X

ആകാശ് വാണി; ഒരു കൊതുകു കണ്ട കഥ (കവി ഉദ്ദേശിച്ചത് എന്താണാവോ?)

സഫിയ ഒ സി

ഒരു കൊതുകു കണ്ട കഥ. അതാണ് ആകാശ് വാണിയുടെ ടാഗ് ലൈന്‍. താരതമ്യേന ദീര്‍ഘമായ ടൈറ്റില്‍ ഗാനവും കാര്‍ഡ്സും കാണിച്ചതിന് ശേഷം പറന്നു വന്ന് നായകന്‍റെ മൂക്കിന്‍ തുമ്പത്തു വന്നിരിക്കുന്ന ആ കൊതുകു കണ്ട കാഴ്ചയായിരിക്കണം ചിത്രം. എന്തായാലും കൊതുകും സിനിമയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രം. കവി (സംവിധായകന്‍) എന്താണാവോ ഉദ്ദേശിച്ചത്? ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം എന്നോ മറ്റോ ആണോ? ആര്‍ക്കറിയാം..!

നവാഗതനാണ് സംവിധായകന്‍. 2015ല്‍ ആകെ ഇറങ്ങിയ 151 സിനിമകളില്‍ 83 എണ്ണവും സംവിധാനം ചെയ്തത് നവാഗതരാണ് എന്നാണ് മലയാള സിനിമയുടെ വര്‍ഷാന്ത്യ കണക്ക് പറയുന്നത്. ഇവരില്‍ എത്ര പേര്‍ പച്ച തൊട്ട് എന്നു പ്രേക്ഷകര്‍ക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ..

മലയാളത്തില്‍ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ജോണറില്‍ പെടുത്താവുന്ന ചിത്രമാണ് ആകാശ് വാണി. ഒരു കുടുംബ ചിത്രം. മലയാള സിനിമയുടെ ബ്ലാക്ക് ആന്ഡ് വൈറ്റ് യുഗവും 80 കളും 90 കളുമൊക്കെ കുടുംബ ചിത്രങ്ങളുടെ പുഷ്കലകാലമായിരുന്നു. കുടുംബപുരാണം എന്ന പേരില്‍ ഒരു സിനിമ തന്നെ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിട്ടുണ്ട്. ഗള്‍ഫ് പണത്തിന്റെ തള്ളിച്ചയില്‍ ഉയര്‍ന്നു വന്ന മലയാളി മധ്യവര്‍ഗ്ഗം ഈ കുടുംബ ചിത്രങ്ങളെ കൊണ്ടാടി. ഐ വി ശശി, ബാലചന്ദ്ര മേനോന്‍, സത്യന്‍ അന്തിക്കാട്, ഫാസില്‍, സിബി മലയില്‍ തുടങ്ങി നിരവധി സംവിധായകര്‍ നൂറു മേനി വിളവു കൊയ്തു. ന്യൂ ജനറേഷന്‍ സിനിമയുടെ വരവോടെ സിനിമ നഗര കേന്ദ്രിതമായി. വീടകങ്ങളില്‍ നിന്ന് വൃദ്ധരും കുട്ടികളും അപ്രത്യക്ഷരായി. യുവാക്കളുടെ നോണ്‍ ലീനിയര്‍ ഒളിച്ചേ കണ്ടേ കളികളായി മലയാള സിനിമയിലെ ജീവിതം. അതിനിടയില്‍ കാലം തെറ്റി പെയ്യുന്ന മഴ പോലെ വന്ന ഞങ്ങളുടെ വീട്ടിലെ അതിഥി, സൈഗാള്‍ പാടുന്നു എന്നിങ്ങനെയുള്ള കുടുംബ ചിത്രങ്ങള്‍ വന്നതും പോയതും ആരുമറിഞ്ഞില്ല. ആകാശ് വാണിക്കും ആ ഗണത്തില്‍പ്പെട്ട ചിത്രങ്ങളുടെ ഗതി തന്നെയായിരിക്കുമോ?

