ഹിന്ദുസ്ഥാനി സംഗീതത്തില്‍ സ്വന്തമായ പാത വെട്ടിത്തുറന്ന പ്രമുഖ ഗായിക കിശോരി അമോന്‍കര്‍ വിട പറഞ്ഞു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് 84-ാം വയസില്‍ സെന്‍ട്രല്‍ മുംബെയില്‍ കുടുംബവീട്ടില്‍ വച്ചായിരുന്നു അന്ത്യം. പ്രമുഖ ഹിന്ദുസ്ഥാനി ഗായികയായിരുന്ന മോഗുബായ് കുര്‍ദിക്കറുടെ മകളായി 1932 ഏപ്രില്‍ പത്തിനാണ് കിശോരി ജനിച്ചത്.
ജയ്പൂര്‍ ഖരാനയുടെ രജതബിംബമായിരുന്ന അല്ലാദിയ ഖാന്‍ സാഹെബിന്റെ ശിഷ്യയായിരുന്നു അവര്‍. ഹിന്ദുസ്ഥാനി സംഗീതം സാധാരണക്കാരില്‍ എത്തിക്കുന്നതില്‍ സജീവമായ പങ്ക് വഹിച്ചു. ജയ്പൂര്‍ ഖരാനയുടെ ശൈലി നവീകരിക്കുന്നതിലും അവരുടെ സംഭാവന അതുല്യമായിന്നു. ജയ്പൂര്‍ ഖരാനയുടെ അടിസ്ഥാന ഘടകങ്ങള്‍ പിന്തുടരുമ്പോഴും മറ്റ് ഖരാനകളുടെ സ്വാധീനം അവരുടെ ആലാപനത്തിലുണ്ടായിരുന്നു. ജയ്പൂര്‍ ഖരാന ശൈലിയെ തന്റെതായ ശൈലിയില്‍ മാറ്റിയെഴുതിയതിന്റെ പേരില്‍ അവര്‍ ധാരാളം പ്രശംസയ്ക്കും അതോടൊപ്പം വിമര്‍ശനത്തിനും പാത്രമായി.
രാഗത്തെ ഇഴമുറിച്ച്, ഭാവാര്‍ദ്രമായി ആലപിക്കുന്ന അവരുടെ ശൈലി ഏറെ പ്രശംസ നേടി. രാഗഭാവങ്ങളുടെ അഗാധതയിലേക്കുള്ള സഞ്ചാരമായായിരുന്നു അവരുടെ കച്ചേരികള്‍. പുരാതന സംഗീതസാഹിത്യത്തിലുള്ള അവഗാഹം ഇക്കാര്യത്തില്‍ അവര്‍ക്ക് വലിയ സഹായമായി. ഹിന്ദുസ്ഥാനി രാഗങ്ങളുടെ അടിസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും തുമ്രി, ഭജന്‍, ഭക്തിഗാനങ്ങള്‍, സിനിമ പാട്ടുകള്‍ എന്നിവയെ അവര്‍ അകറ്റി നിറുത്തിയില്ല.
രാഗങ്ങളുടെയും കീര്‍ത്തനങ്ങളുടെയും വൈകാരിക ഭാവങ്ങളായിരുന്നു അവര്‍ക്ക് പ്രിയം. സംഗീതത്തിന്റെ തീവ്രത അനുഭവിപ്പിക്കുന്നതിനായി അവര്‍ താളത്തിന്റെയും സംഗീതഘടനയുടെയും അനുവര്‍ത്തിച്ചുവന്നിരുന്ന ചട്ടക്കൂടുകളില്‍ നിന്നും മാറി സഞ്ചരിച്ചു. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് സംഗീത സംബന്ധിയായ പ്രഭാഷണങ്ങള്‍ നടത്തുന്നതിനും അവര്‍ ശ്രദ്ധിച്ചു. 1987ല്‍ പത്മഭൂഷണും 2002ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു.
This post was last modified on April 4, 2017 1:21 pm
Leave a Comment