X

ഹിലരി ക്ലിന്‍റനോട് 10 ചോദ്യങ്ങള്‍

പോള്‍ വോള്‍ഡ്മാന്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

മറ്റ് പല രാഷ്ട്രീയക്കാരും ചെയ്യുന്നതു പോലെ പത്രസമ്മേളനങ്ങള്‍ നടത്താന്‍ ഹിലരി ക്ലിന്‍റണ് അത്ര താല്പര്യമില്ല; ഈയിടെയായി അവര്‍ അതിനു മെനക്കെടാറുമില്ല. അവസാനം നടത്തിയ പ്രെസ്സ് കോണ്‍ഫറന്‍സ് ഡിസംബറിലായിരുന്നു. പത്രക്കാരോടുള്ള അത്ര ഊഷ്മളമല്ലാത്ത ഈ ബന്ധം റിപ്പോര്‍ട്ടര്‍മാരുടെ അതൃപ്തിക്കു വഴി വയ്ക്കുന്നുണ്ട്. ഹിലരിയും പ്രചാരണത്തിലുള്ള മറ്റുള്ളവരും സ്ഥിരമായി ഇതേപ്പറ്റിയുള്ള ചോദ്യങ്ങള്‍ നേരിടുകയാണ്.

നൂറുകണക്കിന് അഭിമുഖങ്ങള്‍ ഹിലരി കിന്‍റണ്‍ ഇതിനോടകം നല്‍കി എന്നാണ് അവരുടെ പ്രചാരകരുടെ വാദം; അത് ശരിയുമാണ്. NPR അനാലിസിസ് അനുസരിച്ച് അവര്‍ 2016ല്‍ 350 അഭിമുഖങ്ങള്‍ ചെയ്തു കഴിഞ്ഞു, അതില്‍ മിക്കവയും റേഡിയോയ്ക്കും ടെലിവിഷനും വേണ്ടിയാണ് (അവ പൊതുവേ ചെറുതായിരിക്കും) കുറേ പ്രാദേശികമായി നല്‍കിയവയും. ചിലത് പത്രക്കാരല്ലാത്തവര്‍ നടത്തിയതാണ്.

ഏതായാലും ഇക്കാര്യം അങ്ങനെ വെറുതെ വിടാന്‍ റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറല്ല; അവര്‍ക്ക് പ്രോത്സാഹനവുമായി റിപ്പബ്ലിക്കന്‍സുമുണ്ട്. പ്രശ്നപരിഹാരമെന്ന നിലയ്ക്ക് അവര്‍ ഒരു പത്രസമ്മേളനം നടത്താന്‍ തയ്യാറായേക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് നമ്മള്‍ പ്രതീക്ഷിക്കുന്നതു പോലെ രസകരമോ തുറന്നതോ ആവാന്‍ സാധ്യതയില്ല, കാര്യങ്ങളെ കുറിച്ച് തുറന്നു സംസാരിക്കാന്‍ പറ്റിയ സന്ദര്‍ഭമായിട്ടല്ല സ്ഥാനാര്‍ത്ഥികള്‍ പത്രസമ്മേളനത്തെ കാണാറ്. ഉത്തരം പറയാന്‍ താല്‍പ്പര്യമില്ലാത്ത ചോദ്യങ്ങളാണെങ്കില്‍ തലയാട്ടിയും കൈവീശിയുമൊക്കെ ഒഴിഞ്ഞുമാറാന്‍ സമര്‍ത്ഥരായ രാഷ്ട്രീയക്കാര്‍ക്കറിയാം. ഓരോ റിപ്പോര്‍ട്ടറിനും സ്ഥാനാര്‍ത്ഥിയോട് ഓരോ ചോദ്യം ചോദിക്കാന്‍ അവസരം കിട്ടുമ്പോള്‍ ന്യൂസില്‍ വീണ്ടും വീണ്ടും കാണിക്കാന്‍ സാധ്യതയുള്ള, നാടകീയമായ ഞെട്ടിക്കല്‍ ചോദ്യം ചോദിക്കാനാണ് അവര്‍ ശ്രമിക്കുക. അതുകൊണ്ട് ഓര്‍മിക്കത്തക്ക നിമിഷങ്ങള്‍ ഉണ്ടാവാമെങ്കിലും വെളിച്ചം വീശുന്ന ഒന്നും പ്രെസ്സ് കോണ്‍ഫറന്‍സുകളില്‍ സാധാരണ ഉണ്ടാവാറില്ല.

