X

സ്വച്ച് ഭാരത് (വള്ളിക്കാവ് മോഡല്‍)

ഉണ്ണികൃഷ്ണന്‍ വി 

കരുനാഗപ്പള്ളി വള്ളിക്കാവിലെ അമൃത എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും കക്കൂസ് മാലിന്യം ജനവാസപ്രദേശങ്ങളിലേക്ക്‌ ഒഴുക്കി വിടുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തിയ സമരം വിജയം കണ്ടിരിക്കുകയാണ്. പ്രദേശവാസികളുടെ സംഘടിത ശക്തിയ്ക്ക് മുന്നില്‍ അമൃതാനന്ദമയി മഠവും അധികൃതരും ഒടുവില്‍ മുട്ടു മടക്കി. അമൃത എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കിയതിനെത്തുടര്‍ന്ന് ദുരിതത്തിലായ ക്ലാപ്പന പതിമൂന്നാം വാര്‍ഡ്‌ നിവാസികള്‍ കഴിഞ്ഞ ആറു ദിവസമായി സമരത്തിലായിരുന്നു. രാഷ്ട്രീയ, ജാതിമത ഭേദമില്ലാതെ പ്രദേശവാസികള്‍ എല്ലാവരും ജനകീയമുന്നണി വള്ളിക്കാവ് എന്ന കൂട്ടായ്മ രൂപീകരിച്ചാണ് സമരം നടത്തിയത്. ആദ്യ തവണ അലസിപ്പോയെങ്കിലും ആര്‍ഡിഒയുടെ നേതൃത്വത്തില്‍ രണ്ടാമതു നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പിലായത്. പ്രദേശവാസികള്‍ വച്ച വ്യവസ്ഥകളെല്ലാം മഠം അംഗീകരിക്കുകയായിരുന്നു. 

പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്‍റില്‍ നിന്നും ഇതാദ്യമായല്ല പ്രദേശവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാവുന്ന രീതിയിലുള്ള പ്രവര്‍ത്തനമുണ്ടാവുന്നത്. വര്‍ഷങ്ങളായി അമൃതാനന്ദമയി മഠത്തില്‍ നിന്നും കോളേജില്‍ നിന്നും മേല്‍പ്പറഞ്ഞ പ്ലാന്‍റില്‍നിന്നും  സമീപപ്രദേശങ്ങളിലേക്ക്‌ മാലിന്യങ്ങള്‍ തള്ളാറുണ്ടായിരുന്നു. സ്ഥലത്തെ ടിഎസ് കനാലിലേക്ക് പള്ളിത്തോട് എന്ന ചെറു തോടുവഴിയാണ് മനുഷ്യവിസര്‍ജ്ജ്യമടക്കമുള്ള മാലിന്യങ്ങള്‍ ഒഴുക്കിവിടാറുണ്ടായിരുന്നതെന്ന് തദ്ദേശവാസികള്‍ പറയുന്നു. കനാലിന്‍റെ ഷട്ടര്‍ തകരാറിലായിരുന്നതിനാല്‍ അടയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. എപ്പോഴും തുറന്നു കിടന്നിരുന്ന കനാല്‍ വഴി കോളേജിലെ മാലിന്യങ്ങള്‍ തടസ്സമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.  അടുത്ത ദിവസങ്ങളില്‍ ഷട്ടര്‍ നന്നാക്കിയപ്പോള്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്നത്തിന്‍റെ ഗൌരവം പ്രദേശവാസികള്‍ക്ക് മനസ്സിലായത്. ഇതുകാരണം പലവിധ അസുഖങ്ങളാണ് പ്രദേശവാസികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചത്. അടുത്തിടെ 13ല്‍ അധികം ആളുകളാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയത്.

അശാസ്ത്രീയമായ നിര്‍മ്മിച്ചിട്ടുള്ള പ്ലാന്‍റ് നിറഞ്ഞതോടെ കോളേജ് ഹോസ്റ്റലിലെ കക്കൂസ് മാലിന്യങ്ങൾ ആശ്രമത്തിന്റെ തന്നെ സ്ഥലത്ത് ജെ.സി.ബി ഉപയോഗിച്ച് കുഴി എടുത്ത് മൂടാന്‍ ശ്രമം നടന്നിരുന്നു. പള്ളിത്തോട്ടിലേക്കും കുഴികളിലേക്കും  മാലിന്യം പമ്പ് ചെയ്യാൻ തുടങ്ങിയതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു.

മഠത്തിനെതിരെ നാളുകള്‍ക്ക് മുന്‍പുതന്നെ ബന്ധപ്പെട്ട അധികാരികള്‍ക്ക്  പരാതി നല്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ പതിനഞ്ചു വര്‍ഷമായി പഞ്ചായത്ത് അധികൃതരും ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് പ്രദേശവാസിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ വിജീഷ് പറയുന്നു.

