ നേട്ടങ്ങൾ നമ്മുടെ ഐ ടി ജോലികളെ കുറച്ചു, ഓഫീസുകളിലും മറ്റും ക്ലീനിങ്ങു പോലുള്ള ജോലികളും കമ്പനികളിലെ താഴേക്കിടയിലെ ജോലികളും നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുനത് മിക്കവാറും നേപ്പാളികളുമായാണ്.   നമ്മുടെ രാജ്യത്തെ സംബന്ധിച്ചിരത്തോളം ഗൾഫു കറൻസിയുടെ വിനിമയ നിരക്ക് ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽ കൂടുതലാണെന്നതും ഇതിനൊരു കാരണം തന്നെ.  ഗൾഫു നാടുകളിലെ ജോലി സാധ്യതകളെ പൂർണമായി മനസ്സിലാക്കി അതിനനുസരിച്ച കോഴ്സുകളും സഹായങ്ങളും നൽകിക്കൊണ്ടാണ്  ഫിലിപ്പൈൻസ് ഇവിടങ്ങളിലെ ജോലി സാധ്യതകൾ വർധിപ്പിക്കുന്നത്.   ഗൾഫു നാടുകളിൽ കർശനമാക്കി വരുന്ന സ്വദേശി വൽക്കരണവും നമ്മുടെ വരും തലമുറകൾക്കായി ഈ സ്വപ്ന വാതിലുകൾ എപ്പോഴും തുറന്നു കിടക്കില്ല എന്ന പേടിപ്പിക്കുന്ന സ്ത്യാവസ്തയാണ് കാട്ടിത്തരുന്നത്‌.

മറ്റേതൊരു പ്രവാസിയെക്കാളും കൂടുതൽ നാട്ടിലേക്ക് പണമയക്കുന്ന ഗൾഫു പ്രവാസികളുടെ പൊടുന്നനെയുള്ള തിരിച്ചു പോക്കോ, ഇവിടെ സാവകാശം നമ്മുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജോലി മേഖലകളോ നമ്മുടെ നാട്ടിൽ വരുത്തി വക്കാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ചെറുതാവില്ല.  സൌദിയിൽ നിന്നും നിദാക്കാത്തു വഴി നാട്ടിലേക്ക് തിരിക്കേണ്ടി വന്ന പ്രവാസികളുടെ പുനരുദ്ധാരണത്തിനായി നമുക്കെന്തു ചെയ്യാൻ കഴിഞ്ഞു എന്ന് പരിശോധിച്ചാൽ ഇത്തരം ദുരവസ്ഥകൾ കൈകാര്യം ചെയ്യുന്നതിൽ വാചക കസർത്തിൽ കഴിഞ്ഞു നമുക്ക് കാര്യമായി ഒന്ന് ചെയ്യാനാകില്ല എന്ന് മനസ്സിലാകും.  പ്രവാസികളിലൂടെ നാട്ടിലേക്കൊഴുകുന്ന പണത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച് അവന്റെ ബന്ധുക്കളും കുടുംബവും മാത്രമല്ല ഈ പണം അവൻ ചിലവഴിക്കുന്ന എല്ലാ മേഖലകളിലും അതിന്റേതായ ശോഷിപ്പ് പ്രകടമാക്കും.  ഗൾഫു നാടുകളെ വെല്ലുന്ന രീതിയിൽ നാട്ടിൽ ഉയർന്നു കൊണ്ടിരിക്കുന്ന ഷോപ്പിംഗ്‌ മാളുകളും,  കാടും പുഴയും നശിപ്പിച്ചു കെട്ടിത്തീർക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളും ഇതിന്റെ പ്രത്യാഘാതത്തിൽ നിന്നും രക്ഷപ്പെടില്ല.      

ലോകം ചുരുങ്ങുകയാണെന്നും, പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യമില്ലെന്നും മറ്റും വാദിക്കുന്ന സുഹൃത്തുക്കളോട് – അത്യാവശ്യം അറബിക് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് ഇവിടെ ലഭിക്കുന്ന പ്രാധാന്യം ഒന്ന് വേറെത്തന്നെയാണ്‌.  ഇവിടെ വന്നു അഞ്ചും പത്തും വർഷം താമസിച്ചു അത് പഠിക്കുന്നതിലും നല്ലതല്ലേ നമ്മുടെ വിദ്യാഭ്യാസ വകുപ്പുകളിൽ കാലോചിതമായ മാറ്റം വരുത്തി ഇത്തരം കാര്യങ്ങൾ അതിൽ ഉൾപ്പെടുത്തുന്നത്.   അത് പോലെതന്നെ ഈ രാജ്യങ്ങളിലെ  നിയമങ്ങളും, നീതി നിർവഹണ രീതികളും ഇവിടെ വരുന്നതിനു മുൻപേ അറിഞ്ഞിരുന്നെങ്കിൽ പലരും ഇങ്ങോട്ട്  വരുന്നതിനു മുൻപേ തങ്ങൾക്കു കിട്ടുന്ന വിസയെപ്പറ്റി വ്യക്തമായി അന്വേഷിക്കുകയും ചതിക്കുഴിയിൽ പെടാതിരിക്കുകയും, ചിലരെങ്കിലും ജയിൽ വാസം അനുഭവിക്കേണ്ടി വരികയും ഇല്ലായിരുന്നു.  യൂറോപ്യൻ രാജ്യങ്ങളുടെ ടെക്നിക്കൽ നോ ഹൌ ഉപയോഗിച്ചു അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഇവിടുത്തെ വിവിധങ്ങളായ ജോലി സാധ്യതകൾ വേണ്ട വിധം ഉപയോഗപ്പെടുത്താൻ ചരിത്രമോ പരിണാമ സിദ്ധാന്തമോ, ഘുരുത്വാകർഷണ നിയമമോ മാത്രം പോരാ – പ്രായോഗിഗ വിദ്യാഭ്യാസത്തിന്റെ  ആവശ്യകതകൾ അറിഞ്ഞേ തീരൂ.   ആഴ്ചയിൽ നാലോ അഞ്ചോ മണിക്കൂർ ക്ലാസ്സെടുത്തു കഴിഞ്ഞു പോയ യുദ്ധങ്ങളെപ്പറ്റിയും, വിഖ്യാതരായ കലാകാരന്മാരെപ്പറ്റിയും മാത്രം പഠിപ്പിക്കുന്ന പ്രോഫസ്സ്ര്മാർക്ക് അവർ ചോദിക്കുന്ന ശമ്പളം കൊടുത്തത് കൊണ്ട് മാത്രം ഇന്നത്തെ ലോകത്തിൽ നമ്മുടെ കുട്ടികൾ ഒരിടത്തും എത്തിപ്പെടില്ല. ഇന്നത്തെ ലോകത്ത് വിദ്യാഭ്യാസം എന്ന് പറഞ്ഞാൽ അറിവ് നേടുക എന്ന ഒറ്റ ലക്ഷ്യം മാത്രമാകരുത് അതവനു അതിജീവനത്തിനും കൂടി ഉപകരിക്കുന്നതാവണം.