പക്ഷേ അതങ്ങനെ തന്നെ ആവണമെന്നില്ല. തെരഞ്ഞെടുപ്പിന്‍റെ ഇപ്പോഴത്തെ സ്ഥിതിഗതികളെ കുറിച്ചല്ലാതെ, “ജനങ്ങള്‍ക്ക് താങ്കളെ ഇഷ്ടമല്ല, ഇതെങ്ങനെ വിശദീകരിക്കുന്നു?” എന്ന മട്ടിലുള്ളവയല്ലാതെ (ഈ ചോദ്യം ഹിലരി കിന്‍റണ്‍ അനേക തവണ കേട്ടതാണ്), ഡൊണാള്‍ഡ് ട്രംപിനെ കുറിച്ച് എന്തെങ്കിലും മോശം പറയിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടല്ലാതെയുള്ള ചോദ്യങ്ങള്‍ ചോദിക്കാം. പ്രസിഡന്‍റായാല്‍ അവര്‍ എങ്ങനെയാവും തന്‍റെ ചുമതലകള്‍ നിര്‍വ്വഹിക്കുക, നയങ്ങളുടെ വിവിധ വശങ്ങള്‍, അവരുടെ ചിന്താരീതികള്‍ ഒക്കെ നല്ല ചോദ്യങ്ങളിലൂടെ വെളിപ്പെടും. ഇതാ 10 ഉദാഹരണങ്ങള്‍:

1.നിങ്ങള്‍ 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശദീകരിച്ച “വിശാല വലതുപക്ഷ ഗൂഢാലോചന” പ്രസിഡന്‍റ് പദവിയെ അട്ടിമറിക്കാനായി മുന്നോട്ട് വരുമെന്നതില്‍ തര്‍ക്കമില്ല. കേസുകളും FOIA (Freedom of Information Act) അപേക്ഷകളുടെ പ്രവാഹവും എന്നുമെന്നും കോണ്‍ഗ്രെഷ്ണല്‍ അന്വേഷണങ്ങളും അതിലപ്പുറവും ഒക്കെ ഉണ്ടാവും. താങ്കള്‍ കണ്ടിടത്തോളം അഡ്മിനിസ്ട്രേഷന്‍റെ പ്രവര്‍ത്തികളെ പ്രതിപക്ഷം എങ്ങനെയാണ് സ്വാധീനിക്കുന്നത്? താങ്കളുടെ ഭര്‍ത്താവിന്‍റെ ഗവണ്‍മെന്‍റും ഒബാമ ഭരണകൂടവും ഇതിനെ നേരിട്ട രീതികളില്‍ നിന്ന് സ്വയം നടപ്പിലാക്കാനായി എന്തെങ്കിലും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ? ബെങ്ഗാസി, ഇ-മെയില്‍ വിവാദം തുടങ്ങിയ പ്രശ്നങ്ങള്‍ നേരിട്ടുള്ള അനുഭവവും ഉണ്ടല്ലോ.

2.സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിലായിരിക്കേ ഒരു സ്വകാര്യ ഇ-മെയില്‍ സംവിധാനം ഉപയോഗിച്ചത് തെറ്റായെന്ന് സമ്മതിച്ച് താങ്കള്‍ മാപ്പു പറയുകയുണ്ടായല്ലോ. ഗവണ്‍മെന്‍റിനകത്തെ വാര്‍ത്താവിനിമയ സുരക്ഷയെ പറ്റി ചോദ്യങ്ങള്‍ ഉയര്‍ന്നതാണ് ഈ വിവാദത്തിന്‍റെ ഒരു വശം. താങ്കള്‍ പ്രസിഡന്‍റാവുകയാണെങ്കില്‍ ഒപ്പമുള്ളവരുടെ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ എങ്ങനെയായിരിക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്? ഇപ്പോഴത്തെ ഫെഡറല്‍ ഗവണ്‍മെന്‍റ് സംവിധാനത്തിന്‍റെ പ്രവര്‍ത്തനരീതികളില്‍ എന്താണ് മാറേണ്ടത്? ഇ-മെയില്‍ എന്തിനൊക്കെ ഉപയോഗിക്കാം, ഉപയോഗിക്കരുത് എന്നതിനെ പറ്റി എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വിചാരിക്കുന്നുണ്ടോ?

