X
    Categories: News

കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

കണ്ടല്‍ക്കാടുകളുടെ സംരക്ഷകനെന്ന നിലയില്‍ കേരളത്തിന്റെ പാരിസ്ഥിതിക മണ്ഡലത്തില്‍ സജീവമായിരുന്ന കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു. 79 വയസ്സുണ്ടായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പൊക്കുടന്റെ അന്ത്യം കണ്ണൂര്‍ ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍വെച്ചായിരുന്നു.

ഇടതുപക്ഷ സഹയാത്രികനായിരുന്ന പൊക്കുടന്‍ കര്‍ഷകര്‍ക്കുവേണ്ടി സമരരംഗങ്ങളില്‍ സജീവമായിരുന്നു. ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനത്തെക്കാള്‍ പൊക്കുടന്റെ സംഭാവനകള്‍ കേരളത്തിന്റെ പരിസ്ഥിതി മേഖലയ്ക്കാണ് നിര്‍ണായകമായത്. കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ യുനെസ്‌കോ പരമാര്‍ശിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ-പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാപ്പിലോ ബുദ്ധ എന്ന ചലച്ചിത്രത്തിലൂടെയും പൊക്കുടന്‍ മലയാളിക്ക് മുന്നില്‍ എത്തിയിരുന്നു. എന്‍റെ ജീവിതം, കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.