സമൂഹത്തിലെ ഉയര്‍ന്ന ക്ലാസില്‍ പെട്ട ദമ്പതികളാണ് ആകാശും വാണിയും (സിനിമയുടെ പേരിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയല്ലോ.. അല്ലേ!) ഉപനായകന്‍മാരുടെ കൂട്ടത്തില്‍ ഭേദപ്പെട്ട ഇമേജുള്ള വിജയ് ബാബുവാണ് നായകനായി രംഗപ്രവേശം ചെയ്തു കല്ലെടുക്കുന്ന തുമ്പിയാകുന്നത്. (ലാല്‍ ജോസിന്റെ നി-നയില്‍ സാമാന്യം നല്ല രീതിയില്‍ അയാള്‍ ആ റോള്‍ കൈകാര്യം ചെയ്തിരുന്നു. പക്ഷേ അതൊരു സ്ത്രീപക്ഷ സിനിമയാണല്ലോ(?)). രണ്ടാം വരവില്‍ വേണ്ടത്ര ക്ലച്ച് പിടിക്കാത്ത കാവ്യ മാധവനാണ് വാണി. ആളൊരു ഉശിരന്‍ മാധ്യമ പ്രവര്‍ത്തക. ബില്‍ഡറായ നായകനും മാധ്യമ പ്രവര്‍ത്തകയായ നായികയും മകനും ചേര്‍ന്ന അണുകുടുംബം. കുട്ടിയും നായകന്‍റെ അമ്മയും പാര്‍ശ്വവത്കൃതര്‍. രണ്ടു പേരുടെയും തിരക്ക് കാരണം കുട്ടിയെ ബോര്‍ഡിംഗിലാക്കിയിരിക്കുകയാണ്. നാട്ടിലെ വീട്ടില്‍ ഏകാന്ത ജീവിതം നയിക്കുകയാണ് നായകന്‍റെ അമ്മ. നായികയുടെ അപ്പന്‍ പരിഹാസ്യ കഥാപാത്രമാണ്. തങ്ങളുടെ ദാമ്പത്യത്തില്‍ നിശബ്ദതയ്ക്ക് തുടക്കം ഇട്ടത് അമ്മായിഅപ്പന്‍ ആണെന്നാണ് നായകന്‍റെ തിയറി. 

എന്തായാലും പ്രതീക്ഷിച്ചത് തന്നെ സംഭവിക്കുന്നു. പൊരുത്തക്കേടുകള്‍ മൂര്‍ച്ഛിക്കുന്നു. അവിടെയാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി ഒരു ട്വിസ്റ്റ് ഒരുക്കിയിട്ടുള്ളത്. ഒരു സങ്കല്‍പ്പിക സന്ദര്‍ഭം. വേണമെങ്കില്‍ ‘ഭ്രമാത്മകം’ എന്ന ബുദ്ധിജീവി പദം ഉപയോഗിക്കാം. ഒരു കിം കി ഡുക്ക് സ്റ്റൈല്‍. (ഈ അധിക പ്രസംഗത്തിന് കിമ്മിന്റെ ആരാധകര്‍ ക്ഷമിക്കുക). ഒടുവില്‍ ദാമ്പത്യത്തെ കുറിച്ചുള്ള ആ മഹത്തായ പാഠങ്ങള്‍ നായികയും നായകനും പഠിക്കുകയും തെറ്റുകള്‍ തിരുത്തുകയും ഒരു വെക്കേഷന്‍ അടിച്ചു പൊളിക്കാന്‍ മൂവരും യാത്ര തിരിക്കുകയും ചെയ്യുന്നു. (അമ്മയും അമ്മായി അപ്പനും ഔട്ട്)

ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമളയെ ഓര്‍ക്കുക. സിനിമയുടെ ഒടുവില്‍ എല്ലാം കലങ്ങി തെളിഞ്ഞതിന് ശേഷം നായകനും നായികയും രണ്ടു മക്കളും ജീവിതപ്പാതയിലൂടെ നടന്നു വരുന്ന ഒരു ദൃശ്യമുണ്ട്. ഒരു വശത്തൂടെ രാഷ്ട്രീയ ജാഥയും മറ്റൊരു സൈഡിലൂടെ ശബരിമലയിലേക്കുള്ള സ്വാമിമാരും ഇവരെ കടന്നു പോകുന്നു.

അതേ ശാന്ത സുന്ദരമായ ജീവിതം..! മുന്നോട്ടു തന്നെ. 

ഇവിടെ ഞാനും എന്‍റെ ഭാര്യയും കുഞ്ഞും പിന്നെ ഒരു ബി എം ഡബ്ല്യു കാറും!

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on February 21, 2016 11:22 am