X

അനുഭവങ്ങള്‍ ആഘാതമാകുമ്പോള്‍

ഈ ആഴ്ചയിലെ പുസ്തകം
ആഞ്ഞുകൊത്തുന്ന അനുഭവങ്ങള്‍ 
(ലേഖനങ്ങള്‍)
കമല്‍റാം സജീവ്
ഒലീവ്
വില: 125 രൂപ

‘ഒരുപാട് മാന്ത്രികശക്തിയുള്ള വിഷയങ്ങളാണ് കാത്തിരിപ്പും വേര്‍പിരിയലും മരണവും. മനുഷ്യന്റെ മനശ്ശാന്തിക്കെതിരെ ബാഹ്യലോകം തിരിച്ചുവിടുന്ന യാതനകളാണിവ. ആഞ്ഞുകൊത്തുന്ന ഈ അനുഭവങ്ങള്‍ എഴുത്തുകാരനെ മാത്രം വലയം ചെയ്ത് പീഡിപ്പിക്കുന്ന പ്രശ്‌നങ്ങളല്ല. മനുഷ്യരാശിക്ക് പൊതുവായിട്ടുള്ള പ്രശ്‌നങ്ങളാണ്. എന്നാല്‍ എഴുത്തുകാരന്റെ സര്‍ഗ്ഗാത്മക മനസിന് ഇതൊക്കെ അസാധാരണ സാഹചര്യങ്ങളാണ്. അയാളുടെ സിരകളിലേക്ക് കയറിച്ചെല്ലുന്ന ആ അനുഭവങ്ങള്‍ പിന്നീട് സൃഷ്ടി എന്ന പ്രക്ഷുബ്ദ വസന്തമായി അവതരിക്കുന്നു.’

കമല്‍റാം സജീവിന്റെ ‘ ആഞ്ഞുകൊത്തുന്ന അനുഭവങ്ങള്‍’ എന്ന പുസ്തകത്തില്‍ കെ പി അപ്പന്‍ എഴുതിയ വരികളാണിവ. ഈ പുസ്തകം വായിച്ചെടുക്കാനുള്ള ദിശാബോധവും സദാ ജാഗ്രതയും വായനക്കാരിലേക്ക് സംക്രമിപ്പിക്കാന്‍ പോന്ന പരിപ്രേക്ഷ്യമാണ് അപ്പന്‍ വചനങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് കമല്‍റാം സജീവിന്റെ ‘ ആഞ്ഞുകൊത്തുന്ന അനുഭവങ്ങള്‍’ വായനാസംസ്‌കാരത്തിന്റെ മറ്റൊരു അനുഭവസാക്ഷ്യമായി പരിണമിക്കുന്നതും.

മരണം, കാത്തിരിപ്പ്, വേര്‍പാട് എന്നിവയാണ് ഈ പുസ്തകത്തിലെ പൊതു പ്രമേയങ്ങള്‍ എന്ന് അവതാരികയില്‍ രവീന്ദ്രന്‍ (ചിന്ത രവി) സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ പുസ്തകം വായിച്ചു തീരുമ്പോള്‍ മറ്റൊന്നുകൂടി മനസ്സിലേക്ക് കടന്നുവരുന്നു. പുസ്തകത്തിലെ ലേഖനങ്ങളിലുടനീളം അന്തര്‍ദ്ധാരയായി വര്‍ത്തിക്കുന്ന ദുരന്തദര്‍ശനമാണത്. ഒരു തരത്തില്‍ ഈ കൃതിക്ക് പരഭാഗശോഭ നല്‍കുന്നതും ഈ ദുരന്തദര്‍ശനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അഞ്ചു ഭാഗങ്ങളായി തിരിച്ച് ഇരുപത്തിയാറ് ലേഖനങ്ങളാണ് പുസ്തകത്തില്‍. തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളിലെഴുതി അക്കാലത്ത് തന്നെ പ്രസിദ്ധീകരിച്ചവയാണ് മിക്കതും. കെ.പി.ആര്‍ ഗോപാലന്‍, പി.വി കുഞ്ഞിക്കണ്ണന്‍, പി.ആര്‍ കുറുപ്പ്, ഫാ.വടക്കന്‍, കെ.ഗോപാലന്‍ എന്നീ പഴയ രാഷ്ട്രീയ നേതാക്കളുടെയും പൊന്‍കുന്നം വര്‍ക്കി, പ്രേംജി, ബാലന്‍.കെ നായര്‍ എന്നിവരുടെയും അവസാനനാളുകളിലെ അനുഭവങ്ങളാണ് ആദ്യഭാഗത്തില്‍. ചങ്ങമ്പുഴ, മഹാകവി ജി, വി.ടി ഭട്ടതിരിപ്പാട്, പി.ടി ചാക്കോ, സി.എച്ച് മുഹമ്മദ് കോയ, സി.എച്ച് കണാരന്‍ എന്നിവരുടെ വിധവകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ചും നഷ്ടപ്പെട്ടുപോയ ദാമ്പത്യത്തെക്കുറിച്ചും ഓര്‍ത്തെടുക്കുനന്നതാണ് രണ്ടാം ഭാഗം. 


