X

തലസ്ഥാനത്ത് ആരും സ്വസ്ഥരല്ല

കെ എ ആന്റണി

ആറ്റുകാലമ്മയും മഹാദേവനും വിഷ്ണുവും അനന്തനും ശ്രീപത്മനാഭ സ്വാമിക്ഷേത്രവും ശിവഗിരിമഠവും ബീമാപള്ളിയും ശംഖുമുഖവും സായ്പ്പ് പണ്ട് ഉമയമ്മ റാണിയില്‍ നിന്നും പാട്ടത്തിന് വാങ്ങിയ അഞ്ചുതെങ്ങിലും മാത്രം ഒതുങ്ങുന്നതല്ല തിരുവനന്തപുരം ജില്ല. രാജവാഴ്ചയ്ക്കുശേഷം സംസ്ഥാന സെക്രട്ടറിയേറ്റും മന്ത്രി മന്ദിരങ്ങളും എംഎല്‍എ ഹോസ്റ്റലും പട്ടാളക്യാമ്പും തലസ്ഥാന നഗരിയെ ഞെരുക്കുന്നു. മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും അധികം ജനപ്പെരുപ്പമുള്ള ജില്ല എന്ന പ്രത്യേകത കൂടിയുണ്ട് തിരുവനന്തപുരത്തിന്.

തലസ്ഥാന നഗരി വിട്ട് നീങ്ങുമ്പോള്‍ തമിഴ്‌നാടിനേയും അറബിക്കടലിനേയും പുല്‍കി കിടക്കുന്ന പാറശാലയ്ക്കും നെയ്യാറ്റിന്‍കരയ്ക്കും ഒക്കെ മാര്‍ത്താണ്ഡവര്‍മ്മയുടേയും എട്ടുവീട്ടില്‍പിള്ളമാരുടേയും അമ്മച്ചിപ്ലാവിന്റേയും ഒക്കെ കഥകള്‍ പറയാനുണ്ട്.

ജാതി രാഷ്ട്രീയത്തിന്റെ തട്ടകം കൂടിയാണ് തിരുവനന്തപുരം ജില്ല. ഭൂരിഭാഗം വരുന്ന ഹിന്ദു വിഭാഗത്തില്‍ നായരും ഈഴവരും മാത്രമല്ല നാടാര്‍ ഹിന്ദുക്കളുമുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തിലാകട്ടെ ലത്തീന്‍, സി എസ് ഐ, സിറിയന്‍ ഓര്‍ത്തഡോക്‌സ്, ഓര്‍ത്തഡോക്‌സ് അല്ലാത്ത സിറിയന്‍ തുടങ്ങി പല വിഭാഗങ്ങളുണ്ട്. ഇവര്‍ക്ക് ഇടയിലൂടെയാണ് തങ്കു ബ്രദറിന്റേയും സംഘത്തിന്റേയും യാത്രയും. മോശമല്ലാത്ത മുസ്ലിം സാന്നിദ്ധ്യം കൂടിയുണ്ട് തിരുവനന്തപുരം ജില്ലയില്‍. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം എല്ലാ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും ഈ ജില്ലയില്‍ എത്തുമ്പോള്‍ വലിയൊരു തലവേദനയായി മാറും.

ഇത്തവണ ഇടതിനും വലതിനും എതിരെ വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ച് സംഘപരിവാര്‍-എന്‍ഡിഎ സഖ്യം അഥവാ കരുത്തുറ്റ മൂന്നാംമുന്നണിയെന്ന മുദ്രാവാക്യവുമായി കളം നിറയുന്നതും തലസ്ഥാന നഗരി നിറയുന്ന തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ്.

ബിജെപിയുടെ അറിയപ്പെടുന്ന എല്ലാ നേതാക്കളും മത്സരിക്കാനായി തെരഞ്ഞെടുത്തിട്ടുള്ള കേരളത്തിലെ ഏക ജില്ല എന്ന ഖ്യാതി കൂടിയുണ്ട് തിരുവനന്തപുരത്തിന്. വടക്ക് മഞ്ചേശ്വരം കഴിഞ്ഞാല്‍ താമര പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്ന ജില്ലയായി മാറിയിരിക്കുന്ന തിരുവനന്തപുരം. തിരുവനന്തപുരത്തിന് അങ്കത്തിന് ഇറങ്ങുന്ന ബിജെപി നേതാക്കള്‍ അത്രയും വരത്തന്‍മാരാണ് എന്നതാണ് ഏറെ തമാശ. പാലക്കാട് വിട്ട് ഏറെക്കാലമായി തിരുവനന്തപുരത്ത് കുറ്റിയടിച്ച ഒ രാജഗോപാല്‍ മാത്രമാണ് ഏക അപവാദം.

