X

അഫ്ത്താഫ് ബഹാദൂര്‍; പലതവണ തൂക്കിലേറ്റപ്പെട്ടവന്‍

അഴിമുഖം പ്രതിനിധി

അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ജൂണ്‍ പത്താം തീയതി ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് അഫ്ത്താഫ് ബഹാദൂറിനെ പാകിസ്ഥാനിലെ ലാഹോറില്‍ വച്ച് തൂക്കിക്കൊന്നു. ഒരു കുട്ടിയായിരിക്കുമ്പോള്‍ തന്നെ അഫ്താബിനെ മരണശിക്ഷയ്ക്ക് വിധിച്ചിരുന്നു. അന്താരാഷ്ട്ര, പാകിസ്ഥാനി നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലായിരുന്നു അത്.

മര്‍ദ്ദനത്തെ തുടര്‍ന്ന് തെറ്റായ കുറ്റമേറ്റുപറച്ചില്‍ നടത്തിയതിനാണ് ബാല്യത്തില്‍ തന്നെ അഫ്താബിനെ മരണശിക്ഷയ്ക്ക് വിധിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്നാണ് അഫ്താബിനെതിരെ മൊഴി നല്‍കിയതെന്ന് വിശദീകരിച്ചുകൊണ്ട് അഫ്താബിന്റെ കേസിലെ രണ്ട് ദൃക്‌സാക്ഷികളും അഫ്താബിനെതിരായ തങ്ങളുടെ മൊഴികള്‍ പിന്‍വലിച്ചിരുന്നു.

1993 ഏപ്രിലില്‍ പാസാക്കിയ സ്പീഡി ട്രയല്‍സ് ആക്ട് പ്രകാരമാണ് അഫ്താബിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ഈ ചട്ടപ്രകാരമുള്ള അതിവേഗ വിചാരണകള്‍ തീവ്രവാദികളെ ഉദ്ദേശിച്ചാണ് നടപ്പിലാക്കിയിരുന്നതെങ്കിലും ചില പ്രധാനപ്പെട്ട കേസുകളില്‍ ചട്ടം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. 22 വര്‍ഷമായി അഫ്താബിന്റെ ശിക്ഷയെ കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. തന്റെ തടവറയില്‍ നിന്നും അഫ്താബ് എഴുതിയ അവസാന കത്തിന്റെ വിവര്‍ത്തനമാണ് താഴെ.  അഫ്താബിന് നിയമസഹായങ്ങള്‍ ചെയ്യാന്‍ മുന്‍കൈ എടുത്ത റിപ്രൈവാണ് ഇത് ഉറുദുവില്‍ നിന്നും മൊഴിമാറ്റം നടത്തിയത്:

ഒടുവില്‍ എന്റെ കറുത്ത വാറന്റ് എനിക്കിപ്പോള്‍ ലഭിച്ചു. ജൂണ്‍ പത്ത് ബുധനാഴ്ച എന്നെ മരണം വരെ തൂക്കിലേറ്റുമെന്ന് അതില്‍ പറയുന്നു. ഞാന്‍ നിരപരാധിയാണ്. പക്ഷെ അതെന്തെങ്കിലും വ്യത്യാസം ഉണ്ടാക്കുമോ എന്ന് എനിക്കറിയില്ല. 22 വര്‍ഷം നീണ്ട എന്റെ തടവ് ജീവിതത്തിനിടയില്‍ ഇത്തരം മരണ വാറണ്ടുകള്‍ എനിക്ക് നിരവധി തവണ ലഭിച്ചിട്ടുണ്ട്. അത് വളരെ വിചിത്രമാണ്. പക്ഷെ, നിങ്ങളോട് പറയാന്‍ പോലും പറ്റാത്ത അത്രയും തവണ ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് അവര്‍ എന്നോട് പറഞ്ഞു. വാറണ്ടുകള്‍ പുറപ്പെടുവിക്കുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിഷമമുണ്ടാകും. ദിനങ്ങള്‍ എണ്ണാന്‍ തുടങ്ങുന്നത് തന്നെ വേദനാജനകമാണ്. എന്റെ ശരീരം കെട്ടിവരിയപ്പെട്ടത് പോലെ ഞരമ്പുകളും കെട്ടിവരിയപ്പെട്ടതായി എനിക്ക് തോന്നാന്‍ തുടങ്ങും. യഥാര്‍ത്ഥത്തില്‍ എന്റെ മരണത്തിന് മുമ്പ് തന്നെ നിരവധി തവണ ഞാന്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. മിക്കവരെക്കാളും വ്യത്യസ്ഥമാണ് എന്റെ ജീവിതാനുഭവങ്ങളെന്നെനിക്കറിയാം. എന്നാല്‍ നിങ്ങള്‍ മരിക്കാന്‍ പോവുകയാണെന്ന് നിങ്ങളോട് പറയുകയും പിന്നീട് ഒരു ഒഴിഞ്ഞ തടവ് മുറിയില്‍ എകാന്തനായി നിങ്ങള്‍ അതിന് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നതിനേക്കാള്‍ തീക്ഷണമായ മറ്റൊരു അനുഭവവുമില്ലെന്ന് ഞാന്‍ കരുതുന്നു. എന്റെ പതിനഞ്ചാം വയസ് മുതല്‍ തന്നെ ജീവിതവും മരണവും തമ്മിലുള്ള ഈ ഞാണിന്മേല്‍ കളി ഞാന്‍ കാണുന്നു. ഭാവിയെ കുറിച്ച് പൂര്‍ണമായും അനിശ്ചിതത്വം നിറഞ്ഞ ഒരു ത്രിശങ്കു സ്വര്‍ഗ്ഗമാണത്.

