X

തിരുവനന്തപുരം വിമാനത്താവളം അടുത്തമാസം മുതല്‍ അദാനി നിയന്ത്രിക്കും; ജീവനക്കാര്‍ക്ക് വേണമെങ്കില്‍ അദാനി എന്റര്‍പ്രൈസസില്‍ ചേരാം

നവംബറിലാണ് സ്വകാര്യവല്‍ക്കരണ നടപടികള്‍ ആരംഭിച്ചത്.

രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അടുത്തമാസത്തോടെ അദാനി എന്റര്‍പ്രൈസസ് നിയന്ത്രിക്കും. ലേലത്തിലൂടെയാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് 50 വര്‍ഷത്തേക്ക് ഗൗതം അദാനിയുടെ കമ്പനികള്‍ കരസ്ഥമാക്കിയത്. ഇതിന്റെ തുടര്‍ നടപടികള്‍ തെരഞ്ഞെടുപ്പുകാരണം വൈകുകയായിരുന്നു. അടുത്ത മാസത്തോടെ വിമാനത്താവളങ്ങളുടെ കൈമാറ്റം നടക്കുമെന്ന വ്യോമയാന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൊതുമേഖല സ്ഥാപനമായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയായിരുന്നു വിമാനത്താവളങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഈ വിമാനത്താവളങ്ങളിലെ ജീവനക്കാര്‍ക്ക് അദാനി എന്റര്‍പ്രൈസസിലേക്ക് മാറാനും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ തുടരാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എക്കോണമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അഹമ്മദബാദ് ലക്‌നൗ, ജയ്പൂര്‍, ഗുവാഹതി, മംഗലാപുരം എന്നി വിമാനത്താവളങ്ങളാണ് തിരുവനന്തപുരത്തിന് പുറമെ അദാനി ഏറ്റെടുക്കുന്നത്.ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ 1300 കോടിയാണ് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ലഭിക്കുക.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. കൊച്ചി വിമാനത്താവളത്തിന്റെ സിയാല്‍ മാതൃകയില്‍ കമ്പനി രൂപികരിച്ച് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ലേലത്തില്‍ പങ്കെടുത്ത കെഎസ്‌ഐഡിസിക്ക് അദാനിയുടെ കമ്പനിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ. കെഎസ്‌ഐഡിസിയെക്കാള്‍ വന്‍ തുകയാണ് അദാനി ലേലത്തില്‍ ഉറപ്പിച്ചത്. 10 ശതമാനം തുകയുടെ വ്യത്യാസമാണ് ലേലത്തില്‍ ഉണ്ടാകുന്നതെങ്കില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രാലയം ഉറപ്പ് നല്‍കിയിരുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ ലഭിച്ച അദാനിക്ക് തന്നെ വിമാനത്താവളത്തിന്റെ നടത്തിപ്പും ലഭിക്കുന്നത് അവര്‍ക്ക് വലിയ നേട്ടമാകുമെന്നാണ് കണക്കാക്കുന്നത്.

ഒരു യാത്രക്കാരന് ഒരു മാസം 168 രൂപയാണ് അദാനി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കേണ്ടത്. 135 രൂപ നല്‍കാമെന്നായിരുന്നു കെഎസ്‌ഐഡിസി ലേലത്തില്‍ വ്യക്തമാക്കിയത്.

13 വര്‍ഷത്തിന് ശേഷം ആദ്യമായാണ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത്. 2006 ല്‍ ഡല്‍ഹി മുംബൈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല ജിഎംആര്‍, ജിവികെ എന്നീ കമ്പനികള്‍ ഏറ്റെടുത്തിരുന്നു.

Read More: ‘ഒക്കെ ജോയ് എബ്രഹാമിന്റെ കുടിലബുദ്ധി’; എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന അവസ്ഥയില്‍ കേരള കോണ്‍ഗ്രസ്