ദീർഘ വീക്ഷണമുള്ള ഭരണാധികാരികളുടെ, കുറ്റമറ്റ ഭരണ സംവിധാനത്തിന്റെയും ആവശ്യകത നാമിവിടെ മനസ്സിലാക്കണം.  കള്ളവും ചതിയുമില്ലാത്ത മാവേലി നാട്ടിലേക്ക് തിരിച്ചു പോകാനൊന്നും നമുക്കിനി കഴിയില്ല, എന്നിരുന്നാലും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകാതെ നോക്കിക്കൂടെ? 

പ്രവാസി ക്ഷേമ വകുപ്പെന്ന് പറഞ്ഞാൽ ഇവിടങ്ങളിൽ വന്നു കാലാകാലങ്ങളിൽ ഇഫ്താർ വിരുന്നിൽ പ്രധാന ക്ഷണിതാവുകയോ, പോന്നാടകൾ സ്വീകരിക്കുകയോ മാത്രം ചെയ്യുന്ന രാഷ്ട്രീയക്കാരുടെ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ മാത്രം ക്ഷേമവകുപ്പാകരുത്.  നമ്മുടെ നാട്ടിലെ വിചിത്രങ്ങളായ തൊഴിലാളി നിയമങ്ങൾക്കും, തൊഴിൽ സംഘടനാ മേധാവിത്വത്തിനും കാതലായ മാറ്റം വരുത്താൻ പറ്റാത്തിടത്തോളം കാലം അധ്വാനിക്കാൻ കഴിവും മനസ്സുള്ളവർക്ക് ഗൾഫു നാടുകൾ വലിയോരാശ്വാസം തന്നെ.  ഏതു മേഖലയുടെയും നിലനില്പ് ആ മേഖലയിൽ ഉള്ള പ്രാവീണ്യവും, പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണവുമാണെങ്കിൽ പ്രവാസ ജീവിതത്തിലൂടെ നാം നേടിയെടുത്തിരിക്കുന്ന വലിയ നേട്ടങ്ങൾ എന്തെല്ലാമെന്ന് നാം മനസ്സിലാക്കണം.  പ്രവാസ നാടുകളിൽ ജീവിതത്തിന്റെ വലിയൊരു ഭാഗം ഹോമിച്ച – ഇപ്പോൾ സ്വവാസികളായി കഴിയുന്നവർ നേടിയെടുത്ത പ്രാവീണ്യം വരും തലമുറകളിലേക്ക് പകർന്നു കൊടുക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാവണം.  അത് വഴി ഇവിടങ്ങളിലെ മരുപ്പച്ചകൾ നമുക്കിനിയും തണലും താങ്ങുമാകും.

ഇവിടെ നാം മറക്കരുതാത്ത ചില രാഷ്ട്രീയ വശങ്ങളുണ്ട്  – ഏതെങ്കിലും മത നേതാക്കൾ ഉറക്കെപ്പറഞ്ഞാൽ, ഏതു പാരിസ്ഥിതിക നിയമങ്ങളും കാറ്റിൽ പറക്കും, യോഗ്യരായ കുട്ടികളില്ലെങ്കിലും എത്ര കോളേജുകൾ വേണമെങ്കിലും തുറക്കാം, കുട്ടികളില്ലെങ്കിൽ സർക്കാർ  അയോഗ്യരെ യോഗ്യരാക്കുന്ന പുതിയ സോഫ്റ്റ്‌വെയറുകൾ വരെ കണ്ടു പിടിക്കും.  വോട്ടു കിട്ടുമെന്നുറപ്പാണേൽ ഏതു കുടുംബയോഗത്തിലും വരും ആവശ്യങ്ങൾ അപ്പോൾ തന്നെ അംഗീകരിക്കുകയും ചെയ്യും.  മുന്നണി താഴെ വീഴുമെന്നു വന്നാൽ  വാദി  പ്രതിയാകാൻ നിമിഷമേ വരൂ – എതിരാളി അഴിമതി മുന്നണി പോലുള്ള ഈർക്കിളി സംഭവങ്ങൾ ആകരുതെന്ന് മാത്രം.

       

This post was last modified on December 16, 2016 1:23 pm

Related Post
Leave a Comment