X

ഈജിപ്തുകാരിയുടെ ഭാരം കുറച്ചെന്ന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ കള്ളം പറയുകയാണെന്ന് ആരോപണം

അഞ്ഞൂറ് കിലോ ഭാരവുമായി ഇന്ത്യയില്‍ ചികിത്സയ്‌ക്കെത്തിയ ഈജിപ്ഷ്യന്‍ യുവതിയുടെ ഭാരം പകുതി കുറഞ്ഞതായി ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടിരുന്നു

ഈജിപ്തില്‍ നിന്നും 500 കിലോ തടികുറയ്ക്കാന്‍ ഇന്ത്യയിലെത്തി ചികിത്സ തേടുന്ന എമന്‍ അബ്ദ് എല്‍ അറ്റിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ശസ്ത്രക്രിയയിലൂടെ ഭാരം കുറഞ്ഞെന്ന് ഡോക്ടര്‍മാര്‍ കള്ളം പറയുകയാണെന്നാണ് എമന്റെ സഹോദരി ആരോപിക്കുന്നത്.

മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ എമന് 250 കിലോ തൂക്കം കുറഞ്ഞ് നേരെ പകുതി തൂക്കമായെന്നാണ് ഡോക്ടര്‍മാര്‍ കഴിഞ്ഞയാഴ്ച അറിയിച്ചത്. ലോകത്തിലെ ഏറ്റവും തൂക്കമുണ്ടെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് എമന്‍. അതേസമയം തന്റെ സഹോദരിയുടെ ശരീരഭാരം കുറഞ്ഞിട്ടില്ലെന്നും ഹൃദയാഘാതം മൂലം ആരോഗ്യാവസ്ഥ ഗുരുതരമായിരിക്കുകായണെന്നുമാണ് എമന്റെ സഹോദരി ഷൈമ സെലിം പറയുന്നത്. ആരോപണം ഉന്നയിക്കുന്നതിനൊപ്പം ഇവര്‍ സഹോദരിയുടെ ഒരു ഹൃസ്വ വീഡിയോയും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. എമന് ഇപ്പോഴും സംസാരിക്കാനോ ചലിക്കാനോ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

കൂടാതെ ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നതുപോലെ ശരീരഭാരത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. കൂടാതെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. മുഫാസല്‍ ലക്ദാവാല ശസ്ത്രക്രിയയ്ക്ക് മുമ്പോ അതിന് ശേഷമോ തന്റെ സഹോദരിയുടെ ശരീര ഭാരം പരിശോധിച്ചിട്ടില്ലെന്നും ഷൈമ വെളിപ്പെടുത്തി.

തന്റെ സഹോദരിയുടെ ശരീരത്തില്‍ ഓക്‌സിജന്‍ പ്രവഹിക്കുന്നത് സാധാരണ ഗതിയിലല്ല. എല്ലായ്‌പ്പോഴും ഓക്ലിജന്‍ മാസ്‌കിന്റെ സഹായത്തോടെയേ ശ്വസിക്കാന്‍ സാധിക്കുന്നുള്ളൂ. വായിലൂടെ ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതിനാല്‍ മൂക്കിലൂടെ ട്യൂബിട്ട് ഭക്ഷണം വയറ്റിലെത്തിക്കുന്നത്. അതേസമയം എമന്റെ ശരീരഭാരം കഴിഞ്ഞയാഴ്ചത്തേതിലും കുറഞ്ഞ് 172 കിലോയായെന്നാണ് ആശുപത്രി അധികൃതര്‍ ബിബിസിയോട് വ്യക്തമാക്കിയത്. ഡോ. ലക്ദാവാലയും ആരോപണങ്ങള്‍ തന്റെ ട്വീറ്റിലൂടെ നിഷേധിച്ചു.