X

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ്: ഭരണപക്ഷത്തിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ പിടിവള്ളി

അഴിമുഖം പ്രതിനിധി

വിവാദങ്ങളും സ്തംഭനങ്ങളുമില്ലാതെ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ തുടങ്ങാറും അവസാനിക്കാറുമില്ല. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സമ്മേളനവും പതിവിന്‍പടി തന്നെ. സമ്മേളനം സ്തംഭിപ്പിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും മത്സരിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണ്. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലും ഉത്തരഖണ്ഡ് രാഷ്ട്രപതി ഭരണവും അഗസ്റ്റവെസ്റ്റ് ലാന്‍ഡ് അഴിമതിയും ഇരുകൂട്ടരും പരസ്പരം ആയുധങ്ങളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.

എന്താണ് അഗസ്റ്റവെസ്റ്റ് ലാന്‍ഡ് 
2010 ഫെബ്രുവരിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ യുപിഎ സര്‍ക്കാരാണ് യുകെയിലെ അഗസ്റ്റവെസ്റ്റ് ലാന്‍ഡില്‍ നിന്ന് 12 എഡബ്ല്യു 101 ഹെലികോപ്റ്ററുകള്‍ 3,600 കോടി രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിക്കുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി പോലുള്ള വിവിഐപികള്‍ക്ക് സഞ്ചരിക്കുന്നതിനായിരുന്നു ഇവ. 

എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയുമായുള്ള കരാര്‍ ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് അഗസ്റ്റവെസ്റ്റ് ലാന്‍ഡ് സിഇഒ ബ്രൂണോ സ്പഗ്‌നോലിനും ഇറ്റലിയിലെ മാതൃകമ്പനിയായ ഫിന്‍മെക്കനിക്കയുടെ ചെയര്‍മാന്‍ ഗിസെപ്പെ ഓഴ്‌സിയും അറസ്റ്റിലാകുന്നു. ഇതേ തുടര്‍ന്ന് 2013ല്‍ യുപിഎ സര്‍ക്കാര്‍ കരാര്‍ മരവിപ്പിക്കുകയും പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

മുന്‍ വ്യോമസേന തലവനായിരുന്ന എസ് പി ത്യാഗിയുടെ പേരാണ് അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉയര്‍ന്നു വന്നത്. 2014ന്റെ തുടക്കത്തില്‍ ഇറ്റാലിയന്‍ കോടതി ത്യാഗിയുടെ പങ്കിനെ ശരിവയ്ക്കുകയും ചെയ്തു. ഫിന്‍മെക്കനിക്ക ത്യാഗിക്ക് കൈക്കൂലി നല്‍കിയിരുന്നുവെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ 2015ല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയില്‍ പങ്കില്ലെന്ന് പറഞ്ഞുകൊണ്ട് ത്യാഗിയെ കുറ്റവിമുക്തനാക്കി.

സിയാച്ചിന്‍, ടൈഗര്‍ ഹില്‍ പോലുള്ള ഉയര്‍ന്ന ഇടങ്ങളില്‍ പറക്കാന്‍ കഴിയുന്ന ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിനുമേല്‍ വ്യോമസേന സമ്മര്‍ദ്ദം ചെലുത്തി. പിന്നാലെ എ ഡബ്ല്യു 101ന് ആറായിരം മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയില്ലെന്നും 4572 അടി ഉയരത്തില്‍ മാത്രമേ പറക്കാന്‍ കഴിയുകയുള്ളൂവെന്നും പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

വ്യോമസേനയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമല്ല ഈ ഹെലികോപ്റ്ററെങ്കിലും താന്‍ ഇടപെട്ടശേഷമാണ് കരാര്‍ ഒപ്പിട്ടതെന്ന് ഈ കരാറിന് ഇടനില നിന്നുവെന്ന് ആരോപണമുള്ള ഗ്യുഡോ ഹാഷ്‌കെ വെളിപ്പെടുത്തി.

30 മില്ല്യണ്‍ പൗണ്ട് കൈക്കൂലിയായി അഗസ്റ്റവെസ്റ്റ് ലാന്‍ഡ് നല്‍കിയെന്നാണ് ആരോപണം. അതില്‍ 20 മില്ല്യണും ഹാഷ്‌കെയുടേയും കാര്‍ലോ ഗെരോസയുടേയും കൈകളിലൂടെയാണ്.

