UPDATES

അമിത് ഷായുടെ ഒറ്റ കാര്‍ഡ്, ആധാറിലെ സുപ്രീം കോടതി വിധി മറികടക്കാനോ?

പൗരത്വ പട്ടികയും ഇതിന്റെ ഭാഗമായി തയ്യാറാക്കപ്പെടും

പൗരന്മാരുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഒറ്റ കാര്‍ഡ് എന്ന നിര്‍ദ്ദേശമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അവതരിപ്പിച്ചത്. ഒരു നിയമം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ചാണ് അമിത് ഷാ പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഒരു പൗരനെന്ന നിലയfല്‍ ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ ഒറ്റ കാർഡ്എന്നതാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം.

ആധാര്‍, പാസ്‌പോര്‍ട്ട്, ബാങ്ക് എക്കൗണ്ട്, ഡ്രൈവിംങ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവയല്ലാം ചേര്‍ത്ത് ഒരു കാര്‍ഡ് എന്ന നിര്‍ദ്ദേശമാണ് അമിത് ഷാ മുന്നോട്ടുവെച്ചത്. ഇത് എങ്ങനെ പ്രാവര്‍ത്തികമാകുമെന്നതിനെക്കുറിച്ച് അദ്ദേഹവും ആഭ്യന്തര മന്ത്രാലയവും നിർദ്ദേശങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടുമില്ല. ഇതിന് പുറമെ 2021 ലെ സെന്‍സസ് ഡിജിറ്റലായിട്ടായിരിക്കും നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്പ് വഴി വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് പദ്ധതി.

ഒറ്റ കാര്‍ഡുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രായോഗികവും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കപ്പുറം ഈ നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി വിധി മറികടക്കുന്നതു കൂടി ലക്ഷ്യമിടുന്നതായുള്ള സംശയങ്ങളാണ് ഉയര്‍ത്തപ്പെടുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ആധാറിന്റെ ഭരണഘടന സാധുത പരിശോധിച്ചുള്ള സുപ്രീം കോടതി വിധി പുറത്തുവന്നത്. സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് പുറപ്പെടുവിച്ച, ഒന്നിനെതിരെ നാല് പേരുടെ വിധി ആധാര്‍ കാര്‍ഡ് നിയമാനുസൃതമാണെന്ന് വിലയിരുത്തിയിരുന്നു. സാമൂഹ്യമായ നേട്ടത്തില്‍ വ്യക്തികളില്‍നിന്ന് കുറച്ചുമാത്രം വ്യക്തി വിവരങ്ങളാണ് സര്‍ക്കാര്‍ ശേഖരിക്കുന്നതെന്നതായിരുന്നു സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. സാമൂഹ്യ സുരക്ഷ പദ്ധതികളെ ആധാറുമായി ബന്ധപ്പെടുത്താനും സുപ്രീം കോടതി സര്‍ക്കാറിന് അനുമതി നല്‍കി. എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും കാര്‍ഡ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിനെയും എതിര്‍ത്തിരുന്നു.

എന്നാല്‍ അമിത് ഷാ നിര്‍ദ്ദേശിച്ച ഒറ്റ കാര്‍ഡ് നിലവില്‍വരുന്നതോടെ കോടതിയുടെ വിധി തന്നെ ഫലത്തില് അപ്രസക്തമാക്കപ്പെടും. എല്ലാ കാര്യത്തിനും ഒരു കാര്‍ഡ് എന്ന ആശയം നടപ്പിലാക്കപ്പെടുന്നതോടെ, നേരത്തെ സുപ്രീം കോടതി വിലക്കിയ കാര്യങ്ങള്‍ക്കും കാര്‍ഡ് ഉപയോഗം ബാധകമാക്കും. വ്യക്തികളില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ വ്യപാകമായി ഉപയോഗിക്കപ്പെടാന്‍ ഇത് വഴിവെയ്ക്കും. ആധാറിനെതിരെ തന്നെ ഉന്നയിക്കപ്പെട്ട -സര്‍ക്കാര്‍ നിരീക്ഷണം എന്ന കാര്യം കൂടുതല്‍ ശക്തമാക്കപ്പെടുകയാവും ഇത് മൂലം സംഭവിക്കാന്‍ സാധ്യത.

സര്‍ക്കാരിന്റെ നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കുന്ന നിര്‍ദ്ദേശമാണ് അമിത് ഷാ മുന്നോട്ടുവെച്ച മറ്റൊരു കാര്യം. സെന്‍സസ് മൊബൈല്‍ ആപ്പ് വഴി ആക്കുന്നതോടെയാവകയും പൗരത്വ പട്ടികയ്ക്ക് വേണ്ടി ഇത് ഉപയോഗിക്കുകയും ചെയ്യുമെന്നാണ് സൂചന. ഇതോടെ അസമിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും പൗരത്വ റജിസ്റ്റര്‍ നിലവില്‍വരികയും സ്ഥിരതാമസക്കാരല്ലാത്തവരെ കണ്ടെത്താനുള്ള പരിപാടി ഊര്‍ജ്ജിതമാക്കുകയും ചെയ്‌തേക്കും. പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കുന്നതിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുളള നേതാക്കള്‍ നേരത്തെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ട അര്‍ത്ഥത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് റോളൊന്നും ഉണ്ടാകാന്‍ ഇടയില്ല.

പുതിയ കാര്‍ഡ് ഇന്നത്തെ സാഹചര്യത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് പുതിയ ബില്ല് കൊണ്ടുവരേണ്ടി വരും. ആധാര്‍ ബില്ല് ധനബില്ല് ആയി അവതരിപ്പിച്ച് പാസ്സാക്കിയതിനെ ഭരണഘടനാ ബഞ്ചിലെ ജസ്റ്റീസ് ചന്ദ്രചൂഡ് എതിർത്തിരുന്നു.  രാജ്യസഭയെ മറികടക്കാനാണ് സര്‍ക്കാരുകള്‍ ചില ബില്ലുകള്‍ ധനബില്ലായി അവതരിപ്പിക്കാറുള്ളത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ രാജ്യസഭയിലും സര്‍ക്കാരിന് പല നിര്‍ണായക ബില്ലുകളും പാസ്സാക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ വലിയ വെല്ലുവിളി നേരിടാൻ ഇടയില്ല

 

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