രാജഗോപാല്‍ കഴിഞ്ഞ തവണ മത്സരിച്ച നേമത്തു നിന്നു തന്നെ ജനവിധി തേടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കോട്ടയംകാരനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍ തലശേരിക്കാരനും ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരന്റെ നോട്ടം കഴക്കൂട്ടത്തേക്കാണ്. മുരളിക്കും മുമ്പേ ബിജെപി അധ്യക്ഷനായിരുന്ന വടക്കേ മലബാറുകാരന്‍ വികെ കൃഷ്ണദാസോ മഞ്ചേശ്വരത്ത് ഒരു താമര സ്വപ്‌നം കണ്ട് അവിടെ സ്ഥിര മേല്‍വിലാസം തരപ്പെടുത്തിയ കെ സുരേന്ദ്രനോ കാട്ടാക്കടയില്‍ നിന്നും ജനവിധി തേടുമെന്നാണ് സംഘപരിവാര്‍ ഉപശാലകളില്‍ നിന്നും ലഭിക്കുന്ന വിവരം.

ഉറങ്ങിക്കിടന്നവരെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഇന്നിനി കഞ്ഞിയില്ലെന്ന് പറഞ്ഞതിലുള്ള പരിഭവം പിപി മുകുന്ദനും കെ രാമന്‍പിള്ളയ്ക്കും തെല്ലെന്നുമല്ല ഉള്ളത്. രാമപിള്ള ഇനിയും വായ തുറന്നിട്ടില്ല. പിപി മുകുന്ദന്‍ തിരുവനന്തപുരത്ത് വിമത വേഷം കെട്ടുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇനിയിപ്പോള്‍ വിമതന്‍ ആയില്ലെങ്കിലും തിരുവനന്തപുരത്ത് ഏറെക്കാലത്തെ പ്രവര്‍ത്തന പരിചയവും വ്യക്തിബന്ധങ്ങളുമുള്ള ഈ വടക്കേ മലബാറുകാരന്‍ മണത്തണ മേനോന്‍ ബിജെപിയുടെ തിരുവനന്തപുരത്തെ താമര സ്വപ്‌നങ്ങളുടെ കൂമ്പു വാട്ടാന്‍ ഇടയുണ്ട്.

അമിത പ്രതീക്ഷയുമായി സംഘപരിവാറുമായി ബാന്ധവം ഉറപ്പിച്ച വെള്ളാപ്പള്ളി നടേശനും സംഘത്തിനും കേരളത്തില്‍ കിട്ടുന്ന പരിഗണന തീര്‍ത്തും നിരാശവഹമാണ്. കേരളത്തിലെ ബിജെപിയും ആര്‍ എസ് എസും ചേര്‍ന്ന് എടുക്കുന്ന വല്ല്യേട്ടന്‍ തീരുമാനങ്ങള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട അവസ്ഥയിലാണ് ബിഡിജെഎസ്. ചോദിച്ച സീറ്റുകള്‍ മുഴുവന്‍ നല്‍കാനാകില്ലെന്നും തങ്ങള്‍ നല്‍കുന്നത് വാങ്ങിയാല്‍ മതിയെന്നുമുള്ള നിലപാടിനോട് വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുന്ന ഈഴവ വിഭാഗം എങ്ങനെ പ്രതികരിക്കുമെന്നത് മേയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പോടു കൂടി വ്യക്തമാകും. സീറ്റ് ചര്‍ച്ചകള്‍ സംബന്ധിച്ച അന്തിമ ധാരണ കോഴിക്കോട് നടക്കുന്ന ചര്‍ച്ചയില്‍ പൂര്‍ത്തിയാകാന്‍ ഇരിക്കുമ്പോഴും കിട്ടുന്ന വിവരം അനുസരിച്ച് നെയ്യാറ്റിന്‍കരയില്‍ ബിഡിജെഎസ് മത്സരിക്കുമെന്നുവേണം കരുതാന്‍.

ബിജെപി വിട്ട് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിലേക്ക് എത്തുമ്പോള്‍ അരുവിക്കരയുടെ കാര്യത്തില്‍ മാത്രമാണ് നിലവില്‍ കൃത്യതയുള്ളത്. മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും സിറ്റിങ് എംഎല്‍എയുമായ ശബരീനാഥ് തന്നെയാകും അവിടെ നിന്നും മത്സരിക്കുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കരുണാകര പുത്രന്‍ കെ മുരളീധരന്‍ വിജയിച്ച വട്ടിയൂര്‍ക്കാവില്‍ നിന്നും അദ്ദേഹത്തെ മാറ്റാനും കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടന്നുവെങ്കിലും പാറപോലെ ഉറച്ചു നിന്ന മുരളിയെ തന്നെ അവിടെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയേക്കും.

