X

മന്ത്രിസഭയോഗ തീരുമാനം വായിച്ചു കേള്‍പ്പിച്ചു, സര്‍വ്വസമ്മതത്തോടെ നില്‍പ്പുസമരത്തിന് അവസാനം

ടീം അഴിമുഖം 

ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടന്നു വന്നിരുന്ന നില്‍പ്പു സമരം അവസാനിപ്പിച്ചു. സമരക്കാര്‍ മുന്നോട്ടുവച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് ഇന്നലെ രാത്രി നടന്ന മന്ത്രിസഭ യോഗം തീരുമാനം എടുത്തിരുന്നു. ഇതു സംബന്ധിച്ച മിനിട്‌സ് സമരസമതി നേതാവ് എം ഗീതാനന്ദന്‍ സമരപന്തലിലെത്തി വായിച്ചു കേള്‍പ്പിച്ചു, എല്ലാവരുടെയും സമ്മതം വാങ്ങിയ ശേഷമായിരുന്നു സമരം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.

ആദിവാസികളുള്‍പ്പെടെ നിരവധിപ്പേരാണ് സമരപ്പന്തലില്‍ ഇന്ന് രാവിലെ മുതല്‍ തടിച്ചുകൂടിയിരുന്നത്. ഇന്നലെ രാത്രി മന്ത്രിസഭയോഗം കഴിഞ്ഞപ്പോള്‍ തന്നെ സെക്രട്ടേറിയേറ്റിനു മുന്നിലെ സമരപന്തലില്‍ സമരക്കാരും സമരത്തെ പിന്തുണച്ചെത്തിയവരുമുള്‍പ്പെടെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഇന്നു രാവിലെ മുതല്‍ സമരപന്തല്‍ നിറഞ്ഞു കവിഞ്ഞ് ആളുകള്‍ എത്തിയതോടെ ആഘോഷങ്ങള്‍ക്ക് പകിട്ടേറി. രാവിലെ മന്ത്രിസഭായോഗത്തിന്റെ മിനിട്‌സ് കൈപ്പാറ്റാന്‍ എം ഗീതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം സെക്രട്ടേറിയേറ്റിനുള്ളിലായിരുന്നു. ഈ സമയത്ത് സി കെ ജാനുവടക്കമുള്ളവര്‍ സമരപന്തലില്‍ ആവേശത്തിലായിരുന്നു. മിനിട്‌സ് കൊണ്ടുവന്ന് എല്ലാവരെയം വായിച്ച് കേള്‍പ്പിച്ച് എല്ലാവരുടെയും സമതത്തോടുകൂടി മാത്രമെ സമരം അവസാനിച്ചു എന്ന പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്ന് സി കെ ജാനു അറിയിച്ചിരുന്നു. പറഞ്ഞ സമയത്തില്‍ നിന്ന് ഏതാനും മണിക്കൂറുകള്‍ വൈകിയാണ് ഔദ്യോഗികമായി മന്ത്രിസഭയോഗ തീരുമാനങ്ങളുടെ കോപ്പി ഗീതാനാന്ദന് ലഭ്യമായത്. ഈ സമയത്രയും ആവേശത്തിന് പുറത്ത് ഒരു കുറവും ഉണ്ടായിരുന്നില്ല. ഒടുവില്‍ കാത്തിരിപ്പിനു വിരാമിട്ടുകൊണ്ട് മിനിട്‌സുമായി ഗീതാനന്ദന്‍ സമരപന്തലില്‍ എത്തി. തുടര്‍ന്ന് ആദിവാസി ആചാരപ്രകാരമുള്ള ഗോത്ര പൂജ. ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുുള്ള രേഖ എല്ലാവരെയും വായിച്ചു കേള്‍പ്പിച്ച ശേഷം നേതാക്കള്‍ സംയുക്തമായി 162 ദിവസം നീണ്ടു നിന്ന നില്‍പ്പുസമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ആദിവാസി നില്‍പ്പുസമരം അവസാനിപ്പിക്കാനായി എടുത്ത തീരുമാനങ്ങളുടെ മിനിട്‌സ് താഴെ പ്രസിദ്ധീകരിക്കുന്നു.

 ചിത്രത്തിന് കടപ്പാട്: കേരള കൌമുദി 

This post was last modified on December 18, 2014 4:11 pm