X

പശു നിങ്ങള്‍ക്ക് അമ്മയാണെങ്കില്‍ കോഴി എനിക്ക് സഹോദരിയാണ്; സംഘപരിവാറിനെ പരിഹസിച്ച് അലന്‍സിയര്‍

എന്നെ പ്രസവിച്ചത് എന്റെ അമ്മയാണ്. പശു അല്ല

കേരളത്തിലെ ബിജെപി നേതാക്കള്‍ ബീഫ് കഴിക്കും ഗുജറാത്തിലെ നേതാക്കള്‍ ബീഫ് കയറ്റി അയക്കും. എന്നിട്ട് നമ്മള്‍ കഴിക്കരുതെന്നു പറയുന്നു. അതെവിടുത്തെ നിയമമാണെന്ന് എനിക്ക് മനസിലാകുന്നില്ല; നടന്‍ അലന്‍സിയറിന്റെതാണ് ചോദ്യം. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങളെയും ബിജെപിയുടെ നിലപാടുകളെയും അലന്‍സിയര്‍ പരിഹരിക്കുന്നത്.

ജനങ്ങള്‍ എന്തു വസ്ത്രം ധരിക്കണം, എന്ത് ആഹാരം കഴിക്കണം, എന്തു പ്രാര്‍ത്ഥിക്കണം എന്നൊക്കെ ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥയിലേക്കു മാറുന്നതാണു ഫാഷിസം. ഈ കണ്ടുവരുന്നതൊക്കെ അതാണ്. പക്ഷേ അതൊക്കെ തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെയുണ്ട് എന്നതാണ് എനിക്കെന്റ് രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിശ്വാസം; അലന്‍സിയര്‍ പറയുന്നു.

പശുവിനെ മാതാവായി ചിത്രീകരിക്കുന്ന സംഘപരിവാര്‍ അജണ്ടയെ കണക്കിനു പരിഹസിക്കുന്നുമുണ്ട് അലന്‍സിയര്‍. പശുവിനെ അമ്മയാക്കാമെങ്കില്‍ കോഴിയെ എനിക്ക് എന്റെ സഹോദരിയാക്കിക്കൂടേ? കോഴിക്ക് മാത്രം ആരും ചോദിക്കാനും പറയാനും ഇല്ലെന്നാണോ? കോഴിയെ അങ്ങനെയിപ്പോള്‍ മതേതരവാദിയാക്കേണ്ട. ഞാനിപ്പോള്‍ അതുകൊണ്ട് കോഴി കഴിക്കാറുമില്ല. ഇപ്പോള്‍ പറയുന്നു പശു അമ്മയാണെന്ന്. എന്നാല്‍ പിന്നെ കോഴി സഹോദരിയാകട്ടെയെന്നു ഞാനും വിചാരിച്ചു; അലന്‍സിയര്‍ ചിരിയോടെ പറയുന്നു.

ബീഫ് കഴിക്കരുതെന്നു പറയുന്നവരോടും അലന്‍സിയര്‍ക്ക് മറുപടിയുണ്ട്. നിങ്ങള്‍ക്ക് പശു മാതാവ് ആയിരിക്കാം. എങ്കില്‍ നിങ്ങള്‍ കഴിക്കണ്ട. കഴിക്കുന്നവരെ എന്തിനാണു വിലക്കുന്നത്. മറ്റുള്ളവരോടു കഴിക്കരുതെന്നു പറയാനുള്ള അവകാശമൊന്നും നിങ്ങള്‍ക്കില്ലെന്നു മനസിലാക്കുക. എന്നെ പ്രസവിച്ചത് എന്റെ അമ്മയാണ്. പശു അല്ല. ജനങ്ങള്‍ക്ക് അരോചകമാകുന്ന നിയമങ്ങള്‍ കൊണ്ടുവരരുത്. ഫാഷിസത്തിന്റെ ലക്ഷണമാണത്. അതൊരു രോഗമാകും. രാജ്യത്തെ നശിപ്പിക്കുന്ന രോഗം; അലന്‍സിയര്‍ പറയുന്നു.

ബീഫിന് അമ്മയുടെ മുലപ്പാലിന്റെ രുചിയാണെന്നും ബീഫ് കിട്ടിയാല്‍ കഴിക്കുമെന്നും അലന്‍സിയര്‍ പ്രഖ്യാപിക്കുന്നു. അമ്മ നമുക്ക് ജീവിതം തരുന്നു. പശുവിന്റെ ജീവിതതതിനും ഒരു ധര്‍മമുണ്ട്. അതു ചെയ്യാന്‍ അതിനെ അനുവദിക്കുക. അതിന്റെ മാംസത്തിന് രുചിയുണ്ട് അതു മനുഷ്യന് ഭക്ഷിക്കാന്‍ കഴിയുന്നതാണെങ്കില്‍ എന്തിനാണ് വിലക്കുന്നത്? അലന്‍സിയര്‍ തന്റെ നിലപാട് മനോരമയുടെ അഭിമുഖത്തിലൂടെ ഉറപ്പിച്ചു പറയുന്നു.