മന്ത്രി വി ശിവകുമാര്‍ വട്ടിയൂര്‍ക്കാവിലേക്കായി നേര്‍ന്ന പായസം റദ്ദാക്കിയെന്നാണ് കേള്‍ക്കുന്നത്. അപ്പോള്‍ പിന്നെ തിരുവനന്തപുരം മണ്ഡലം തന്നെ ശരണം.

ഒരുപാട് ചരടു വലികള്‍ക്ക് ഒടുവില്‍ നെയ്യാറ്റിന്‍കര സ്വപ്‌നം കണ്ട തമ്പാനൂര്‍ രവി വീട്ടിലും ഓഫീസിലും ഒക്കെയായി ഇരിക്കേണ്ട ഗതിയിലാണ്. സോളാര്‍ സരിതയ്ക്ക് ടെലഫോണിലൂടെ ട്യൂഷന്‍ നല്‍കിയ രവിക്ക് ഇക്കുറി സീറ്റുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. സിപിഐഎം വിട്ട് കോണ്‍ഗ്രസിനെ പുല്‍കിയ ആര്‍ ശെല്‍വരാജ് തന്നെയാകും നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

വര്‍ക്കല കഹാര്‍ വര്‍ക്കലയില്‍ തന്നെ എന്ന് കേള്‍ക്കുമ്പോള്‍ ജില്ലയില്‍ പരിഗണിക്കപ്പെട്ട ഏക വനിതാ സ്ഥാനാര്‍ത്ഥിയായ രമണി പി നായരെ എവിടെ മത്സരിപ്പിക്കും എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ രമണിയെ പരിഗണിച്ചിരുന്നത് കഴക്കൂട്ടത്തേക്കാണ്. ഈ സീറ്റ് ഈഴവര്‍ക്ക് നല്‍കണമെന്ന വാദം പ്രബലമാകയാല്‍ ശരത്ചന്ദ്ര പ്രസാദ് അവിടേക്ക് ഒരു കുപ്പായം തുന്നിയിട്ടുണ്ട്. എകെ ആന്റണിയെ ഒരിക്കല്‍ തുണച്ച കഴക്കൂട്ടം അടുത്ത അനുയായിയായ തനിക്ക് തന്നെ വേണമെന്ന വാദവുമായി എം എം ഹസനുമുണ്ട്.

എല്‍ഡിഎഫ് ഇപ്പോഴും ധ്യാനത്തിലാണ്. ധ്യാനവും മനനവും ഒക്കെ കഴിഞ്ഞ് എഴുന്നേറ്റാലേ അറിയൂ ആരൊക്കെ എവിടെയൊക്കെയാണെന്ന്. നേമത്തിന്റെ കാര്യത്തില്‍ വി ശിവന്‍കുട്ടിക്ക് തര്‍ക്കമൊന്നുമില്ല. താന്‍ തന്നെ അവിടെ സ്ഥാനാര്‍ത്ഥിയെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് സിറ്റിങ് എംഎല്‍എ കൂടിയായ ശിവന്‍കുട്ടി. വിഎസിന്റെ അനുഗ്രഹാശിസ്സുകളും കൂടിയുള്ളതിനാല്‍ തന്നെ അവിടെ നിന്നും മാറ്റില്ലെന്ന വിശ്വാസവും ശിവന്‍ കുട്ടിക്കുണ്ട്. കോവളം ജനതാദള്‍ എസിന് തന്നെ നല്‍കുമ്പോള്‍ ജമീല പ്രകാശം തന്നെയാകും അവിടെ സ്ഥാനാര്‍ത്ഥി. എല്ലാ ജില്ലകളിലും വനിതകള്‍ക്ക് ചുരുങ്ങിയത് ഒരു സീറ്റ് വീതം എങ്കിലും നല്‍കണമെന്ന വൃന്ദാ കാരാട്ടിന്റെ വാദം പാര്‍ട്ടി അംഗീകരിക്കുന്ന പക്ഷം തിരുവനന്തപുരം ജില്ലയില്‍ ടി എന്‍ സീമയ്‌ക്കോ മുന്‍ മേയര്‍ ചന്ദ്രികയ്‌ക്കോ നറുക്കു വീണേക്കാം. ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പം കേരള കോണ്‍ഗ്രസ് എം വിട്ട് പുറത്തു വന്ന ആന്റണി രാജുവിനെ എവിടെ നിര്‍ത്തുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫാണ്. പേയ്‌മെന്റ് സീറ്റ് വിവാദത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായ സിപഐയിലും സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on March 10, 2016 1:47 pm