മൂന്നാം ഭാഗത്തില്‍ വൈദ്യശാസ്ത്രത്തിലും ആതുരശുശ്രൂഷയിലും അര്‍പ്പണ മനസ്‌കരായ മൂന്ന് ഭിഷഗ്വരന്മാരെ അവതരിപ്പിക്കുന്നു. ന്യൂറോ സര്‍ജന്‍ ഡോ.സാംബശിവന്‍, തൊറാസിക് സര്‍ജന്‍ ഡോ. അച്യുതന്‍ നായര്‍, അലോപ്പതിയിലും ആയുര്‍വേദത്തിലും സവ്യസാചിയായ ഡോ.സി.കെ രാമചന്ദ്രന്‍ എന്നിവരുടെ വ്യക്തിത്വത്തിലേക്കും അതിലൂടെ ഊറിവരുന്ന സ്നേഹകാരുണ്യങ്ങളുടെ തടങ്ങളിലേക്കും കമല്‍ റാം ഇറങ്ങിച്ചെല്ലുന്നു. മന്ത്രവാദ സിദ്ധിക്ക് പ്രസിദ്ധങ്ങളായ കാട്ടുമടംമന, കല്ലൂര്‍ മന, സൂര്യകാലടി മന എന്നീ മൂന്ന് നമ്പൂതിരി ഭവനങ്ങളെയും അവിടങ്ങളിലെ മന്ത്രവാദ ശൈലികളെയും കുറിച്ച് പ്രതിപാദിക്കുന്നതാണ് നാലാം ഭാഗം. ടി.വി കൊച്ചുബാവയുടെ വൃദ്ധസദനം, മാധവിക്കുട്ടിയുടെ ചില കഥകള്‍, കാനായി കുഞ്ഞിരാമന്റെ ശില്പങ്ങള്‍, കെ.ജി ജോര്‍ജ്ജിന്റെ സിനിമകളിലെ മൃത്യുസങ്കല്‍പ്പം എന്നിവയെ മുന്‍നിര്‍ത്തിയുള്ള രചനകളാണ് അഞ്ചാം ഭാഗത്തില്‍.

 ‘ഷാര്‍പ് കട്ട്’ ചെയ്തെടുത്ത ഏതാനും ഫ്രെയിമുകകളുടെ സമാഹാരമാണ് ഈ കൃതി എന്ന് ചലച്ചിത്ര നിരൂപകനായ ഒ.പി രാജ് മോഹന്‍ ‘ആഞ്ഞുകൊത്തുന്ന അനുഭവങ്ങ’ളെ വിശേഷിപ്പിച്ചിട്ടുണ്ട്. എഴുത്തുരീതിയുടെ സഞ്ചാരപഥങ്ങള്‍ പലര്‍ക്കും പലവിധത്തിലായിരിക്കുമല്ലോ.

കമല്‍റാം  ഈ കൃതിയില്‍ സ്വീകരിച്ചിരിക്കുന്ന എഴുത്തുരീതി ഒരു വോളിബോള്‍ പ്ലേ പോലെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഭാഷയുടെ കളിക്കളത്തില്‍ വാക്കുകളാകുന്ന പന്തിനെ കൃത്യമായി ലിഫ്റ്റ് ചെയ്തിട്ട് ചിന്തയുടെ നെറ്റിനു മുകളിലൂടെ ശക്തമായി കട്ട് ചെയ്തു വായനക്കാരന്റെ മനസ്സില്‍ ആശയങ്ങളുടെയും അനുഭവങ്ങളുടെയും ആഘാതമേല്‍പ്പിക്കുന്ന രീതിയാണത്. ആശിഷ് ഖേതാനുമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നടത്തിയ അഭിമുഖവും അടുത്തിടെ പച്ചക്കുതിര മാസികയില്‍ മാധ്യമരംഗത്തെക്കുറിച്ചെഴുതിയ ഉജ്ജ്വല ലേഖനവും കമല്‍റാമിന്റെ വ്യത്യസ്തങ്ങളായ എഴുത്തുരീതികള്‍ക്ക് ഉദാഹരണമാണ്.

