X

1989 ജനുവരി 2: സഫ്ദര്‍ ഹാഷ്മി കൊല്ലപ്പെട്ടു

സിഐടിയു നയിച്ച തൊഴിലാളി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഷാഹിബാബാദിലെ ജനദപ്പൂരില്‍ ഹല്ല ബോല്‍ എന്ന തെരുവ് നാടകം അവതരിപ്പിക്കുന്നതിന് ഇടയിലായിരുന്നു ഗുണ്ടാ ആക്രമണം.

1989 ജനുവരി രണ്ട്: ഭരണവര്‍ഗ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരു സാമൂഹ്യവിരുദ്ധ സംഘത്തിന്‌റെ ആക്രമണത്തില്‍ പ്രമുഖ ഇടതുപക്ഷ നാടകപ്രവര്‍ത്തകനും സിപിഎം അംഗവുമായിരുന്ന സഫ്ദര്‍ ഹാഷ്മി കൊല്ലപ്പെട്ടു. ജനുവരി ഒന്നിന് ജന നാട്യമഞ്ച് (ജനകീയ നാടക വേദി-ജനം എന്ന് ചുരുക്കപ്പേര്) പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടെന്ന്‍ ആരോപിക്കപ്പെടുന്ന ഗുണ്ടാസംഘം ആക്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ, ജനനാട്യ മഞ്ച് കണ്‍വീനര്‍ സഫ്ദര്‍ ഹാഷ്മി ന്യൂഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. സിഐടിയു നയിച്ച തൊഴിലാളി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഷാഹിബാബാദിലെ ജനദപ്പൂരില്‍ ഹല്ല ബോല്‍ എന്ന തെരുവ് നാടകം അവതരിപ്പിക്കുന്നതിന് ഇടയിലായിരുന്നു ഗുണ്ടാ ആക്രമണം. ഈ ക്രൂര കൃത്യത്തിനെതിരെ തൊഴിലാളികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, ബുദ്ധിജീവികള്‍ തുടങ്ങി സമൂഹത്തിന്‌റെ വിവിധ തുറകളില്‍പ്പെട്ടവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

1989 ജനുവരി ഒന്നിന്, ജനതാപ്പൂരില്‍ തൊഴിലാളി കോളനിയില്‍ ‘ഹല്ല ബോല്‍’ കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹാഷ്മി. ഗാസിയാബാദ് നഗര ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സിപിഎം പ്രാദേശിക സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അദ്ദേഹം നാടകത്തിലൂടെ പ്രചാരണം നടത്തിയിരുന്നു. നാടകം തുടങ്ങി നിമിഷങ്ങള്‍ക്കകം, ഗുണ്ടാസംഘം ഹാഷ്മിയെയും സംഘത്തേയും വടിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. പിറ്റെ ദിവസം ഹാഷ്മി മരിച്ചു. അദ്ദേഹത്തിന് അന്ന് 34 വയസായിരുന്നു.

ഡല്‍ഹിയില്‍, ഹനീഷ് ഹാഷ്മിയുടെയും ക്വമര്‍ ആസാദിന്റെയും മകനായി 1954 ഏപ്രില്‍ 12നാണ് സഫ്ദര്‍ ഹാഷ്മി ജനിച്ചത്. ബാല്യകാലം അലിഗഢില്‍ ചിലവിട്ട ഹാഷ്മി, ഡല്‍ഹിയിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും അദ്ദേഹം ഇംഗ്ലീഷില്‍ എംഎ നേടി. ഗഡുവാള്‍, കാശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ കുറച്ചു കാലം അദ്ധ്യാപകനായി ജോലി ചെയ്ത ശേഷം അദ്ദേഹം പിടിഐയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രസ് ഇന്‍ഫോര്‍മേഷന്‍ ഓഫീസറായി ചേരുകയും ചെയ്തു. 1984ല്‍, മുഴുവന്‍ സമയ സാംസ്‌കാരിക – രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നതിന് വേണ്ടി അദ്ദേഹം ജോലി രാജിവെച്ചു.

ഡല്‍ഹിയില്‍ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷനുമായി (ഇപ്ട) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇപ്ടയുമായി ചേര്‍ന്ന് നിരവധി നാടകങ്ങളില്‍ അദ്ദേഹം പങ്കാളിയായി. ജീവിതകാലം മുഴുവന്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അദ്ദേഹം സ്ഥാപിത അംഗമായ ജനത്തിന് ഇപ്ടയിലാണ് വേരുകളുള്ളത്. രാഷ്ട്രീയ നാടകങ്ങളുടെ പ്രത്യേകിച്ചും തെരുവ് നാടകങ്ങളുടെ ഉജ്ജ്വലനായ സൈദ്ധാന്തികനും പ്രവര്‍ത്തികനുമായിരുന്നു സഫ്ദര്‍. ബഹുമുഖ കഴിവുകള്‍ക്ക് ഉടമയായിരുന്ന അദ്ദേഹം നാടകരചയിതാവായും ഗാനരചയിതാവായും നാടക സംവിധായകനായും രൂപകല്‍പകനായും സംഘാടകനായും തിളങ്ങി.

തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണം അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നേരിടുന്ന വേളയില്‍ അദ്ദേഹം ‘കുര്‍സി, കുര്‍സി, കുര്‍സി’ എന്ന ഒരു തെരുവ് നാടകം സംവിധാനം ചെയ്തിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് ജനത്തിന് പ്രവര്‍ത്തനങ്ങള്‍ മരിവിപ്പേക്കേണ്ടി വരികയും ഹാഷ്മി കുറച്ചുകാലം ഒരു അദ്ധ്യാപകനായി വിവിധ സര്‍വകലാശാലകളില്‍ പഠിപ്പിക്കുകയും ചെയ്തു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ജനവുമായി ചേര്‍ന്ന് ‘മെഷീന്‍,’ ‘ഗോവോം സെ ഷെഹര്‍ തക്,’ ‘തീന്‍ ക്രോര്‍,’ ‘ഔറത്ത്’ തുടങ്ങിയ നിരവധി തെരുവ് നാടകങ്ങളില്‍ സഹകരിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മുതല്‍ സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ വരെ നാടകങ്ങളില്‍ പ്രതിപാദ്യവിഷയങ്ങളായി. തെരുവ് നാടക പ്രസ്ഥാനത്തിനും ജനാധിപത്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്കും ഹാഷ്മി നല്‍കിയ സംഭാവനകളെ ആദരിച്ചുകൊണ്ട് കൊല്‍ക്കത്ത സര്‍വകലാശാല 1989ല്‍ അദ്ദേഹത്തിന് മരണാനന്തരമായി ഡി-ലിറ്റ് സമ്മാനിച്ചു. ഹാഷ്മിയുടെ ജീവിതകാലത്ത് നൂറ് കണക്കിന് തെരുവ് നാടകങ്ങളാണ് ജനത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. ഇന്ന്, ഇന്ത്യയിലെ തെരുവ് നാടകങ്ങളും പുരോഗമന – സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി സഫ്ദറിന്റെ പേര് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നു.

This post was last modified on January 2, 2017 9:56 am