X

മലയാള സിനിമ ആണിന് നല്‍കുന്ന പത്ത് പാഠങ്ങള്‍

ആണിനുള്ള പാഠങ്ങള്‍

1) പെണ്ണിന്റെ കരണത്തടിക്കുക എന്നത് ആണിന്റെ ജന്മാവകാശം

ഒരു ആണിന്റെ ഏറ്റവും പക്വതയുള്ള പ്രവര്‍ത്തി പെണ്ണിന്റെ കരണത്തടിക്കലാണൊണ് സിനിമ കണ്ടാല്‍ തോന്നുക, ഭര്‍ത്താവ് ഭാര്യയെ അടിക്കും, കാമുകന്‍ കാമുകിയെ അടിക്കും, സഹോദരന്‍ സഹോദരിയെ അടിക്കും, എന്തിന് വഴിയേ പോകുന്നവന്‍ വഴിയില്‍ നില്‍ക്കുന്നവളെ വരെ വെറുതെ അടിച്ചിട്ടു പോകും. രണ്ടു പേര്‍ തമ്മില്‍ വാഗ്വാദം നടക്കുന്നതായിരിക്കും സീന്‍. നായിക പറയുന്ന അസംബന്ധം മുഴുവന്‍ ഖണ്ഡിച്ചു കൊണ്ടുള്ള പ്രപഞ്ച സത്യം നായകന്‍ പറയും. (സിനിമയുടെ നിയമമനുസരിച്ച് നായിക പറയുന്നതു മുഴുവന്‍ അസംബന്ധവും, നായകന്‍ പറയുന്നതത്രയും വെളിപാടുകളും പ്രപഞ്ച സത്യവുമാണ്). വീണ്ടും പ്രപഞ്ച സത്യം മനസ്സിലാക്കാതെ അതിനെ ചോദ്യം ചെയ്യുന്ന നായികയ്ക്ക് അത് മനസിലാക്കിക്കൊടുക്കാന്‍ നായകനറിയാവുന്ന എളുപ്പ വഴിയാണ് കരണത്തടി. ഇതിനകം നായകന്‍ പറഞ്ഞ പ്രപഞ്ച സത്യത്തിന്റെ മുഴുവന്‍ സത്തയും അതു പോലെ ഉള്‍ക്കൊണ്ട തിയ്യേറ്ററിലെ സ്ത്രീകളടക്കമുള്ള പ്രേഷക സമൂഹം പരസ്പരം പറയും. നന്നായി അവള്‍ക്ക് രണ്ട് കിട്ടേണ്ടത് തന്നെയാ. ഒന്നു കൂടി പൊട്ടിക്കെടാ അവളെ എന്ന് തിയ്യേറ്ററിലെ പുരുഷാരത്തിന്റെ ആക്രോശം കേട്ടതുപോല ചിലപ്പോള്‍ സ്‌ക്രീനിലെ നായകന്‍ നായികയ്ക്ക് രണ്ടടി കൂടി കൊടുക്കും. ശരിക്കും പ്രേക്ഷകരുടെ മനസ്സറിയുന്ന തിരക്കഥാകൃത്തുകളെ കാണുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്, സിനിമയില്‍ നായകന്റെ അടി കിട്ടിയ നായികയ്ക്ക് പിന്നെ തോന്നുന്ന ഏക വികാരം നായകനോടുള്ള പ്രേമമായിരിക്കും. ഒരു പെണ്ണിനെ തല്ലുന്നതു കാണുമ്പോള്‍ പുരുഷ ഈഗോയ്ക്കുണ്ടാകുന്ന ഹ്രസ്വ ഉന്‍മേഷത്തിനുപരി ആ അടിക്കു ശേഷം നായകന്റെ വഴിക്കു വരുകയും, പിന്നീട് അവനെ തന്നെ പ്രേമിച്ചു തുടങ്ങുകയുമൊക്കെ ചെയ്യുന്ന നായികയെ കാണിക്കുന്നതിലൂടെ, പെണ്ണിന്റെ എതിര്‍പ്പുകളെ അടിച്ചൊതുക്കി എളുപ്പത്തില്‍ മുന്നോട്ടു പോകാമെന്ന പുരുഷാധിപത്യ ധാരണകള്‍ക്ക് നല്ല രീതിയില്‍ പ്രോത്സാഹനം നല്‍കുക തന്നെയാണ് നമ്മുടെ സിനിമ ചെയ്യുന്നത്.