3.ബില്‍ കിന്‍റണ്‍ ഭരണകൂടത്തിന്‍റെ വിജയങ്ങളെ കുറിച്ച് താങ്കള്‍ എപ്പോഴും പരാമര്‍ശിക്കാറുണ്ട്, പ്രത്യേകിച്ചു സാമ്പത്തിക രംഗത്ത്. പക്ഷേ സാങ്കേതിക രംഗത്ത് ആദ്യ തരംഗം ഉണ്ടായപ്പോള്‍ പ്രസിഡന്‍റാവാന്‍ ഭാഗ്യം ലഭിച്ചയാളാണ് അദ്ദേഹമെന്ന് പറയാതെ വയ്യ. സാമ്പത്തികരംഗത്ത് പ്രസിഡന്‍റിന് എത്രത്തോളം നിയന്ത്രണമുണ്ട്? സ്വാധീനത്തിലെ പരിമിതികള്‍ നയരൂപീകരണത്തെ എങ്ങനെ ബാധിക്കുന്നു?

4.’The affordable care act” പല തരത്തിലും ഒരു വലിയ വിജയമായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ലാഭമില്ലെന്നു പറഞ്ഞ് ചില ഇന്‍ഷ്വറര്‍മാര്‍ പിന്മാറിയതോടെ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ നിയമത്തെ പിന്തുണയ്ക്കാനായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട രണ്ടുമൂന്നു കാര്യങ്ങള്‍ പറയാമോ? ACA പിന്‍വലിക്കണമെന്ന് 50 തവണയില്‍ കൂടുതല്‍ വോട്ടു ചെയ്ത, അതിനെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ശ്രമിക്കുന്ന റിപ്പബ്ലിക്കന്‍സിനെ ഉള്‍പ്പെടുത്തി എന്നെങ്കിലും ഇതു മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ബില്‍ പാസ്സാക്കാന്‍ സാധിക്കുമെന്നു കരുതുന്നുണ്ടോ?

5.പ്രസിഡന്‍റിന്‍റെ അധികാരത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ സ്ഥിരമാണ്; ഡെമോക്രാറ്റ്സ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് അതിര്‍വരമ്പുകള്‍ ലംഘിച്ചു എന്ന് പറയുമ്പോള്‍ റിപ്പബ്ലിക്കന്‍സ് പറയുന്നത് ബറാക്ക് ഒബാമ അതുതന്നെ ചെയ്തു എന്നാണ്. ഇപ്പോള്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചുകള്‍ക്കുള്ളത് വളരെ കൂടുതല്‍/ തീരെ കുറവ്/ കൃത്യം വേണ്ടത്ര അധികാരം ഇതിലേതാണെന്നാണ് താങ്കള്‍ കരുതുന്നത്? ഒബാമ അവകാശപ്പെട്ടിരുന്ന ഏതെങ്കിലും പ്രത്യേക അധികാരങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ വിചാരിക്കുന്നുണ്ടോ? കൂടുതല്‍ അധികാരങ്ങള്‍ വേണമെന്നു കരുതുന്ന കാര്യങ്ങള്‍ ഏതൊക്കെയാണ്?

6.ഓരോ സംഭവവികാസങ്ങള്‍ കാരണവും നമ്മുടെ പ്രവര്‍ത്തികള്‍ കൊണ്ടും ഭീകരത എന്ന പ്രശ്നത്തിന് പല രൂപമാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചിരുന്ന അല്‍-ഖൈദയെ പരാജയപ്പെടുത്താന്‍ നമുക്കായി. അതേ സമയം, ISIS ഉദയം ചെയ്യുന്നതും നമ്മള്‍ കണ്ടു. എവിടെയും ആക്രമണങ്ങള്‍ നടത്താന്‍ അവര്‍ സന്തോഷപൂര്‍വ്വം ആളുകളെ പ്രേരിപ്പിക്കുന്നു. ISISനെ തുടച്ചു നീക്കിയാല്‍ മറ്റാരെങ്കിലും ആ സ്ഥാനത്തു വരും. ഒരളവു വരെ ഭീകരത ഒഴിവാക്കാനാവാത്ത ഒന്നാണോ? ഭീകരരുടെ അടുത്ത നീക്കങ്ങളുടെ ആഘാതം പരമാവധി എങ്ങനെ കുറയ്ക്കാം? 

7.ഒബാമ ഭരണകൂടത്തിന്‍റെ സിറിയന്‍ നയത്തില്‍ താങ്കള്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. അവ വളരെ വ്യത്യസ്ഥമെന്ന് പറയാനാവില്ല (non-fly zone അതിലൊന്നാണ്). ആക്രമണം പോലെയെന്തെങ്കിലും നടത്താതെ നമ്മുടെ അധികാരമുപയോഗിച്ച് ഒരു പ്രാദേശിക യുദ്ധത്തില്‍ ഗുണപരമായൊന്നും ചെയ്യാനില്ല എന്ന അവസ്ഥയുടെ ഉദാഹരണമാണോ ഇത്? പരിഹാരത്തേക്കാള്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന നീക്കമാണ് ആക്രമണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു പ്രസിഡന്‍റ് ജനതയോട് നമുക്കു പരിഹരിക്കാനാകാത്ത ചില പ്രശ്നങ്ങളും ഉണ്ടെന്ന് തുറന്നു പറയേണ്ടതുണ്ടോ?

