X

ജെഇഇ പരീക്ഷയില്‍ 360ല്‍ 360 മാര്‍ക്ക്; ചരിത്ര വിജയവുമായി ദളിത് വിദ്യാര്‍ത്ഥി

ഉദയ്പൂരില്‍ നിന്നുള്ള മെയില്‍ നേഴ്സിന്റെയും സ്‌കൂള്‍ അധ്യാപികയുടെയും പുത്രനാണ് കല്‍പിത് വീര്‍വല്‍

ദളിത് വിദ്യാര്‍ത്ഥികള്‍ തങ്ങളെക്കാള്‍ കഴിവ് കുറഞ്ഞവരാണെന്നും സംവരണത്തെ മാത്രം ആശ്രയിച്ചാണ് അവര്‍ ഉന്നതപഠനത്തിന് എത്തുന്നതെന്നും ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ മേല്‍ജാതി വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും പൊതുധാരണയാണ്. ഇതിന്റെ പേരില്‍ രാജ്യത്തെ ഉന്നതപഠന കേന്ദ്രങ്ങളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനങ്ങള്‍ അപൂര്‍വമായെങ്കിലും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുമുണ്ട്. എന്നാല്‍, മേല്‍ജാതിക്കാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളുടെ ചെറിയ ഒരംശം ലഭിച്ചാല്‍ അവരെക്കാള്‍ ഉയര്‍ന്ന അക്കാദമിക നിലവാരം പുലര്‍ത്താന്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും എന്ന് തെളിയിക്കുകയാണ് രാജസ്ഥാനില്‍ നിന്നുള്ള ഈ മിടുക്കന്‍. ജെഇഇ പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായി മുഴുവന്‍ മാര്‍ക്കും നേടി വിജയം കൈവരിച്ചുകൊണ്ടാണ് കല്‍പിത് വീര്‍വല്‍ സവര്‍ണ തീട്ടൂരങ്ങള്‍ക്ക് ശക്തമായ പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത്.

ജെഇഇ പരീക്ഷയില്‍ 360ല്‍ 360 മാര്‍ക്കും നേടിയാണ് കല്‍പിത് തന്റെ ചരിത്ര നേട്ടം കുറിച്ചത്. ഉദയ്പൂരില്‍ നിന്നുള്ള മെയില്‍ നേഴ്സിന്റെയും സ്‌കൂള്‍ അ്ദ്ധ്യാപികയുടെയും പുത്രനാണ് ദളിതനായ കല്‍പിത്. കോട്ടയിലെ കുപ്രസിദ്ധമായ കോച്ചിംഗ് സെന്ററുകളുടെ പരിശീലനമൊന്നും ഈ നേട്ടം കൊയ്യാന്‍ കല്‍പിതിന് ആവശ്യമുണ്ടായിരുന്നില്ല. ഒരു വര്‍ഷം മുമ്പ് മാത്രമാണ് കല്‍പിത് ജെഇഇ പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ അദ്ധ്യക്ഷന്‍ ആര്‍കെ ചതുര്‍വേദി നേരിട്ട് വിളിച്ച് വിജയവാര്‍ത്ത അറിയിക്കുകയായിരുന്നു.

ജെഇഇ പരീക്ഷയില്‍ പെര്‍ഫക്ട് സ്‌കോര്‍ നേടുന്ന ആദ്യത്തെ ആളാണ് കല്‍പിത് എന്നും രാജസ്ഥാന്‍ അദ്ദേഹത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നു എന്നും മുഖ്യമന്ത്രി വസുന്ധര രാജ ഔദ്യോഗിക ട്വീറ്റില്‍ കുറിച്ചു. എസ്‌സി വിഭാഗത്തിലാണ് കല്‍പിത് അപേക്ഷിച്ചതെങ്കിലും അദ്ദേഹത്തെ കടത്തിവെട്ടാന്‍ മറ്റുള്ളവര്‍ക്കൊന്നും സാധിച്ചില്ല. എന്നാല്‍ പുത്രന്റെ നേട്ടത്തില്‍ അച്ഛന്‍ പുഷ്‌പേന്ദ്ര വീര്‍വലിനോ അമ്മ പുഷ്പയ്‌ക്കോ വലിയ അത്ഭുതമൊന്നുമില്ല. 2013ലെ ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡില്‍ ഒന്നാമതെത്തിയ കല്‍പിത് എന്‍ടിഎസ് പരീക്ഷയിലും ഉന്നത വിജയം നേടിയിരുന്നു. ഇനി ഇന്ത്യയിലെ ഏത് ഉന്നത പഠന കേന്ദ്രത്തിലും കല്‍പിതിന് പഠിക്കാം.

രാവിലെ ആറ് മണിക്കുണരുന്ന കല്‍പിത് വൈകിട്ട് അഞ്ചു മണിക്ക് വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് പഠിക്കാനിരിക്കുന്നത്. ദിവസം 17 മണിക്കൂര്‍ വരെ പരിശീലനത്തിനായി ചിലവിടുന്നു. ഇതിനിടയില്‍ ക്രിക്കറ്റും ബാഡ്മിന്റണും കളിക്കാന്‍ പോകും. എട്ടാം ക്ലാസ് മുതല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് പോകുന്നുണ്ടെങ്കിലും 12-ാം ക്ലാസില്‍ എത്തിയതിന് ശേഷമാണ് ജെഇഇയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. എന്നാല്‍ കോട്ടയിലെ പരിശീലനകേന്ദ്രങ്ങളില്‍ നിന്നും ബോധപൂര്‍വം മാറി നില്‍ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. കോട്ടയിലെ സ്ഥാപനങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദം താങ്ങാനാവില്ലെന്നാണ് കല്‍പിതിന്റെ പക്ഷം.

ഉദയ്പൂരിലെ എംഡിഎസ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കല്‍പിത് ഇപ്പോള്‍ 12-ാം ക്ലാസ് പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്. ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യുന്നു.

This post was last modified on April 29, 2017 4:00 pm