2)പെണ്ണ് പ്രേമിക്കണോ അവളെ പരമാവധി ശല്ല്യം ചെയ്താല്‍ മതി

ഇഷ്ടമല്ലാത്ത പെണ്ണില്‍ പ്രേമം ജനിപ്പിക്കാന്‍ (വളച്ചെടുക്കാന്‍) നമ്മുടെ നായകര്‍ എന്തെല്ലാമാണ് ചെയ്യാറുള്ളത്. അവളെ നോക്കി ചൂളമടിക്കും, അവളുടെ കൈയില്‍ കേറി പിടിക്കും, പിന്നാലെ നടന്നു പാട്ടു പാടും, അവളുടെ സ്വകാര്യതകളിലൊക്കെ കേറി ഒരു കാര്യവുമില്ലാതെ ഇടപെടും ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയെല്ലാം മുമ്പില്‍ വച്ച് വഷളാക്കും, നടു റോഡില്‍ വച്ച് കരണത്തടിച്ചെന്നും ചുംബിച്ചെന്നും വരും. (ബലാത്സംഗം ചെയ്ത് വരെ നായകന്‍ നായികയെ പ്രണയത്തില്‍ വീഴ്ത്തുന്ന സിനിമകളുണ്ട്) നായകന് നായികയോട് പ്രേമം തോന്നുന്ന നിമിഷം മുതല്‍ അവന് അവളെ എന്തു തോന്ന്യാസവും പറയാനും ചെയ്യാനുമുള്ള അവകാശം പതിച്ചു നല്‍കുകയാണ് സിനിമ. മലയാള സിനിമയിലെ പ്രേമത്തിന് ഇന്നും പെണ്ണിന്റെ മനസ്സോ ചിന്തകളോ പ്രശ്‌നം അല്ല. ആണാകുന്ന പൂമ്പാറ്റയ്ക്ക് തേന്‍ നുകരാന്‍ പാകത്തില്‍ ചലിക്കാതെ നില്‍ക്കേണ്ട പൂവു മാത്രമാണവള്‍. ഇനി മനസ്സ് എന്ന് ഒന്നുണ്ടെങ്കില്‍ തന്നെ അതില്‍ തോന്നുന്ന ഏക വികാരം നായകനോടുള്ള പ്രേമമാണ്. അത് ഉണരുന്നതാകട്ടെ ഇത്തരം ശല്ല്യപ്പെടുത്തലുകളിലൂടെയും. ഈ ട്രെന്‍ഡ് അടുത്ത കാലത്തൊന്നും മാറുമെന്ന പ്രതീഷ എനിക്കില്ല.

3)ആരെ കൊന്നിട്ടാണെങ്കിലും കുടുംബമാനം കാക്കണം.

ആണിന് സിനിമ നല്‍കിയിരിക്കുന്ന പ്രധാന ചുമതലകളിലൊന്ന് കുടുംബത്തിന്റെ മാനം കാക്കലാണ്. കുടുംബത്തിന് മാനഹാനി ഉണ്ടാകുന്നത് അവിടുത്തെ സ്ത്രീകളുടെ പ്രവര്‍ത്തികള്‍ കൊണ്ട് മാത്രമാണ്. അവര്‍ കുടുംബത്തിന്റെ അന്തസിനു യോജിക്കാത്തവരെ പ്രേമിക്കുമ്പോഴാണ്. അങ്ങനെ ചെയ്യുന്ന സ്ത്രീകളെ വീട്ടില്‍ നിന്നു അടിച്ചു പുറത്താക്കുന്നതോ കൊന്നു കളയുന്നതോ ആണ് കുടുംബത്തിന്റെ നഷ്ടപ്പെട്ട മാനം വീണ്ടെടുക്കുന്നതിനുള്ള എളുപ്പ വഴി. പെണ്ണിന്റെ കുടുംബത്തിന് പണവും സ്വാധീനവുമുണ്ടെങ്കില്‍ അവള്‍ സ്‌നേഹിക്കുന്ന പയ്യനെ ഗുണ്ടകളെ വിട്ട് തല്ലിക്കൊന്ന ശേഷം അവളെ തങ്ങളുടെ അന്തസിനു ജോജിച്ച പയ്യനെ വിവാഹം ചെയ്യാന്‍ നിര്‍ബദ്ധിക്കാവുന്നതുമാണ്.

