X

ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ലോഹകവചമണിഞ്ഞ് അഫ്ഗാന്‍ യുവതിയുടെ പ്രതിഷേധം

തന്റെ അടിവസ്ത്രങ്ങള്‍ ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ചതാരുന്നെങ്കില്‍ എന്നാണ് താനിപ്പോള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി

സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അഫ്ഗാന്‍ യുവതിയുടെ വ്യത്യസ്തമായ പ്രതിഷേധം. കുബ്ര കദാമിയെന്ന യുവകലാകാരിയാണ് വീടിന് പുറത്തിറങ്ങുമ്പോള്‍ ബേുര്‍ക്കയ്ക്ക് മുകളില്‍ ലോഹകവചം കെട്ടി പ്രതിഷേധിക്കുന്നത്.

യാഥാസ്ഥിതിക സമൂഹമായ അഫ്ഗാനിസ്ഥാനില്‍ ഇവര്‍ക്കെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ടെങ്കിലും ഇവര്‍ അതിനെയൊന്നും വകവയ്ക്കുന്നില്ല. ഒരിക്കല്‍ രക്ഷാകവചം ധരിച്ച് റോഡിലൂടെ കദാമി നടന്നുപോയപ്പോള്‍ ഒരുകൂട്ടം പുരുഷന്മാര്‍ ഇവരെ ആക്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഒടുവില്‍ ഒരു കാറില്‍ കയറി രക്ഷപ്പെടുകയാണ് ചെയ്തത്.

തന്റെ ഒറ്റപ്പെട്ട സമരത്തിന് നേരെ സമൂഹത്തിന്റെ വിവിധ തരത്തിലുള്ള ആക്രമണങ്ങളാണ് അവര്‍ നേരിടേണ്ടി വരുന്നത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും തന്റെ ഫോണിലേക്ക് നിരന്തരം അയച്ച് അപമാനിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഭീഷണി സന്ദേശങ്ങളും കുറവല്ല. ഭീഷണി സഹിക്കാനാകാതെ വന്നപ്പോള്‍ വീട് വിട്ട് മാറിത്താമസിക്കേണ്ടതായും വന്നു ഇവര്‍ക്ക്.

സ്ത്രീകളെ രണ്ടാം സ്ഥാനക്കാരായി മാത്രം കണ്ട് അവര്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്ന പുരുഷ സമൂഹത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്നും ലൈംഗിക ചൂഷണങ്ങള്‍ പരാതിപ്പെടുമ്പോഴെല്ലാം ശരിയായി വസ്ത്രം ധരിക്കുന്നവരെ ആരും ആക്രമിക്കില്ലെന്നാണ് ലഭിക്കുന്ന മറുപടിയെന്നും കാദമി പറയുന്നു. എന്തടിസ്ഥാനമാണ് ഇത്തരം വാദങ്ങള്‍ക്കുള്ളത് എന്നാണ് അവരുടെ ചോദ്യം. ബുര്‍ഖ ധരിച്ചെത്തുന്ന ആളുകള്‍ പോലും ആള്‍ക്കൂട്ടത്തിന് നടുവില്‍ അപമാനിക്കപ്പെടുന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തനിക്ക് കുട്ടിക്കാലത്തും കൗമാരകാലത്തും പലരില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ അടിവസ്ത്രങ്ങള്‍ ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ചതാരുന്നെങ്കില്‍ എന്നാണ് താനിപ്പോള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

This post was last modified on June 12, 2017 1:44 pm