ത്യാഗി തലവനാകുന്നതിന് മുമ്പ് വ്യോമസേന ഹെലികോപ്റ്ററിന്റെ പറക്കാനുള്ള ഉയരശേഷി കുറയ്ക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് സിബിഐയുടെ റിപ്പോര്‍ട്ടുണ്ട്. ത്യാഗി തലവനായപ്പോള്‍ ഉയരത്തില്‍ ഇളവ് അനുവദിക്കുകയും ലേല നടപടികളില്‍ അഗസ്റ്റ തിരിച്ചെത്തുകയും ചെയ്തു.

ത്യാഗി ഹാഷ്‌കെയെ കണ്ടിരുന്നുവെന്നും അഴിമതി നടന്നത് ത്യാഗിയുടെ ബന്ധുക്കളായ ജൂലി, സന്ദീപ്, ഡോസ്‌ക എന്നിവര്‍ വഴിയായിരുന്നുവെന്നും ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ത്യാഗി നിഷേധിച്ചു. എങ്കിലും ത്യാഗി കുടുംബത്തിന് നേട്ടമുണ്ടായതായി അടുത്തിടെ മിലാനിലെ ഒരു കോടതിയുടെ വിധിയില്‍ പറയുന്നുണ്ട്.

ഇപ്പോള്‍ അഗസ്റ്റ അഴിമതിയെ വീണ്ടും ഉയര്‍ത്തി വിട്ടതും ഈ വിധിയിലെ ചില ഭാഗങ്ങളാണ്. കാര്‍ലോസ് ഗെരോസ, ക്രിസ്റ്റ്യന്‍ മൈക്കേല്‍, ഗില്‍ഡോ ഹാഷ്‌കെ എന്നീ മുന്ന് ഇടനിലക്കാര്‍ ഹെലികോപ്റ്റര്‍ ഇടപാടിലെ സമ്മര്‍ദ്ദ ശക്തി സോണിയ ഗാന്ധിയാണ് എന്ന് പറയുന്നുണ്ട്. കൂടെ അഹമ്മദ് പട്ടേലിന്റേയും പ്രണബ് മുഖര്‍ജിയുടേയും പേരുകളുമുണ്ട്.

ഈ മാസം ഓഴ്‌സിയേയും ബ്രൂണോയേയും ഇറ്റാലിയന്‍ കോടതി ഈ അഴിമതിയില്‍ ശിക്ഷിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ സിബിഐ അന്വേഷണവും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണവും നടക്കുന്നുണ്ട്. തനിക്കെതിരെ ആരോപണം ഉയര്‍ന്നതോടെ നിഷേധവുമായി സോണിയ ഗാന്ധിയും രംഗത്തെത്തി. സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷം എന്തുകൊണ്ട് ഈ വിഷയം അന്വേഷിച്ചില്ല എന്നാണ് അവരുടെ ചോദ്യം. ഒപ്പം, തങ്ങള്‍ അഗസ്റ്റയെ കരിമ്പട്ടികയില്‍ പ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിവച്ചെന്നും മോദി സര്‍ക്കാര്‍ ഇത് അട്ടിമറിച്ചെന്നും അവര്‍ പറയുന്നു. 

 

പാര്‍ലമെന്റിന്റ്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഏവരും കരുതിയിരുന്നത് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും നേരിടുന്ന വരള്‍ച്ച അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവും എന്നായിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ നോമിനിയായി രാജ്യസഭയില്‍ എത്തിയ സുബ്രഹ്മണ്യം സ്വാമി ഒരു കൊടുങ്കാറ്റു തന്നെയാണ് അഴിച്ചുവിട്ടിരിക്കുന്നത്. എതിര്‍വശത്ത് പതിവ് പോലെ സോണിയാ ഗാന്ധിയും കോണ്‍ഗ്രസിലെ ഉന്നതരും. 

 

നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്ന വന്‍ജനരോഷത്തെ മറികടക്കാനും ഭരണപക്ഷത്തിന് പുതിയ ആരോപണങ്ങള്‍ ശക്തി പകരുന്നുണ്ട്. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കുക എന്നതാണ് ഭരണപക്ഷം ഇപ്പോള്‍ ചെയ്യുന്നത്. 

This post was last modified on April 28, 2016 10:05 am