4)കുടുംബം നല്ല നിലയ്ക്ക് പോകണോ, എങ്കില്‍ അവിടെ പുരുഷന്‍ ഭരിക്കണം

അമ്മയെന്തു ചെയ്യണം, ഭാര്യയെന്തുടുക്കണം, മകനെന്തു പഠിക്കണം, മകള്‍ ആരെ വിവാഹം ചെയ്യണം തുടങ്ങി കുടുംബത്തിലെ സകല കാര്യങ്ങളും പുരുഷന്‍ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോഴേ അവിടെ സമാധാനവും ഐശ്വര്യവും ഉണ്ടാകുകയുള്ളുവെന്നാണ് നമ്മുടെ സിനിമാക്കാര്‍ കാലങ്ങളായി കാണിച്ചു തന്നു കൊണ്ടിരിക്കുന്നത്. ആണിന്റെ ശ്രദ്ധ വേണ്ടത്രയെത്താത്ത കുടുംബം വലിയ അപകടങ്ങളില്‍ അകപ്പെടുമെന്നും, സ്ത്രീകള്‍ കാര്യക്കാരായ കുടുംബങ്ങളിലെ മക്കള്‍ തികഞ്ഞ താന്തോന്നികളാകുമെന്നും മലയാള സിനിമ ഈയടുത്തുകൂടി ദൃശ്യമാക്കിയതാണ്. കാര്യങ്ങള്‍ തീരുമാനിച്ചു നടത്തുന്ന സ്ത്രീകളെ അഹങ്കാരികളായി ചിത്രീകരിച്ചില്ലെങ്കില്‍ നമ്മുടെ എഴുത്തുകാര്‍ക്കൊക്കെ എന്തോ ഒരു ഇരിക്കപ്പൊറുതി കിട്ടാത്ത പോലെയാണ്. ആ വീട്ടിലെ ആണുങ്ങള്‍ ഇടപെടുന്നില്ലെങ്കില്‍ പുറത്തു നിന്നുള്ള വിശുദ്ധരായ ആ മരുമക്കളെക്കൊണ്ട് ഇടപെടുവിക്കും. അയാള്‍ തന്റെ പ്രവര്‍ത്തികളിലൂടെയും വാക്കുകളിലൂടെയും സ്ത്രീ ഭരണം മൂലം അവിടെയുണ്ടായിട്ടുള്ള ന്യൂനതകള്‍ എണ്ണിയെണ്ണി ചൂണ്ടിക്കാണിക്കും.(ക്ലാസ് സിനിമകളൊരുക്കുന്നവരായാലും മാസ് ചിത്രങ്ങളൊരുക്കുന്നവരായാലും സ്ത്രീ ഭരണത്തില്‍ അവര്‍ ന്യൂനതകള്‍ മാത്രമേ കാണുകയുള്ളു). അവസാനം ഗൃഹനാഥയുടെ ചില പ്രവര്‍ത്തികള്‍ മൂലം അകപ്പെടുന്ന വലിയൊരു ആപത്തില്‍ നിന്നും വിശുദ്ധനായ മരുമകന്‍ കുടുംബത്തെ രക്ഷിക്കുന്നതോടു കൂടി ഗൃഹനാഥയ്ക്ക് താന്‍ നാഥയായതിന്റെ തെറ്റ് പൂര്‍ണമായി മനസ്സിലാവുകയായി. പരിഹാരമായി ഭരണം നാഥനെ ഏല്‍പ്പിക്കുന്നതോടു കൂടി എല്ലാം ശുഭമായതായി പറഞ്ഞ് സിനിമ അവസാനിക്കുകയുമായി.