‘മയക്കത്തിലാണ്ട അഗ്നിപര്‍വ്വതം’ എന്ന ശീര്‍ഷകത്തില്‍ പൊന്‍കുന്നം വര്‍ക്കിയെ അവതരിപ്പിച്ചുകൊണ്ടാണ് പുസ്തകത്തിന്റെ ആദ്യഭാഗം തുടങ്ങുന്നത്.’ചുമരിനോട് ചേര്‍ന്ന് കൂനിനടന്ന് കാഴ്ച്ചയില്‍ ഒരു ലാറ്റിന്‍ അമേരിക്കന്‍ ജീനിയസിന്റെ ലുക്കുള്ള മഹാനായ കഥാകൃത്ത് കസേരയില്‍ ചെന്നിരിക്കുന്നു. ‘വര്‍ക്കി ഇരുന്നാല്‍ ഇതുവരെയില്ലാത്ത രൂപഗാംഭീര്യമാണ് ആ ചാരുകസേരയ്ക്ക് എന്നെഴുതി പൊന്‍കുന്നം വര്‍ക്കി എന്ന കലാപകാരിയായ കലാകാരന്റെ വ്യക്തിത്വം അനാവരണം ചെയ്യുകയാണ് കമല്‍റാം സജീവ്.

ഇടതു ജനാധിപത്യ മുന്നണി കണ്‍വീനറായിരുന്ന സഖാവ് പി.വി കുഞ്ഞിക്കണ്ണന്റെ ഏകാന്തതയിലേക്ക് കടന്നു ചെല്ലുകയാണ് പിന്നീട് ലേഖകന്‍. പഴയ കമ്മ്യൂണിസ്റ്റ് നേതാക്കളെയെല്ലാവരെയും പോലെ ദുരിതം നിറഞ്ഞ വഴികളിലൂടെ എന്തെങ്കിലും വ്യക്തിപരമായി നേടാന്‍ ആഗ്രഹിക്കാതെ മുന്നോട്ടു നടന്ന കുഞ്ഞിക്കണ്ണന് പെട്ടെന്നൊരു ദിനം ഇനി രാഷ്ട്രീയമില്ല എന്ന ശൂന്യമായ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കേണ്ടേി വന്ന അവസ്ഥയെ കമല്‍ റാം സജീവ് അഭിമുഖത്തിലൂടെ വായനക്കാരനിലേക്ക് പ്രസരിപ്പിക്കുന്നു. അറുപതുകളില്‍ കേരള കര്‍ഷകര്‍ വിമോചകനെന്ന് കണ്ടെത്തിയ വടക്കനച്ചന്‍ എന്ന ഫാദര്‍ ജോസഫ് വടക്കന്‍ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം സമൂഹത്തിലെ ഓരോരോ നന്മയ്ക്കുവേണ്ടി വിറ്റുകളയുകയായിരുന്നു. പത്രാധിപരായും പത്രം ഉടമയായും വേഷം കെട്ടിയ ഈ കലാപകാരിയുടെ ജീവിതമാണ് മറ്റൊരു ലേഖനം.

കെ.ഗോപാലന്‍ എന്ന ജനതാദള്‍ നേതാവിനെയാണ് നമുക്ക് ഏറെ പരിചയം. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വേറിട്ട് പത്രാധിപരായും സാഹിത്യപണ്ഡിതനായും വിരാജിച്ച ഗോപാലനെ എത്രപേര്‍ക്കറിയാം? സാഹിത്യത്തില്‍ കുട്ടികൃഷ്ണമാരാരുടെയും എം.ഗോവിന്ദന്റെയും ഉറൂബിന്റെയും സഹചാരി. വാഗ്ഭടാനന്ദ ഗുരുദേവന്റെ സംസ്‌കൃത വിദ്യാര്‍ത്ഥി,  മുണ്ടശ്ശേരി മാഷിന്റെ അരുമ ശിഷ്യന്‍, ചൈതന്യം മാസികയുടെ പത്രാധിപര്‍–ഇതൊക്കെയായിരുന്നു താക്കോല്‍ ഗോപാലന്‍ എന്ന് വിളിപ്പേരുള്ള കെ.ഗോപാലന്റെ വ്യത്യസ്ത മുഖങ്ങളെന്ന് ലേഖകന്‍ കാണിച്ചു തരുന്നു. പൗരുഷത്തിന്റെ പ്രതീകമായ ബാലന്‍.കെ നായര്‍ എന്ന അതുല്യ നടന്റെ അവസാനകാലങ്ങളിലെ ആകുലതകളും ദുരിതങ്ങളും സ്‌നേഹ സൗഹൃദങ്ങളില്‍ നിന്ന് തനിയെ ആയിപ്പോയ അവസ്ഥയും കമല്‍റാം അവതരിപ്പിക്കുമ്പോള്‍ പ്രശസ്തിയും ദുരയുമാണ് മനുഷ്യമനസ്സില്‍ മരുഭൂമികള്‍ ഉണ്ടാക്കുന്നതെന്ന് നമ്മളും തിരിച്ചറിയുന്നു.

