X

ആധാര്‍ വിജയിക്കുമോ?

ടീം അഴിമുഖം/എഡിറ്റോറിയല്‍

തങ്ങളുടെ പൌരന്‍മാര്‍ക്ക്, അല്ലെങ്കില്‍ രാജ്യാതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നവര്‍ക്ക്  തനതായ തിരിച്ചറിയല്‍ രേഖ ഉണ്ടാക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യക്ക് നീണ്ട ചരിത്രമുണ്ട്. ഇവിടുത്തെ എല്ലാ താമസക്കാരും ഇന്ത്യന്‍ പൌരന്‍മാരല്ല. ലക്ഷക്കണക്കിനു ബംഗ്ലാദേശി കുടിയേറ്റക്കാര്‍ താമസിക്കുന്ന വടക്കുകിഴക്കന്‍ ഇന്ത്യയില്‍ അതൊരു പൊള്ളുന്ന രാഷ്ട്രീയപ്രശ്നവുമാണ്.

ഒരു പതിറ്റാണ്ടു മുമ്പ് വിവിധോദ്ദേശ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ തുടങ്ങിയിരുന്നു. പിന്നെ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ വന്നു. സെന്‍സസ് കണക്കുകള്‍ വേറെയും. ഇതുകൂടാതെ പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി തിരിച്ചറിയല്‍ രേഖകള്‍. പക്ഷേ ഇതൊന്നും രാജ്യത്തെ പൌരന്മാരുടെ അല്ലെങ്കില്‍ രാജ്യത്തിനുള്ളില്‍ താമസിക്കുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രാപ്തമായിരുന്നില്ല.

ഇന്ത്യയുടെ അതിര്‍ത്തികള്‍ക്കുളില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്ന ഒരു തിരിച്ചറിയല്‍ രേഖ നല്‍കാനുള്ള ഏറ്റവും പുതിയ ശ്രമമാണ് ബുധനാഴ്ച്ച പാര്‍ലമെന്റില്‍ അംഗീകരിച്ച ആധാര്‍ ബില്‍. എന്നിരുന്നാലും, അതിലെ അവ്യക്തതകളും പ്രായോഗിക കാരണങ്ങളും മൂലം ആധാര്‍ നിലവിലെ രൂപത്തില്‍ വിജയിക്കാന്‍ സാധ്യതയില്ല.

ലോകസഭയിലെ വലിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍, രാജ്യസഭ നിര്‍ദ്ദേശിച്ച എല്ലാ ഭേദഗതികളും തള്ളിക്കളഞ്ഞാണ് ധന ബില്ലായി ഈ ബില്ലിനെ സര്‍ക്കാര്‍ അംഗീകരിപ്പിച്ചെടുത്തത്.

എന്തായിരുന്നു ആ ഭേദഗതികള്‍?
ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ക്കായി ജനസംഖ്യാപരവും വ്യക്തികളെ സംബന്ധിച്ചുള്ളതുമായ (biometric) വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് തടയാന്‍ ആവശ്യപ്പെടുന്നതാണ് ഒരു ഭേദഗതി. ദേശീയ സുരക്ഷ എന്നത് പൊതു അടിയന്തരാവസ്ഥ അല്ലെങ്കില്‍ പൊതു സുരക്ഷയുടെ താത്പര്യം എന്നാക്കി മാറ്റണമെന്ന്‍ ഭേദഗതി ആവശ്യപ്പെട്ടു.

ആധാര്‍ നമ്പര്‍ ലഭിച്ച ആളുകള്‍ക്ക് അതില്‍നിന്നും പുറത്തുപോകാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു മറ്റൊരു ഭേദഗതി. അതായത് അങ്ങനെ ആഗ്രഹിക്കുന്നവരുടെ എല്ലാ വിവരങ്ങളും രേഖകളും ദേശീയ തിരിച്ചറിയല്‍ രേഖ ശേഖരത്തില്‍ നിന്നു നീക്കം ചെയ്യും. ഇത് സംബന്ധിച്ച സാക്ഷ്യപത്രം 15 ദിവസത്തിനകം നല്കും.

ആധാര്‍ നമ്പര്‍ ആവശ്യപ്പെടാത്തവര്‍ക്ക് സേവനങ്ങള്‍, സബ്സിഡി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്നതിനായി ബദല്‍ തിരിച്ചറിയല്‍ മാര്‍ഗം നല്‍കും എന്നായിരുന്നു മൂന്നാം ഭേദഗതി.

മേല്‍നോട്ട സമിതിയില്‍ വിജിലന്‍സ് കമ്മീഷണര്‍ അല്ലെങ്കില്‍ CAG എന്നിവരെ ഉള്‍പ്പെടുത്തണം എന്നു നാലാം ഭേദഗതിയില്‍ ആവശ്യപ്പെടുന്നു. ബില്ലില്‍ പറഞ്ഞിരിക്കുന്ന ആവശ്യങ്ങള്‍ക്ക് പുറമെ ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന വകുപ്പ് നീക്കം ചെയ്യാനുള്ളതായിരുന്നു അഞ്ചാം ഭേദഗതി.