8.പ്രസിഡന്‍റിനോട് സഹകരിക്കാതെയിരിക്കുന്നതു കൊണ്ട് പ്രതിപക്ഷത്തിന് ഗുണങ്ങളുണ്ടെങ്കില്‍ അവരിലേക്കെത്താനുള്ള ഭരണകൂട ശ്രമങ്ങള്‍ വിജയിക്കില്ല എന്ന് ഒബാമയുടെ കാലത്ത് നമുക്കു മനസിലായി. സഭകളില്‍ ഒന്നിലോ രണ്ടിലുമോ നിലനിന്നാല്‍ സമ്പൂര്‍ണ്ണ പ്രതിപക്ഷമായി നില്‍ക്കുക എന്ന അവരുടെ തന്ത്രം വിജയിച്ചുവെന്ന് റിപ്പബ്ലിക്കന്‍സിന് കരുതാം; അതു തുടരാമെന്ന് തീരുമാനിക്കുകയുമാവാം. നിയമനിര്‍മ്മാണം ആവശ്യമുള്ള ഒരുപാട് ലിബറല്‍ ആശയങ്ങള്‍ താങ്കള്‍ക്കുണ്ട്. അവര്‍ സഹകരിക്കില്ലെന്നു വന്നാല്‍ ഗവണ്‍മെന്‍റ് മുന്നോട്ട് കൊണ്ടുപോകാന്‍ എന്തു ചെയ്യും?

9.മാധ്യമങ്ങളുമായുള്ള താങ്കളുടെ ബന്ധം സുഖകരമായിരുന്നില്ല. തന്നെയല്ല, എല്ലാക്കാലത്തും പ്രസിഡന്‍റുമാര്‍ക്ക് തങ്ങളെ പറ്റിയുള്ള വാര്‍ത്താ ചിത്രീകരണം നീതിയുക്തമായില്ലെന്നാണ് തോന്നാറ്. പ്രസിഡന്‍റിനെ കുറിച്ചുള്ള വാര്‍ത്തകളില്‍ പണ്ട് ചെയ്തിട്ടില്ലാത്ത എന്തൊക്കെ കാര്യങ്ങളാണ് റിപ്പോര്‍ട്ടര്‍മാര്‍ ചെയ്യേണ്ടതായി ഉണ്ടെന്ന് താങ്കള്‍ കരുതുന്നത്?

10.രണ്ട് പ്രസിഡന്‍റുമാരുടെ കൂടെ താങ്കള്‍ വളരെയടുത്ത് പ്രവര്‍ത്തിച്ചു. പ്രസിഡന്‍റ് ജോലിയുടെ ഏറ്റവും ബുദ്ധിമുട്ടേറിയ വശം എന്താണ്? അതു നേരിടാന്‍ എന്തു തയ്യാറെടുപ്പാണ് ചെയ്യുന്നത്?

ഒരു തുടക്കമെന്ന നിലയിലാണ് ഈ ചോദ്യങ്ങള്‍. ഇവയ്ക്ക് കൂടുതല്‍ നന്നായി ഉത്തരം കിട്ടുക നീണ്ട അഭിമുഖങ്ങളിലാവും; അവിടെ നമുക്ക് തുടര്‍ചോദ്യങ്ങളുന്നയിക്കാം. പക്ഷേ ഹിലരി കിന്‍റണ്‍ ഒരു പത്രസമ്മേളനത്തിനു തയ്യാറായാല്‍ നമ്മുടെ ലക്ഷ്യം “സ്ഥാനാര്‍ത്ഥിയെ കൊണ്ട് വിഡ്ഢിത്തരങ്ങളും വിവാദപ്രസ്താവനകളും പറയിപ്പിച്ച് വാര്‍ത്തയുണ്ടാക്കുക” എന്ന പതിവു പരിപാടിയാവരുത്. അവരെ കൂടുതല്‍ മനസ്സിലാക്കാനും എങ്ങനെയുള്ള ഒരു പ്രസിഡന്‍റാവും അവര്‍ എന്നറിയാനും സഹായിക്കുന്ന ഉത്തരങ്ങള്‍ പറയിപ്പിക്കണം. അത് വളരെ പ്രധാനമാണ്; കാരണം എത്ര അവസരങ്ങള്‍ അതിനായി കിട്ടുമെന്നറിയില്ല.

This post was last modified on September 2, 2016 7:49 am