കെ.പി ആര്‍ ഗോപാലന്‍ ഒരു പ്രസ്ഥാനമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ആ പ്രസ്ഥാനത്തിന്റെ അസ്ഥിവാരത്തില്‍ രൂപപ്പെടുന്ന വിള്ളലുകളാണ് ‘കരിന്തിരി കത്താതെ കെ.പി.ആര്‍’ എന്ന ലേഖനത്തിലൂടെ നാം വായിച്ചെടുക്കുന്നത്. പി.ആര്‍ കുറുപ്പിനേയും പ്രേംജിയേയും അവതരിപ്പിക്കുമ്പോള്‍ കരുത്തും ലാളിത്യവും മുഖമുദ്രയാക്കിയുള്ള അവരുടെ വ്യക്തിത്വമാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ശ്രീദേവി അന്തര്‍ജനത്തിന്റെ ഓര്‍മ്മകളിലൂടെ വി.ടി ഭട്ടതിരിപ്പാട് എന്ന വിപ്ലവകാരിയുടെ പൂര്‍ണ്ണകായ ചിത്രം വായനക്കാരുടെ മുന്നില്‍ കാലാതീതമായി തൊഴുത് നില്‍ക്കും.

 ‘കണ്ണീര്‍പാടത്തെ തോരാമഴ’ എന്ന ശീര്‍ഷകം ശ്രീദേവി ചങ്ങമ്പുഴയുടെ ജീവിതം തന്നെയാണ്. മലയാളത്തിന്റെ ഓര്‍ഫ്യൂസ് ആയ ചങ്ങമ്പുഴയ്‌ക്കൊപ്പം ജീവിച്ച പത്‌നി ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ താളപ്പിഴകളും ദുരന്തങ്ങളും തോരാമഴപോലെ നമ്മുടെ ഹൃദയത്തിലും പെയ്യുന്നു. മഹാകവി ജിയുടെ സഹധര്‍മ്മിണി സുഭദ്രാമ്മയുടെ ഓര്‍മ്മകള്‍ക്ക് വല്ലാത്ത ഒരാര്‍ദ്രത അനുഭവപ്പെടുന്നു. കവിയുമൊത്തുള്ള ജീവിതത്തിന്റെ നാളുകളിലേക്ക് യാത്ര ചെയ്യുമ്പോള്‍ സുഭദ്രാമ്മയ്ക്ക് സഹിക്കാനാവാത്തത് പിന്നെയും ജീവിക്കാനുള്ള കവിയുടെ മോഹമായിരുന്നു. മരണത്തിന്റെ തലേദിവസം കൂടി കവി പറഞ്ഞു. ‘എനിക്ക് രണ്ടു കൊല്ലം കൂടി ജീവിക്കണം’ പക്ഷേ മരണം കവിയെ കൂട്ടിക്കൊണ്ടുപോയി. ‘ചില്ലു പേടകത്തിലെ ജിയുടെ ഛായാചിത്രം. പിന്നെ പ്രേയസിയുടെ കണ്ണുനീര്‍. മുറ്റത്തെ മൂലയ്ക്ക് സ്ഥാപിച്ച ചിതാഭസ്മകുംഭത്തിനരികില്‍ ജന്മാന്തരങ്ങളുടെ ഓര്‍മ്മയറിഞ്ഞ അന്തിത്തിരികൊളുത്തി സുഭദ്രാമ്മ രാത്രിയാക്കും- എന്ന് കമല്‍ റാം എഴുതുമ്പോള്‍ ജിയുടെ കവിതകളാണ് മനസ്സിലേക്ക് ഓടിക്കയറി വരുന്നത്.

