X

ആത്മാവിനെ തിരികെ വരുത്തി പാപങ്ങള്‍ മോചിപ്പിച്ച് കൊടുക്കും; മൂന്നാറിലെ സ്പിരിറ്റ് ഇന്‍ ജീസസിനെ കുറിച്ചറിയേണ്ടതെല്ലാം

കുരിശിനെ ആരാധിക്കുന്നവരാണെങ്കിലും ഇതര കാര്യങ്ങളില്‍ ഇവര്‍ മറ്റ് സഭകളില്‍ നിന്നും വ്യത്യസ്തരാണ്

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിനെ തുടര്‍ന്ന് ഉയര്‍ന്നു കേള്‍ക്കുന്ന പുതിയൊരു ആരാധനാ വിഭാഗമാണ് സ്പിരിറ്റ് ഇന്‍ ജീസസ്. എന്നാല്‍ പലര്‍ക്കും ഈ വിഭാഗത്തെക്കുറിച്ച് അറിയില്ല എന്നതാണ് സത്യം. തൃശൂര്‍, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മാത്രമാണ് കരിസ്മാറ്റിക് ആരാധന രീതി പിന്തുടരുന്ന ഈ വിഭാഗമുള്ളത് എന്നതാണ് ഇതിന് കാരണം.

ഇവര്‍ കുരിശിനെ ആരാധിക്കുന്നവരാണെങ്കിലും ഇതര കാര്യങ്ങളില്‍ മറ്റ് സഭകളില്‍ നിന്നും വ്യത്യസ്തരാണ്. കരിസ്മാറ്റിക് ഗ്രൂപ്പുകളുടേതിന് സമാനമായി ധ്യാനവും പ്രാര്‍ത്ഥനയുമാണ് ഇവരുടെ രീതി. മരിച്ചുപോയവരുടെ ആത്മാവിനെ ഭൂമിയിലേക്ക് തിരികെ വിളിച്ചുവരുത്തി അവരുടെ പാപങ്ങള്‍ മോചിപ്പിച്ച് കൊടുക്കുന്നുവെന്നാണ് ഇവരുടെ ധ്യാനങ്ങള്‍ അവകാശപ്പെടുന്നത്. ഇവരുടെ കുര്‍ബാന രീതിയും വ്യത്യസ്തമാണ്. യേശുവിന്റെ ജനനം മുതല്‍ മരണവും ഉയര്‍ത്തെഴുന്നേല്‍പ്പും ഉള്‍പ്പെടുത്തിയതാണ് കുര്‍ബാന. കുര്‍ബാനയ്ക്കിടെ ദൈവത്തിന്റെ ആത്മാവ് ഇവിടേക്ക് എത്തിച്ചേരുന്നു എന്നാണ് വിശ്വാസം. തീവ്രമായ പ്രാര്‍ത്ഥന രീതിയാണ് ഇവരുടേത്. പ്രാര്‍ത്ഥനയുടെ തീവ്രത മൂലം വിശ്വാസികള്‍ ബോധം കെട്ടുവീഴുന്നത് ഇവരുടെ ആരാധനയില്‍ പതിവാണ്. പ്രാര്‍ത്ഥനകള്‍ക്കൊപ്പം പ്രസംഗവും ധ്യാനങ്ങളില്‍ ഉള്‍പ്പെടുന്നു.

സൂര്യനെല്ലിയില്‍ സെന്റ് ജോസഫ് പള്ളി കേന്ദ്രീകരിച്ച് 1988ല്‍ ഫാ. പീറ്ററിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഒരു പ്രാര്‍ത്ഥനാ വിഭാഗമാണ് സ്പിരിറ്റ് ഇന്‍ ജീസസ്. സൂര്യനെല്ലിയില്‍ ആരംഭിച്ചെങ്കിലും പ്രാര്‍ത്ഥനകള്‍ക്കായി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനം കേന്ദ്രീകരിക്കുകയായിരുന്നു. മറ്റ് പ്രാര്‍ത്ഥനാ വിഭാഗങ്ങളേക്കാള്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്ന വിഭാഗമാണ് തങ്ങളെന്ന് ഇവര്‍ അവകാശപ്പെടുന്നു. കത്തോലിക്ക സഭയില്‍ എല്ലാവര്‍ക്കും കരിസ്മാറ്റിക് രീതിയിലുള്ള തീവ്രമായ പ്രാര്‍ത്ഥനയോട് വലിയ താല്‍പര്യമില്ല. എന്നാല്‍ തീവ്രമായ പ്രാര്‍ത്ഥന ആഗ്രഹിക്കുന്ന തങ്ങളില്‍ ചിലര്‍ ഇതില്‍ നിന്നും മാറി നിന്ന് സ്വന്തമായി പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയാണെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് വിശ്വാസിയായ ജോസഫ് ടി ഒ പറഞ്ഞു. കത്തോലിക്ക സഭ വിശ്വാസത്തില്‍ നിന്നുകൊണ്ട് തന്നെയാണ് തങ്ങള്‍ പ്രാര്‍ത്ഥനാ രീതികള്‍ സംഘടിപ്പിക്കുന്നത്. കരിസ്മാറ്റിക് ധ്യാനം കൂടുന്നവര്‍ക്കാണ് കൂടുതല്‍ പ്രാര്‍ത്ഥിക്കാന്‍ തയ്യാറാകുന്നത്. കത്തോലിക്ക സഭയില്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കാന്‍ താല്‍പര്യമില്ലാത്തവരാണ് തങ്ങളെ എതിര്‍ക്കുന്നതെന്നും ജോസഫ് വ്യക്തമാക്കി. തീവ്രമായ പ്രാര്‍ത്ഥനയില്‍ താല്‍പര്യമില്ലാത്തവരായി പുരോഹിതരും കന്യാസ്ത്രികളുമെല്ലാം ഉള്‍പ്പെടുന്നുവെന്നാണ് ഇവര്‍ പറയുന്നത്. അവരില്‍ നിന്നും വേറിട്ട് സ്വസ്ഥമായി പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണ് സ്പിരിറ്റ് ഇന്‍ ജീസസ് വിശ്വാസികള്‍ ഒന്നിച്ചുകൂടുന്നത്. ഇതിന്റെ ധ്യാനങ്ങളില്‍ താല്‍പര്യമുള്ള വൈദികരും പങ്കെടുക്കാറുണ്ട്.

കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയ കുരിശ് അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാപ്പത്തിച്ചോല എസ്‌റ്റേറ്റില്‍ താമസിച്ചുകൊണ്ടിരുന്ന മരിയം സൂസെയുടെ പിതാവ് മൈക്കിളിന്റെ അച്ഛന്‍ ആണ് അവിടെ കുരിശ് സ്ഥാപിച്ചത്. അന്ന് മുതല്‍ ആ പ്രദേശത്തുള്ള ആളുകള്‍ പോയ് പ്രാര്‍ത്ഥിക്കുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ക്ക് രോഗശാന്തിയും മറ്റ് അത്ഭുത അനുഭവങ്ങളുമുണ്ടായപ്പോള്‍ അത് മാറ്റി മറ്റൊരു കുരിശ് സ്ഥാപിക്കുകയായിരുന്നു. പിന്നീട് കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച ഒരു കുരിശ് ഇവിടെ സ്ഥാപിച്ചു. ഒരു വര്‍ഷത്തിന് മുമ്പാണ് ഈ കുരിശ് പുതുക്കിപ്പണിതത്. ഏതാനും നാളുകള്‍ക്ക് മുമ്പാണ് വിശ്വാസികളുടെ സഹായത്തോടെ കോണ്‍ക്രീറ്റ് കുരിശില്‍ സ്റ്റീല്‍ പൂശിയതെന്നാണ് ഇവര്‍ പറയുന്നത്. വിശ്വാസികളുടെ ആഗ്രഹം കൊണ്ടാണ് കുരിശ് വലുതാക്കിയതെന്നും അല്ലാതെ സ്ഥലം കയ്യേറാനായിരുന്നില്ലെന്നുമാണ് ഇവരുടെ വാദം. കുരിശ് പൊളിച്ചപ്പോള്‍ വിവാദമായി ഏക്കറ് കണക്കിന് സ്ഥലമെന്ന വാദം തെറ്റാണെന്നും ജോസഫ് ചൂണ്ടിക്കാട്ടുന്നു. പ്രാര്‍ത്ഥനയുടെ അനുഭവങ്ങള്‍ ധാരാളം ഉണ്ടായപ്പോള്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ വരാന്‍ തുടങ്ങിയെന്നും ഇത് ചില വിഭാഗങ്ങളെ ചൊടിപ്പിച്ചെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. കുരിശിന്റെ മറവില്‍ ഏക്കറ് കണക്കിന് സ്ഥലം കയ്യേറിയെന്നത് അസംബന്ധമായ ആരോപണമാണ്. കുരിശ് ഇരിക്കുന്നത് അര സെന്റ് സ്ഥലത്ത് മാത്രമാണ്. അത് മൈക്കിളിന്റെ അച്ഛന്റെ സ്ഥലം ആണ്.

കുരിശിന് സമീപം താമസിക്കുന്ന കൈവശഭൂമിക്കാരുടെ ഷെഡുകള്‍ ആണ് യഥാര്‍ത്ഥത്തില്‍ പൊളിച്ചത്. 1994ലും 2004ലും ഈ സ്ഥലത്തിന് പട്ടയം അനുവദിക്കാന്‍ നല്‍കിയ അപേക്ഷകളുടെ രേഖകളുണ്ടെന്നാണ് ഇവര്‍ പറയുന്നത്. മരിയ സൂസെയുടെ അനുമതിയോടെയാണ് സ്പിരിറ്റ് ഇന്‍ ജീസസ് ഈ കുരിശ് പരിപാലിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ തങ്ങള്‍ സൂര്യനെല്ലിക്ക് പുറത്തേക്ക് വളര്‍ന്നുവെന്നും ഇപ്പോള്‍ പലയിടങ്ങളിലും വീടെടുത്ത് പ്രാര്‍ത്ഥന നടത്തുന്നുവെന്നും അവര്‍ പറയുന്നു. തങ്ങള്‍ കത്തോലിക്ക സഭയ്ക്കുള്ളിലുള്ളവര്‍ തന്നെയാണ്.

അതേസമയം വ്യക്തികേന്ദ്രീകൃത സഭയായതിനാല്‍ തങ്ങള്‍ ഇവരെ അംഗീകരിക്കുന്നില്ലെന്നാണ് കത്തോലിക്ക സഭ പറയുന്നത്. സ്പിരിറ്റ് ഇന്‍ ജീസസ് വ്യക്തിയുടെ വഴിതെറ്റല്‍ മാത്രമാണെന്നും ഇത് സാത്താന്‍ ആരാധനയാണെന്നുമാണ് മറ്റ് ക്രൈസ്തവ സഭകള്‍ പഠിപ്പിക്കുന്നത്. ഇവരുമായി സഹകരിക്കുന്നതില്‍ നിന്നും കത്തോലിക്ക സഭ വിശ്വാസികളെ വിലക്കിയിട്ടുണ്ട്.

This post was last modified on April 21, 2017 5:28 pm