ഞാനൊരു ക്രിസ്ത്യാനിയാണ്. ഇവിടെ അത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ജീവിതം നരകതുല്യമാക്കാന്‍ മിനക്കെട്ട് ഇറങ്ങിയിരിക്കുന്ന ഒരു തടവുകാരന്‍ ഉണ്ടായിരുന്നു. എന്തിനാണ് അയാള്‍ അങ്ങനെ പെരുമാറുന്നതെന്ന് എനിക്കറിയില്ല. പെഷവാറില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന ബോബംബാക്രമണത്തില്‍ ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. അതെന്നെ ആഴത്തില്‍ വൃണപ്പെടുത്തി. തങ്ങളുടെ വിഭാഗീയതയെ മറികടക്കാന്‍ കഴിയുന്ന തരത്തില്‍ ആഴത്തിലുള്ള ഒരു ദേശീയബോധം പാകിസ്ഥാനികള്‍ക്ക് ഉണ്ടായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇവിടെ ഞങ്ങള്‍ നാലോ അഞ്ചോ വരുന്ന ക്രിസ്ത്യാനികളെ ഒരു ചെറുസംഘമായി ഒന്നിച്ച് ഒറ്റ സെല്ലില്‍ താമസിപ്പിച്ചിരിക്കുന്നു. ജീവിതം നേരിയ രീതിയില്‍ മെച്ചപ്പെടാന്‍ അത് സഹായിച്ചിട്ടുണ്ട്.

എന്റെ ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും ഞാന്‍ നടത്തി. ഞാനൊരു കലാസ്‌നേഹിയാണ്. എന്തിനെ കുറിച്ചെങ്കിലും നമ്മളില്‍ ബോധം സൃഷ്ടിക്കുന്ന എന്റെ ബാല്യകാലത്തില്‍ തന്നെ ഞാന്‍ ഒരു കലാകാരനായിരുന്നു. ഒരു സാധാരണ കലാകാരന്‍. ചെറുപ്പം മുതല്‍ ചിത്രകലയോട് എനിക്കൊരു ആഭിമുഖ്യം ഉണ്ടായിരുന്നു. അതുപോലെ തന്നെ ചെറുകവിതകള്‍ എഴുതുന്ന കാര്യത്തിലും. ഇക്കാര്യത്തില്‍ എനിക്ക് പരിശീലനം ഒന്നും ലഭിച്ചിട്ടില്ലെങ്കിലും അത് ദൈവത്തിന്റെ സമ്മാനമായിരുന്നു. എന്നെ ജയിലില്‍ അടച്ചതിന് ശേഷം എന്റെ വികാരങ്ങള്‍ വെളിപ്പെടുത്താന്‍ എനിക്ക് മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൂര്‍ണമായും അന്യവല്‍ക്കരിക്കപ്പെട്ട, ഏകാന്തമായ ഒരു അവസ്ഥയിലായിരുന്നു ഞാന്‍. എന്നെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കോട്ട് ലഘ്പത് ജയിലിന്റെ എല്ലാ സൂചനാ ബോര്‍ഡുകളും എഴുതിയിരുന്നത് ഞാനാണ്. പിന്നീട് മറ്റ് ജയിലുകള്‍ക്ക് വേണ്ടിയും സൂചനാ ബോര്‍ഡുകള്‍ എഴുതാന്‍ എന്നോട് ആവശ്യപ്പെടുകയുണ്ടായി. ഒരു ആശയത്തെ ചിത്രീകരിക്കുമ്പോള്‍, അല്ലെങ്കില്‍ ക്യാന്‍വാസില്‍ തൊടുമ്പോള്‍ ഉള്ള വികാരം പോലെ സന്തോഷകരമായ മറ്റൊന്നും ഞാന്‍ അനുഭവിച്ചിട്ടില്ല. അതെന്റെ ജീവിതമാണ്. അത് ഞാന്‍ വളരെ ആസ്വദിച്ച് ചെയ്യുകയും ചെയ്യുന്നു. കടുത്ത ജോലിഭാരമാണ് എനിക്ക്. ഒരോ ദിവസത്തിന്റെയും അവസാനം ഞാന്‍ തളര്‍ന്ന് പോകുന്നു. പക്ഷെ, മറ്റ് കാര്യങ്ങളില്‍ നിന്നും എന്റെ മനസിനെ അത് മാറ്റി നിറുത്താന്‍ സഹായിക്കുന്നു എന്ന ഒറ്റക്കാരണം തന്നെ എനിക്ക് ആഹ്ലാദപ്രദമാണ്.