വളരെ നേരത്തെ മലയാള കഥയില്‍ നിന്നും നോവലില്‍ നിന്നും യാത്ര പറഞ്ഞുപോയ ടി.വി കൊച്ചുബാവയുടടെ വൃദ്ധസദനവുമായി ബന്ധിപ്പിച്ച് കമല്‍ റാം നടത്തുന്ന നിരീക്ഷണള്‍ക്ക് കൗതുകമുണ്ട്. ‘മരണത്തിലേക്ക് നരച്ച കാത്തിരിപ്പ്’ എന്ന ശീര്‍ഷകം നല്‍കി മരണമെന്ന സമസ്യയിലേക്ക് നമ്മളെ തള്ളി വിടുകയാണ് ലേഖകന്‍.

മലമ്പുഴയിലെ യക്ഷിയും ശംഖുമുഖത്തെ സാഗരകന്യകയും കാനായി കുഞ്ഞിരാമന്റെ ശില്പകലാ വൈദഗ്ധ്യത്തിന്റെ മാന്ത്രികസൗന്ദര്യങ്ങളാണ്. രണ്ടുശില്പങ്ങളും കാത്തിരിപ്പിന്റെ സൗന്ദര്യത്തെ സങ്കീര്‍ത്തനം ചെയ്യുകയാണെന്ന് ലേഖകന്‍. മനസില്‍ കാത്തിരിപ്പിന്റെ ഒരു വലിയ ശില്പം ചെയ്യാതെ കിടക്കുന്നുണ്ടോ എന്ന് കമല്‍ റാം കാനായിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു “തീര്‍ച്ചയായും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശില്പമാകും അത്. ഒരു പക്ഷേ ഒരിക്കലും ചെയ്യാന്‍ കഴിയില്ലെന്നറിയാവുന്ന ശില്പം…”

പകലിന്റെ നിലവറപോലൊരു മുറി. തുറന്ന ജാലകവും തുറന്ന വാതിലുകളും. വാതില്‍പ്പുറമേ ദൂരെ നീലനക്ഷത്രങ്ങളെരിയുന്നുണ്ട്. അത് കാണുക വയ്യ. സൂര്യന്‍, പകല്‍ ഇവിടെ ഈ മുറിയില്‍ നീലസാരിയുടുത്ത ഒരു മാലാഖയായിരിക്കുന്നു മാധവിക്കുട്ടി. പക്ഷിത്തൂവലിനെക്കാളും ലോലമായ രണ്ട് ഇളം നീലച്ചിറകുകള്‍ മുകുളങ്ങളായി ജനിക്കുന്നു. കാണെക്കാണെ പുറത്ത് കടുംനീലയും അകമേ ഇളം നീലയും കലര്‍ന്ന വലിയ ചിറകുകളില്‍ മാധവിക്കുട്ടി ഒരു നീലപ്പറവയായി മാറുന്നു.

മനോഹരമായ മുഖവുരപോലെ മാധവിക്കുട്ടിയെ അവതരിപ്പിക്കുകയാണ് കമല്‍റാം. മാധവിക്കുട്ടിയുടെ കഥകളിലെ പക്ഷിബിംബങ്ങളും മരണാഭിമുഖ്യവും ഇതള്‍ വിടര്‍ത്തിക്കാണിക്കുന്ന ലേഖനത്തില്‍ അവരുടെ വൈയക്തികാനുഭവങ്ങളും ഇടകലര്‍ത്തുന്നുണ്ട്. കെ.ജി ജോര്‍ജ് എന്ന ഫിലിം മേക്കറിന്റെ മരണത്തെക്കുറിച്ചുള്ള ഫ്രെയിംസങ്കല്‍പ്പങ്ങളും പുസ്തകത്തില്‍ അവതരിപ്പിക്കുന്നു.

രണ്ടാം പതിപ്പില്‍ എത്തിനില്‍ക്കുന്ന ‘ആഞ്ഞുകൊത്തുന്ന അനുഭവങ്ങള്‍’ പ്രതീക്ഷ, ജീവിതാസക്തി, അവഗണന, വേര്‍പിരിയല്‍,കാത്തിരിപ്പ്, മരണം… എന്നിങ്ങനെ വ്യത്യസ്ത തലങ്ങള്‍ അനാവരണം ചെയ്യുന്ന വായനാനുഭവത്തിന്റെ വാതായനങ്ങളാണ്.

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

This post was last modified on August 1, 2014 6:12 pm