5) പെണ്ണിനെ നിയന്ത്രിച്ചു നിര്‍ത്തുന്നത് ആണത്ത്വത്തിന്റെ ലക്ഷണം

ആണായാലേ പെണ്ണിനെ വരച്ച വരയില്‍ നിര്‍ത്താനറിയണം, ഭാര്യയോ, അമ്മയോ പറയുന്നത് അനുസരിച്ച് കഴിയുന്ന കഥാപാത്രങ്ങള്‍ക്കു ലഭിക്കാറുള്ള ഉപദേശമാണിത്. നമ്മുടെ സിനിമയില്‍ ആണുങ്ങള്‍ സ്ത്രീകള്‍ പറയുന്നതു കേള്‍ക്കുന്നതും വീട്ടിലെ പണികള്‍ ചെയ്യുന്നതും ഭീരുത്വത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. ഇത്തരം കഥാപാത്രങ്ങള്‍ സിനിമയിലുടനീളം മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കു പാത്രമാകുകയും ചെയ്യും. അവര്‍ അവസാനം തന്നെ അടുക്കളയില്‍ കയറ്റിയ അഹങ്കാരിയായ ഭാര്യയുടെ കരണത്തടിച്ച് തന്റെ ആണത്വം തെളിയിക്കുകയും ചെയ്യും. എല്ലാം തികഞ്ഞ നായകന്‍ ഒരിക്കലും അടുക്കളയില്‍ കയറാന്‍ പാടില്ല. അദ്ദേഹം ഭാര്യയുടെ ചെറിയ പരാതികളൊക്കെ ചിരിച്ചു തള്ളി, വലിയ പരാതികള്‍ വരുമ്പോള്‍ ഉപദേശിച്ചും കഴിയുന്നില്ലെങ്കില്‍ കരണത്തടിച്ചും അവളെ നിയന്ത്രിച്ചു നിര്‍ത്തും. അതാണ് സിനിമ നിര്‍വ്വചിക്കുന്ന ആണത്വത്തിന്റെ ലക്ഷണം.

7) പരസ്ത്രീ ബന്ധം ആണിന്റെയൊരു തമാശ

ഒന്നില്‍ക്കൂടുതല്‍ സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നതും ഭാര്യയെ വഞ്ചിക്കുന്നതുമൊക്കെ ആണിന്റെ സഹജ സ്വഭാവവും തമാശയുമായാണ് സിനിമ കാണിക്കാറുള്ളത്. ഭാര്യയെ വിട്ട് മറ്റു സ്ത്രീകളുടെ കൂടെ പോയതിന് അയാള്‍ക്ക് പറയാന്‍ ധാരാളം കാരണങ്ങളുമുണ്ടാകും. അതൊക്കെ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ആരും ഒന്നും ചോദിക്കില്ല. എല്ലാം ബോദ്യപ്പെട്ട ഭാര്യ അദ്ദേഹത്തെ അംഗീകരിക്കുന്നതായിരിക്കും ക്ലൈമാക്‌സ്. മറിച്ച് ഒരു സ്ത്രീയാണ് ഇത്തരത്തില്‍ പെരുമാറുന്നതെങ്കില്‍ സിനിമയില്‍ എന്തൊക്കെ സംഭവിക്കുമെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. മരണമോ അല്ലെങ്കില്‍ അതിലും വലിയ പീഢകളോ ആയിരിക്കും എഴുത്തുകാരന്‍ അവള്‍ക്ക് വിധിക്കുന്നത്.

8) ആണുങ്ങള്‍ തെറ്റ് ചെയ്യുന്നതിന് ന്യായമുണ്ട്

ആണുങ്ങള്‍ തെറ്റു ചെയ്യാറുണ്ട്. എന്നാല്‍ അവര്‍ അത്തരത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കൊക്കെ ചില ന്യായ വാദങ്ങളുണ്ടാവും. നായകന്റെ എല്ലാ തെറ്റു കുറ്റങ്ങള്‍ക്കും നിക്ഷേധിക്കാനാവാത്ത ന്യായവാദങ്ങള്‍ നിരത്താന്‍ തിരാക്കഥാകൃത്തുക്കള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതിനിയിപ്പോ നായകന്‍ ആരെയെങ്കിലും റേപ്പു ചെയ്തതാണെങ്കില്‍ പോലും അത് ന്യായീകരിക്കപ്പെടും. അപ്പോള്‍ ഞാന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. എനിക്കെന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. സ്വബോധത്തില്‍ ഞാന്‍ അങ്ങനെയൊക്കെ ചെയ്യുമോ എന്നൊക്കെയായിരിക്കും സാധാരണ ആ കഥാപാത്രത്തിന്റെ കുമ്പസാര വാക്കുകള്‍. ആ സമയത്ത് റേപ്പ് ചെയ്യുക അല്ലാതെ വേറെ വഴിയില്ലായിരുന്നു എന്ന മട്ടില്‍ നായകന്റെ നിസ്സഹായത വെളിവാക്കുന്ന തിരക്കഥാകാരന്‍മാരുമുണ്ട്. തുപ്പാന്‍ തോന്നുന്ന ന്യായീകരണങ്ങള്‍.

