X

സുഖോയ് അപകടം; മലയാളി ഉള്‍പ്പെടെ രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു

കോഴിക്കോട് സ്വദേശി എസ് അച്ചുദേവാണ് മരിച്ച മലയാളി പൈലറ്റ്

അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ സുഖോയ് യുദ്ധവിമാനത്തില്‍ ഉണ്ടായിരുന്ന മലയാളിയുള്‍പ്പെടെയുള്ള രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരണം. വ്യോമസേന ഇന്നലെ രാത്രിയില്‍ ഇറക്കിയ പത്രക്കുറിപ്പിലാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശി ഫ്‌ളൈറ്റ് ലഫ്റ്റനന്റ് എസ്. അച്ചുദേവും സ്‌ക്വാഡ്രന്‍ ലീഡര്‍ ഡി. പങ്കജുമാണ് മരിച്ചത്. വിമാനം തകരുന്നതിനു മുമ്പ് ഇരുവര്‍ക്കും ഇജക്ഷന്‍ നടത്തി പുറത്തേക്കു ചാടാന്‍ കഴിഞ്ഞിട്ടില്ലെന്നാണു വ്യോമസേന വ്യക്തമാക്കുന്നത്.

ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ വിലയിരുത്തിയും വിമാനാവശിഷ്ടങ്ങള്‍ പരിശോധിച്ചുമാണു വ്യോമസേന ഇരു പൈലറ്റമാരും മരിച്ചതായുള്ള നിഗമനത്തിലെത്തിയത്. വിമാന അവശിഷ്ടങ്ങള്‍ക്കൊപ്പം അച്ചുദേവിന്റെ പഴ്‌സും പാന്‍കാര്‍ഡും പങ്കജിന്റെ രക്തക്കറയുള്ള ഷൂസും കണ്ടെടുത്തിരുന്നു.

അസാമിലെ തേസ്പൂര്‍ വ്യോമസേനാ താവളത്തില്‍ മേയ് 23ന് നിന്ന് പരീക്ഷണ പറക്കലിനായി പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്.