എന്നെ സന്ദര്‍ശിക്കാന്‍ എനിക്ക് കുടുംബാംഗങ്ങള്‍ ആരുമില്ല. അതുകൊണ്ടുതന്നെ ആരെങ്കിലും വരുന്നത് വളരെ ആഹ്ലാദകരമായ അനുഭവമാണ്. പുറം ലോകത്തെ കുറിച്ചുള്ള ആശയങ്ങള്‍ക്ക് രൂപംനല്‍കുന്നതിന് അതെന്നെ സഹായിക്കുന്നു. പിന്നീടത് ക്യാന്‍വാസില്‍ പകര്‍ത്താന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് പോലീസ് എന്നെ പീഢിപ്പിച്ചത് എന്ന ചോദ്യം, ഞാന്‍ ചിത്രങ്ങളിലാക്കിയ ഭീതിജനകമായ നിരവധി ഓര്‍മകളിലേക്ക് എന്നെ മടക്കിക്കൊണ്ടു പോകും. ഞാന്‍ ചെയ്തിട്ടില്ലാത്ത കുറ്റം ഏറ്റുപറയുന്നതിനായി പോലീസ് സ്വീകരിച്ച നടപടിക്രമങ്ങളെ കുറിച്ച് ഓര്‍ക്കാതിരിക്കുന്നതായിരിക്കും ഒരു പക്ഷെ നല്ലത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2014 ഡിസംബറില്‍, മരണശിക്ഷാ നിരോധനം നീക്കുകയാണെന്ന വാര്‍ത്ത പരന്നതോടെ തടവറിയിലെ ഓരോ സെല്ലും ഭീതിയുടെ പിടിയിലായി. ഭീതിജനകമായ ഒരു അന്തഃരീക്ഷം എങ്ങും നിലനിന്നു. മ്ലാനത ഞങ്ങളെ ഭരിക്കാന്‍ തുടങ്ങി. വധശിക്ഷ ആദ്യമായി നടപ്പിലാക്കിയത് കോട്ട് ലഘ്പത് ജയിലിലാണ്. പിന്നീട് എല്ലാവര്‍ക്കും മാനസികപീഢയുടെ ദിനങ്ങളായിരുന്നു. മരണത്തിലേക്കുള്ള ഈ യാത്രയില്‍ ഞങ്ങളുടെ സഹയാത്രികരായിരുന്നു തൂക്കിക്കൊല്ലപ്പെട്ടവര്‍ എന്നതിനാല്‍ തന്നെ അവരുടെ മരണം ഞങ്ങളെ നിരാശയിലാഴ്ത്തുക എന്നത് സ്വാഭാവികം മാത്രമായിരുന്നു.

തീവ്രവാദികളെ വധിക്കുന്നതിന് വേണ്ടിയാണ് മരണശിക്ഷ നിരോധനം പിന്‍വലിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും, ഇവിടെ, കോട്ട് ലഘ്പത് ജയിലില്‍ കഴിയുന്നവര്‍ക്കെതിരെ സാധാരണ കുറ്റകൃത്യങ്ങള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത്. അവരെ വധശിക്ഷയ്ക്ക് വിധിക്കുന്നതിലൂടെ എങ്ങനെയാണ് രാജ്യത്തെ വിഭാഗീയ കലാപങ്ങള്‍ അവസാനിക്കുക എന്നെനിക്കറിയില്ല. ബുധനാഴ്ച ഞാന്‍ മരിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എനിക്ക് പണത്തിന് യാതൊരു മാര്‍ഗവുമില്ല. അതുകൊണ്ട് തന്നെ ദൈവത്തേയും എന്റെ സന്നദ്ധ അഭിഭാഷകരെയും മാത്രമേ എനിക്ക് ആശ്രയിക്കാനുള്ളു. രാത്രി വളരെ ഇരുണ്ടതാണെങ്കിലും ഞാന്‍ പ്രതീക്ഷ കൈവിടുന്നില്ല.

This post was last modified on June 12, 2015 9:03 am