X

ശശീന്ദ്രനെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കും

രാജിവച്ചത് നല്ല കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനാണെന്നും മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം പുറത്തെത്തിയ ശശീന്ദ്രന്‍ പറഞ്ഞു

സഹായത്തിനായി സമീപിച്ച സത്രീയോട് ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് രാജി വച്ച മന്ത്രി എകെ ശശീന്ദ്രനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തും. ഏത് തരത്തിലുള്ള അന്വേഷണമാണ് വേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമായേക്കും. ജുഡീഷ്യല്‍ അന്വേഷണമോ ക്രൈംബ്രാഞ്ച് അന്വേഷണമോ നടത്തിയേക്കുമെന്ന്‍ സൂചനയുണ്ട്. അതേസമയം ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തനിക്കെതിരായ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് അദ്ദേഹം പിണറായിയെ അറിയിച്ചു. രാജിവച്ചത് നല്ല കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനാണെന്നും മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം പുറത്തെത്തിയ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിസ്ഥാനമല്ല, എന്റെ നിരപരാധിത്വം തെളിയിക്കലാണ് പ്രധാനമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ശശീന്ദ്രന്‍ ആവര്‍ത്തിച്ചു. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും താന്‍ മുന്നോട്ടുവച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മന്ത്രിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നായിരുന്നു ശശീന്ദ്രന്റ മറുപടി.

മന്ത്രിയുടേത് എന്ന പേരില്‍ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോണ്‍ സംഭാഷണം ഒരു ടിവി ചാനല്‍ ഇന്നലെ രാവിലെ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് ഉച്ചതിരിഞ്ഞ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശശീന്ദ്രന്‍ രാജി പ്രഖ്യാപിച്ചത്. പിണറായി മന്ത്രിസഭ പത്ത് മാസം തികച്ചതിന് പിറ്റേന്നാണ് മന്ത്രി എകെ ശശീന്ദ്രനെ എട്ട് മിനിറ്റ് നീളുന്ന ഫോണ്‍ സംഭാഷണം കുരുക്കിയത്. സഹായം അഭ്യര്‍ത്ഥിച്ച സ്ത്രീയോടുള്ള സംഭാഷണമെന്നാണ് ചാനല്‍ അറിയിച്ചത്. എന്നാല്‍ സംഭാഷണത്തിലുടനീളം പുരുഷശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.

This post was last modified on March 27, 2017 11:12 am