X

ക്ഷണമനുസരിച്ച് വിവാഹത്തിനെത്തിയ പോലീസ് സംഘത്തെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു; കേസ് വഴിതിരിച്ചു വിടാന്‍ നാളെ ഹര്‍ത്താല്‍

അഴിമുഖം പ്രതിനിധി

ആലപ്പുഴ തുറവൂര്‍ മാധവം ബാലികാ സദനത്തിലെ വിവാഹ ചടങ്ങിനെത്തിയ പോലീസിന് നേര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകനായ അഭിഭാഷകന്റെ നേതൃത്വത്തില്‍ ആക്രമണം. ആക്രമണത്തില്‍ എസ്.ഐയും എ.എസ്.ഐയും ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ബാലികാ സദനത്തിലെ അനാഥ പെണ്‍കുട്ടിയുടെ വിവാഹം പോലീസ് അലങ്കോലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് ആര്‍എസ്എസ് ചേര്‍ത്തല റവന്യൂ താലൂക്കില്‍ നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് വളമംഗലത്താണ് സംഭവം. വിവാഹ ചടങ്ങുനടക്കുന്ന വളമംഗലത്തെ ബാലികാ സദനത്തിന് സമീപത്തു നിന്ന് ഒരു വീടാക്രമണക്കേസിലെ പ്രതിയെ എസ്.ഐയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. പ്രതിയെ സ്‌റ്റേഷനില്‍ എത്തിച്ചശേഷം ഒരുമണിയോടെ ക്ഷണമനുസരിച്ച് എസ്.ഐയും സംഘവും മഫ്തിയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. വീണ്ടും പ്രതികളെ തിരക്കിയാണ് പോലീസെത്തിയതെന്നാരോപിച്ച് ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസി അഡ്വ. രാജേഷ് എസ്.ഐയെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ കോമ്പൗണ്ടിന്റെ ഗേറ്റ് പൂട്ടി. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ എസ്.ഐയെ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയുമായിരുന്നു. വടികൊണ്ടുള്ള അടിയേറ്റ് എസ്.ഐയുടെ ഇടതുകൈയുടെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്. സംഭവം കണ്ട പോലീസുകാര്‍ ഓടിയെത്തി എസ്ഐയെ ജീപ്പില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ പ്രകോപിതരായവര്‍ താക്കോല്‍ ഊരിയെടുത്തശേഷം ജീപ്പിന്റെ മുന്‍ഭാഗത്തെ ചില്ല് കല്ലിനിടിച്ചു പൊട്ടിച്ചു. പോലീസ് ആക്രമണം നടത്തിയെന്ന് ആരോപിച്ച് തുറവൂരില്‍ ആര്‍എസ്എസ് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

 

കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. എ.എല്‍ അഭിലാഷ്, എ.എസ്.ഐ ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസുകാരായ ജൂഡ്, സജീവ് എന്നിവര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും ആര്‍.എസ്.എസ് ജില്ലാ കാര്യകാരി സദസി അഡ്വ. രാജേഷ്, മറ്റൊരു പ്രവര്‍ത്തകന്‍ ഗിരീഷ് എന്നിവര്‍ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും ചികിത്സയിലാണ്. 

 


പരിക്കേറ്റ് തുറവൂര്‍ സര്‍ക്കാര്‍ ആശുത്രിയില്‍ കഴിയുന്ന എസ്.ഐ അഭിലാഷിനെ ജില്ലാ പോലീസ് മേധാവി എ.അക്ബര്‍ സന്ദര്‍ശിക്കുന്നു

 

അതേ സാമയം, വിവാഹചടങ്ങുകള്‍ നടക്കുന്നിടത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പോലീസിനെ തടഞ്ഞ അഡ്വ.രാജേഷിനെ എസ്.ഐ.മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഇതിനെ തടയാന്‍ ശ്രമിക്കുക മാത്രമാണ് പ്രവര്‍ത്തകര്‍ ചെയ്തതെന്നും പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. എന്നാല്‍ വീടാക്രമണ കേസിലെ പ്രതിയ പിടികൂടിയത് വിവാഹം നടക്കുന്നിടത്തു നിന്നല്ലെന്നും. വിവാഹത്തില്‍ പങ്കെടുക്കാനുള്ള ക്ഷണപ്രകാരമാണ് തങ്ങള്‍ സംഭാവനയുമായി എത്തിയതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മഫ്തിയിലായിരുന്ന പോലീസ് സംഘത്തിന് നേര്‍ക്ക് തട്ടിക്കയറുകയായിരുന്നുവെന്നും മന:പൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. 

 

എന്നാല്‍, പിണറായി വിജയന്റെ ഭരണകാലത്ത് അനാഥപെണ്‍കുട്ടികള്‍ക്കും രക്ഷയില്ല എന്ന തരത്തില്‍ വ്യാപകമായി വാട്ട്സ്ആപ് മെസേജുകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഹര്‍ത്താലിനുള്ള ആഹ്വാനവും ഇത്തരത്തിലുള്ളതാണ്.

 


ആര്‍എസ്എസ് പ്രതിഷേധ പ്രകടനം നടത്തുന്നു

This post was last modified on November 6, 2016 11:26 pm