ഒന്നേമുക്കാല്‍ കോടിയോളം വില വരുന്ന തന്റെ കാറിന് വേണ്ടിയുള്ള ഇഷ്ട നമ്പറിന് തിരുവനന്തപുരം സ്വദേശി ചിലവാക്കിയത് 18 ലക്ഷം രൂപയാണ്. താന്‍ പുതിയതായി വാങ്ങിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാറിന് ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ വ്യവസായി കെഎസ് ബാലഗോപാലാണ് ഇത്രയും വലിയ തുക മുടക്കിയത്.
നേരത്തെ കെട്ടിവെച്ച ഒരു ലക്ഷം രൂപ ഫീസ് അടക്കം 19 ലക്ഷം രൂപയാണ് ഇയാള്‍ ഫാന്‍സി നമ്പറിനായി ചിലവാക്കിയത്. തിരുവനന്തപുരം ആര്.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ KL 01 CB 1 എന്ന നമ്പരിനായുള്ള ലേലം വിളിയിലായിരുന്നു റെക്കോഡ് തുകയ്ക്ക് ബാലഗോപാല്‍ നമ്പര്‍ സ്വന്തമാക്കിയത്. ലേലം വിളി ലക്ഷങ്ങളിലേക്ക് കടന്നപ്പോള്‍ മൂന്നു പേരാണ് വാശിയോട് നിന്നത്.
ആദ്യഘട്ടത്തില്‍ ലേലം വിളിയില്‍ ബാലഗോപാലിനെ പരിഗണിക്കാന്‍ തയ്യാറാകാത്ത അധികൃതര്‍ രണ്ടാം ഘട്ടത്തിലാണ് ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. ലേലത്തില്‍ പങ്കെടുത്ത ഒരാള്‍ 12 ലക്ഷം വിളിച്ചപ്പോള്‍ അതിനു മുകളില്‍ 18 ലക്ഷം രൂപ വിളിച്ചാണ് ബാലഗോപാല്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്.
മുമ്പ് 17.15 ലക്ഷം രൂപ മുടക്കി കെഎല്‍ 08 ബിഎല്‍ 1 എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയ ഖത്തര്‍ വ്യവസായിയുടെ റെക്കോഡാണ് ബാലഗോപാല്‍ തകര്‍ത്തത്. തിരുവനന്തപുരം ആര്.ടി. ഓഫീസിന് ലേലം വിളി വകയില്‍ 24 ഫാന്‍സി നമ്പറുകളില്‍ നിന്നായി 28 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്.
This post was last modified on March 21, 2017 4:58 pm