9) ആണിന് പ്രേമിക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്രമുണ്ട്

ആണിന് അവനു തോന്നുന്ന ഏതു പെണ്ണിനേയും പ്രേമിക്കാനുള്ള സ്വാതന്ത്രമുണ്ട്. അവനതു നേരെ ചെന്നു പറയുകയും ചെയ്യും (എനിക്കു നിന്നെ ഇഷ്ടമാ, നീ എന്നെ പ്രേമിച്ചേ മതിയാകൂ, അതുവരെ ഞാന്‍ നിന്നെ വിടില്ല, വിടില്ല ഞാന്‍ തുടങ്ങിയ ഭീഷണിയായിരിക്കും ഈ തുറന്നു പറച്ചില്‍. ഹാ, അതിനുള്ള സ്വാതന്ത്രമുണ്ട്) എന്നാല്‍ പെണ്ണിനെ സംബദ്ധിച്ച് പ്രേമിക്കുന്നതോ പ്രേമം തുറന്നു പറയുന്നതോ ഒക്കെ വലിയ റിസ്‌ക്കാണ്. ആരെയെങ്കിലുമൊക്കെ പ്രേമിച്ചു നടന്നാന്‍ പിന്നെ നല്ല ആലോചനകളൊന്നും വരില്ല എന്നു അവളെ അറിയാവുവരൊക്കെ ഉപദേശിക്കും. സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും സ്ഥിതി ഇതൊക്കെ തന്നെയാണ് എന്നാല്‍ ആണുങ്ങളെ അങ്ങനെയാരെങ്കിലും ഉപദേശിച്ചു കണ്ടിട്ടുണ്ടോ.

10) എന്തു തന്നെയായാലും ആണ് എപ്പോഴും ഒരു പടി മുന്നിലാണ്

നായിക നായകനേക്കാള്‍ സ്മാര്‍ട്ടായിരിക്കും, കഴിവുണ്ടായിരിക്കും വിദ്യാഭ്യാസമുണ്ടായിരിക്കും. എന്നാല്‍ ആണുങ്ങളെ ബഹുമാനിക്കാനറിയില്ലെങ്കില്‍ അവള്‍ പിന്നെ വെറും അഹങ്കാരി മാത്രമാണ്. ഇത്രയും ഗുണഗണങ്ങളുള്ള നായികയെ വരുതിയിലാക്കാന്‍ ഇതൊന്നുമില്ലാത്ത നായകന് മിനിറ്റുകള്‍ മാത്രം മതി. ഇനി കഥാപാത്രത്തിന് പുറത്തുള്ള കാര്യമാണെങ്കിലും കഴിവുള്ള നായിക നടിക്ക് നായകന്റെയത്ര, സ്ഥാനമോ, പരിഗണനയോ പ്രതിഫലമോ കിട്ടില്ല. കാരണമെന്താണെു ചോദിച്ചാല്‍ ഒന്നേയുള്ളു. അവള്‍ ഒരു പെണ്ണാണ്. വെറും പെണ്ണ്.

സമൂഹത്തിന്റെ മനോഭാവമാണ് തങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്നു പറഞ്ഞു സിനിമക്കാര്‍ക്കു തലയൂരാം, എന്നാല്‍ സമൂഹത്തിന്റെ ദുഷിച്ച പിന്തിരിപ്പന്‍ ചിന്തകള്‍ക്ക് ആവും വിധം പ്രോത്സാഹനമേകി അതില്‍ നിന്നും ലാഭമുണ്ടാക്കുകയാണ് കച്ചവടം മാത്രം ലാക്കാക്കുന്ന സിനിമകള്‍ ചെയ്യുന്നത്. എന്നാല്‍ അത്തരം സിനിമകളെ വിജയിപ്പിക്കുകയും, വീണ്ടും ഇത്തരം പിന്തിരിപ്പന്‍ ചവറുകളുമായി വരാന്‍ സിനിമാക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പൊതു സമൂഹത്തിന്റെ മനോഭാവം മാറിയാലേ മാറ്റമുണ്ടാകുകയുള്ളു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


This post was last modified on June 22, 2015 7:15 pm