X

നവ ചലച്ചിത്രാനുഭവങ്ങള്‍ പകര്‍ന്ന ‘ആലിഫ് 2015’ ന് നാളെ കൊടിയിറക്കം

 അഴിമുഖം പ്രതിനിധി

ലോക ചലച്ചിത്രോത്സവഭൂപടത്തില്‍ കൊച്ചിയുടെ സ്ഥാനം മുദ്രണം ചെയ്ത് ആലിഫ് 2015 ന് നാളെ കൊടിയിറക്കം. ആലിഫ് 2015 നോടനുബന്ധിപ്പിച്ച് സംഘടിപ്പിച്ച ദക്ഷിണേഷ്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ സിനിമ വിപണനമായ ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റിനും താല്‍ക്കാലിക വിരാമം. 

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തഭാഷകളിലെ 121 സിനിമകള്‍ ആലിഫ് 2015 ല്‍ പ്രദര്‍ശിപ്പിച്ചു. മുഖ്യധാര – സമാന്തര ഭേദമില്ലാതെ മികച്ച സിനിമകള്‍ അവതരിപ്പിക്കുക എന്ന സംഘാടക ലക്ഷ്യം വിജയിച്ചതായി ചലച്ചിത്രമേള തെളിയിച്ചു. വിദേശ ചലച്ചിത്രങ്ങള്‍ക്കൊപ്പം മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശികഭാഷചിത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കിയ മേളയില്‍ പ്രത്യേക വിഭാഗങ്ങളുടെ റിട്രോസ്‌പെക്ഷനും ശ്രദ്ധേയമായി.

ചലച്ചിത്രങ്ങളുടെ നവസംസ്‌കാരം കൊച്ചിയെ പരിചയപ്പെടുത്തിയതാണ് ആലിഫ് 2015 ന്റെ പ്രത്യേകതയെന്ന് സിനിമ പ്രവര്‍ത്തകയായ രശ്മി സതീഷ് അഭിപ്രായപ്പെട്ടു. ബഹളങ്ങളില്ലാതെ മികച്ച സിനിമകള്‍ കാണാന്‍ കഴിഞ്ഞു. മുഖ്യധാരാ, സിനിമപ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം ചലച്ചിത്രോത്സവത്തെ സമ്പന്നമാക്കിയെന്നും ഗായിക കൂടിയായ രശ്മി പറഞ്ഞു.

സിനിമ ഫോര്‍ കെയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററികളും കഥാചിത്രങ്ങളും നിറഞ്ഞ കയ്യടിയോടെയാണ് ചലച്ചിത്രാസ്വാദകര്‍ സ്വീകരിച്ചത്. കടുത്ത പരിസ്ഥിതി മലിനീകരണത്തിനിരകളായി ജീവിതം ഹോമിക്കപ്പെടുന്ന സാധാരണ മനുഷ്യരുടെ ജീവിതം ചിത്രീകരിച്ച സ്പാനിഷ് ഡോക്യുമെന്ററി ശ്രദ്ധ നേടി.

ആദ്യപ്രദര്‍ശനത്തിനെത്തിയ മലയാള ചലച്ചിത്രം ഡോ. ബിജു ദാമോദരന്റെ വലിയ ചിറകുള്ള പക്ഷികള്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. സിനിമ ഫോര്‍ കെയര്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വലിയ ചിറകുള്ള പക്ഷികള്‍ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരന്തകഥയാണ് വരച്ചുകാണിക്കുന്നത്. മലയാളി മറക്കാന്‍ ശ്രമിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദയനീയ ജീവിതം രാഷ്ട്രീയമായി വായിക്കാന്‍ ശ്രമിക്കുകയാണ് സംവിധായകനായ ബിജു ദാമോദരന്‍. ഒരു ഫോട്ടോഗ്രാഫറുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കപ്പെടുന്ന സിനിമയില്‍ ബോബന്‍ കുഞ്ചാക്കോ, പ്രകാശ് ബാരെ, നെടുമുടി വേണു, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ വേഷമിടുന്നുണ്ട്.

സിനിമയില്‍ നിന്നു ലഭിക്കുന്ന വരുമാനം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് പ്രദര്‍ശനത്തിനുശേഷം നടന്ന സംവാദത്തില്‍ ബിജു ദാമോദരന്‍ പറഞ്ഞു.

ബംഗാളി സിനിമയിലെ സൂപ്പര്‍താരമായ പ്രൊസെന്‍ജിത്ത് ചാട്ടറ്റര്‍ജിയും, മറാഠി സിനിമയുടെ ബ്രാന്‍ഡ് അംബാസര്‍ സുബോദ് ഭാവെയുടെയും സാന്നിദ്ധ്യം ചലച്ചിത്രമേളയെ ശ്രദ്ധേയമാക്കി.

ഒട്ടേറെ പുതുമകളുടെ അരങ്ങേറിയ ആലിഫ് 2015 ന്റെയും ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റിന്റെയും സമാപന പരിപാടികള്‍ ഗോകുലം പാര്‍ക്ക് ഹോട്ടലിലാണ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് അഞ്ചു മുതല്‍ സിനിമാരംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന റെഡ് കാര്‍പെറ്റ് ആരംഭിക്കും. പുരസ്‌കാര പ്രഖ്യാപനവും വിതരണവും ആറ് മണി മുതല്‍ നടക്കും.

This post was last modified on November 18, 2015 6:02 pm