ആധാര്‍ (സാമ്പത്തികവും മറ്റുള്ളതുമായ ഇളവുകള്‍, ആനുകൂല്യങ്ങള്‍ സേവനങ്ങള്‍ എന്നിവ ലക്ഷ്യം വെച്ചുള്ള നല്‍കല്‍) ബില്‍ 2016, മെച്ചപ്പെട്ട ഭരണനിര്‍വഹണം, കാര്യക്ഷമത, സുതാര്യത, സാമ്പത്തികവും മറ്റുള്ളതുമായ ഇളവുകള്‍, ആനുകൂല്യങ്ങള്‍ സേവനങ്ങള്‍ എന്നിവയുടെ ലക്ഷ്യംവെച്ചുള്ള നല്‍കല്‍ എന്നിവയ്ക്ക് വഴിയൊരുക്കും എന്നു സര്‍ക്കാര്‍ വാദിക്കുന്നു. അധികൃതരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് വ്യക്തികളുടെ നിര്‍ണായകമായ സ്വകാര്യവിവരങ്ങള്‍ വെളിപ്പെടുത്തുന്നതും  കൈവശപ്പെടുത്തുന്നതും തടയാനുള്ള വകുപ്പുകള്‍ ഉണ്ടാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു, “ഉപരിസഭയുടെ ശവപ്പെട്ടിയില്‍ നമ്മള്‍ ഒരാണി അടിക്കുകയാണ്. അര്‍ജുനനെ ഫലം നോക്കാതെ കര്‍മ്മം ചെയ്യണം എന്ന് ഉപദേശിച്ച സമയത്ത് ഭഗവാന്‍ കൃഷ്ണന്റെ മനസില്‍ രാജ്യസഭയിലെ പ്രതിപക്ഷാംഗങ്ങളായിരിക്കും എന്നെനിക്കുറപ്പാണ്”.

ബില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും സഭയുടെ നിയമ നിര്‍മാണ അധികാരത്തിന് പുറത്താണെന്നും പറഞ്ഞ സി പി എമ്മിലെ സീതാറാം യെച്ചൂരി “ഈ സഭയ്ക്ക് ഈ ബില്‍ നിയമമാക്കാനുള്ള അധികാരത്തെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്” എന്നും പറഞ്ഞു.

“അധികാരം വിഭജിച്ചിട്ടുള്ള ഒരു ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വാദമാണിത്. കോടതിക്ക് നിയമപരമായ അവലോകനത്തിന് മാത്രമാണു അധികാരം.” എന്ന് സഭാ നേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി, യെച്ചൂരിയുടെ വാദത്തിന് മറുപടി നല്കി

“പ്രധാന ഉദ്ദേശം ഇന്ത്യയുടെ സംയോജിത നിധിയില്‍ നിന്നും പണം ചെലവാക്കുന്നതും അങ്ങനെ പണം ചെലവാക്കുന്നതിലൂടെ ഒരു സംവിധാനം ഉണ്ടാക്കുകയുമാണെങ്കില്‍ അതൊരു ധന ബില്ലാണ്,” എന്നും ജെയ്റ്റ്ലി വാദിച്ചു.

ലക്ഷ്യം വെക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഒരു പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്കി സേവനങ്ങള്‍ അവര്‍ക്ക് ലഭ്യമാകുന്നു എന്നുറപ്പു വരുത്തലാണ് ആധാര്‍ ബില്ലിന്റെ ഉദ്ദേശം.

ജെയ്റ്റ്ലി ഈയിടെ ലോകസഭയില്‍ പറഞ്ഞു: “കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആയിരക്കണക്കിന് കോടി രൂപ പാഴാകാതെ സൂക്ഷിക്കാനാകും എന്നാണ് ഈ ബില്ലിന്റെ ഗുണം. അനര്‍ഹര്‍ക്ക് പോകാതെ ആയിരക്കണക്കിന് കോടി രൂപ പാവപ്പെട്ടവരിലേക്കെത്തിക്കാനുമാകും.”

യു പി എ സര്‍ക്കാര്‍ സെപ്റ്റംബര്‍ 2013-നു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു എന്ന്‍ അദ്ദേഹം കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു. 97% പ്രായപൂര്‍ത്തിയായവര്‍ക്കും 67% പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതിദിനം ഏതാണ്ട് 7 ലക്ഷം പേരാണ് ഇതില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നത്.

എങ്കിലും ആധാര്‍ സംബന്ധിച്ചു നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്:

ഇത് പൌരത്വ രേഖയല്ലെങ്കിലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കുള്ള വ്യക്തിഗത തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന ആധാര്‍ ഒടുവില്‍ പൌരത്വത്തിലേക്ക് എത്തിക്കില്ലേ?

ഒരേ വീട്ടിലെ രണ്ടുപേര്‍ രണ്ടു വ്യത്യസ്ത ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരേ സാമ്പത്തിക ഇളവുകള്‍ നേടിയെടുക്കില്ലേ?

തന്റെ വ്യക്തിപരമായ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ഒരു പൌരന്റെ തുടരവകാശങ്ങള്‍ എന്തായിരിക്കും?

 

This post was last modified on September 26, 2018 11:24 am