X

ഞാന്‍ വെളിയില്‍ നിന്നോളാം: അടൂരിന് ബി ഉണ്ണികൃഷ്ണന്റെ മറുപടി

സബ് ടൈറ്റില്‍ വായിക്കാന്‍ അറിയാവുന്നവര്‍ ചലച്ചിത്രമേളയിലെ ചിത്രങ്ങള്‍ കണ്ടാല്‍ മതിയെന്ന അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ രംഗത്തെത്തി. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണികൃഷ്ണൻ പ്രതികരിച്ചത്. ഇവിടെ വായിക്കാം: 

 

ശ്രീ.അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാളസിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണെന്നതില്‍ ആര്‍ക്കും സംശയമൊന്നുമില്ല. പക്ഷെ, ഏതൊരു കലാകാരനും ബാധകമായ ഒരു നിയമം, ശ്രീ.അടൂരിനും ബാധകമാണ്. അത്, ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും, ഒരു കലാകാരന്റെ രചനകള്‍ പുനര്‍വായിക്കപ്പെടുമെന്നതാണ്. ആത്തരമൊരു പുനര്‍വായനയിലൂടെ, ഇന്നുവരെ മഹാശ്രേഷ്ഠമെന്ന് വിലയിരുത്തപ്പെട്ടിട്ടുള്ള അടൂര്‍ രചനകളിലും, ഞങ്ങളുടെയൊക്കെ തട്ടുപൊളിപ്പന്‍ വാണിജ്യ മസാലകളില്‍ ഉള്ളടങ്ങിയിട്ടുള്ള പിന്തിരിപ്പന്‍ രാഷ്ട്രീയവും, പ്രത്യയശാസ്ത്ര അനുരഞ്ചനങ്ങളും സമൃദ്ധമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താവുന്നതേ ഉള്ളൂ. അത്തരം ചില വായനകള്‍ ഇതിനകം തന്നെ ഉണ്ടായിട്ടുമുണ്ട്.

 

ഇത്രയും ആമുഖമായി പറഞ്ഞത്, ഇന്നലെ ശ്രീ.അടൂര്‍ നമ്മുടെ സ്വന്തം ചലചിത്രമേളയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കണ്ടതുകൊണ്ടാണ്. സബ്‌റ്റൈറ്റിലുകള്‍ വായിക്കാനുള്ള ഇങ്ങ്ഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവര്‍ മേളക്ക് വരേണ്ടന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ സംവേദന സാധ്യതകളെ സബ്‌റ്റൈറ്റിലിലേക്ക് ചുരുക്കിയ ആദ്യസൈദ്ധാന്തികനാണ്, ശ്രീ.അടൂര്‍. ആംഗലേയത്തില്‍ വലിയ പാണ്ഡിത്യമൊന്നുമില്ലാത്ത, എന്നല്‍ സിനിമയെന്ന കലാരൂപത്തോട് വളരെ സൂക്ഷ്മമായി സംവദിക്കുന്ന ആയിരക്കണക്കിന് പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചേറ്റിയതുകൊണ്ടാണ്, സാര്‍, തിരുവനന്തപുരം മേള, ഇന്ത്യയിലെ ഏറ്റവും ജനകീയമായ ചലചിത്രമേള എന്ന അസ്തിത്വത്തോടെ ഇന്ന് നിലനില്‍ക്കുന്നത്.

 

 

കിംകിഡുക്കിനെ കാണാന്‍ മോഹന്‍ലാലിനെയോ മമ്മുട്ടിയേയോ കാണാന്‍ കൂടുന്നതിനേക്കള്‍ ആളുകള്‍ കൂട്ടം ചേര്‍ന്ന സ്ഥലമാണ് തിരുവനന്തപുരം മേള നടക്കുന്നിടം. കേവലം ഭാഷാനൈപുണ്യത്തിനപ്പുറം, കണ്ണും കാതും തുറന്ന് വെച്ച്, ജാഗരൂകരായി, സിനിമയുടെ ധ്വനിസൂക്ഷ്മതകളെ പിടിച്ചെടുക്കുന്ന സംവേദനമാപിനികളെ ഉള്ളില്‍ സൂക്ഷിക്കുന്ന ആ കാണികളോട്, റ്റോഫല്‍ പരീക്ഷപാസായിട്ട് മേളക്ക് വന്നാല്‍ മതിയെന്ന് പറയരുത്. അവരെ അങ്ങനെ ആട്ടിപ്പായിക്കരുത്, സാര്‍. ചലച്ചിത്രമേള ജനകീയമാവുന്നതില്‍ അങ്ങ് എന്തിനാണ് പരിഭ്രാന്തനാവുന്നത് എന്ന് മനസിലാവുന്നില്ല. സിനിമയെ ഗൗരവമായി സമീപിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരും വിദ്യാര്‍ഥികളും മാത്രം മേളക്ക് എത്തിയാല്‍ മതി എന്ന് അങ്ങ് പറയുമ്പോള്‍, വലിയ തോതില്‍ അരാജകത്വമഴിഞ്ഞാടുന്ന വേദിയായിയാണ് അങ്ങ് മേളയെ കാണുന്നത് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. മുന്നുപാധികളില്ലാത്ത സംവാദവും, കലഹവും, കളിയാക്കലുകളും, സൗഹൃദങ്ങളും സംഭവിക്കുന്ന, കേരളത്തില്‍ ഇനിയും അവശേഷിക്കുന്ന കാര്‍ണിവല്‍ സ്‌പെയ്‌സുകളില്‍ ഒന്നാണ് നമ്മുടെ ചലചിത്രമേള.

 

ഈ മേളയില്‍ പങ്കെടുക്കാന്‍ അപേക്ഷനല്‍കുമ്പോള്‍, ഇപ്പോള്‍ ഒരു എഴുത്ത് പരീക്ഷയുണ്ട്; നമ്മുടെ ഇഷ്ടചിത്രങ്ങള്‍, ഇഷ്ടസംവിധായകര്‍, എല്ലാം എഴുതിനല്‍കണം. നമ്മളുടെ സംവേദനശേഷിയെ വിലയിരുത്തി മാര്‍ക്കിടാന്‍, സിനിമയുടെ അപ്പോസ്തലന്മാര്‍ ചലചിത്ര അക്കാദമിയുടെ അകത്തളങ്ങളില്‍ ഒരുങ്ങി ഇരിപ്പുണ്ട്. ഇതുവരെയുള്ള എല്ലാമേളകളിലും പങ്കെടുത്തിട്ടുള്ള ഞാന്‍, ഏതായാലും ഇത്തവണ മേളക്കില്ല. കാരണം എനിക്ക്, എലിപ്പത്തായം പോലെ ഇഷ്ടമുള്ള സിനിമകളാണ്, കിലുക്കവും,കമ്മീഷണറും, അമരവും ഒക്കെ. ആ ഇഷ്ടങ്ങളുമായി ഇത്തവണ ഞാന്‍ വെളിയില്‍ നിന്നോളാം.

https://www.facebook.com/Director.Unnikrishnan.B

This post was last modified on November 13, 2014 11:46 am