‘പല തവണ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും മഠത്തിനെതിരെ നടപടിയെടുത്തിരുന്നില്ല. ഇത്തവണ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നതാധികാരികൾക്ക് പരാതിയിരുന്നെങ്കിലും സ്ഥലം സന്ദർശിച്ചതല്ലാതെ യാതൊരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.’ വിജീഷ് കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബുധനാഴ്ച (നവംബര്‍ 11) വൈകീട്ട് സ്ഥലം സന്ദർശിച്ച തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു.കരുനാഗപ്പള്ളി എ.സി.പിയുമായി രാത്രിയിൽ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് അവരെ വിട്ടയച്ചത്. ആര്‍ ഡിഒ സ്ഥലത്തെത്തുമെന്നും പ്രദേശവാസികളുടെ പ്രശ്നത്തിനു പരിഹാരം കാണുമെന്നുമായിരുന്നു എ.സി.പിയുടെ ഉറപ്പ്.

വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയെത്തിയ ആർഡിഒ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്ന സ്ഥലവും പരിസരവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും നേരിട്ടുകണ്ടു. എന്നാല്‍ അമൃതാനന്ദമയി മഠം അധികൃതര്‍ തികച്ചും ധിക്കാരപരമായ നടപടിയാണ് അന്വേഷണത്തിയ ആര്‍ഡിഒയോടു കാണിച്ചത്. അദ്ദേഹത്തെ കാണാനോ തങ്ങളുടെ തെറ്റു തിരുത്താനോ മഠം തയ്യാറായില്ല.

തുടര്‍ന്ന് മഠം അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ കോളേജ് ഉപരോധിക്കുകയുണ്ടായി. ഇതോടെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലെത്തിയ ആർ.ഡി.ഒ മഠം അധികൃതരും പരിസരവാസികളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ല.തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച പ്രദേശവാസികള്‍ ഹര്‍ത്താല്‍ ആചരിക്കുകയുണ്ടായി.

ഇതേത്തുടര്‍ന്ന് പഞ്ചായത്തിലെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിനെ ഒരു പ്രത്യേക മതവിഭാഗം ഗൂഡലക്ഷ്യങ്ങളോടെ നടത്തുന്ന ഇടപെടലുകളാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയ വഴി കുപ്രചരണങ്ങള്‍ നടത്തുവാനും അമൃതാനന്ദമയി മഠത്തിന്‍റെ ഭാഗത്തുനിന്നും ശ്രമുണ്ടായിരുന്നു. 

കോളേജിലെ മാലിന്യസംസ്കരണ പ്ലാന്‍റില്‍ നിന്നും സാങ്കേതിക തകരാര്‍ മൂലം പുറത്തുവന്ന ജൈവമാലിന്യം മനുഷ്യവിസര്‍ജ്ജ്യമാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ ക്രൈസ്തവ സഭയും ജമാ-അത്തെ ഇസ്ലാമിയും ശ്രമിക്കുന്നതായാണ് പ്രചരണം. സ്ഥലത്തെ പള്ളിവികാരിയും ഇടവക അംഗങ്ങളും കന്യാസ്ത്രീകളുമടക്കമുള്ളവര്‍  ജനകീയ മുന്നണിയോടൊപ്പം അണിനിരന്നിരുന്നു, അതുപോലെ തന്നെ ഇസ്ലാം മതവിശ്വാസികളും. സമരരംഗത്തു സജീവമായി നില്‍ക്കുന്ന വിജീഷിനെതിരെയും ആരോപണങ്ങള്‍ മഠം ഉയര്‍ത്തിയിട്ടുണ്ട്. മാതാ അമൃതാനന്ദമയി മഠത്തിനെതിരെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ ‘ജമാ-അത്തെ ഇസ്ലാമിയുടെ മീഡിയ-വണ്‍’ ചാനലുമായി ചേര്‍ന്ന് വിജീഷ് നിരന്തരം ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു ആരോപണം.

തങ്ങളുടെ നിലനില്‍പ്പിന്റെ കാര്യത്തില്‍ ഒരുമിച്ചു നിന്നവരെ മതത്തിന്‍റെ പേര് പറഞ്ഞു മാറ്റിനിര്‍ത്താന്‍ സ്ഥലത്തെ ബിജെപി ഘടകവും മഠത്തിന്‍റെ കൂടെയുണ്ട്. പ്രതിഷേധപ്രകടനവുമായി മഠത്തിലേക്കു പ്രവേശിക്കാനെത്തിയ പ്രദേശവാസികളെ കാത്തുനിന്നത് കുറുവടികളും മറ്റു മാരകായുധങ്ങളുമായി നിന്ന ബിജെപി പ്രവര്‍ത്തകരാണ്. ‘കക്കൂസ് മാലിന്യത്തിന് മതമില്ല. ആരുടെ കക്കൂസ് മാലിന്യമായാലും നാറും അതുകൊണ്ട് വര്‍ഗീയത പറഞ്ഞ് സംഘികള്‍ ഇതിലേ വരേണ്ടതില്ല’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് പ്രദേശവാസികള്‍ ഇവരെ നേരിട്ടത്.

അമൃതാനന്ദമയി മഠം നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ പ്രദേശവാസികളെ ശല്യപ്പെടുത്തി ഒഴിപ്പിച്ച്‌ അവരുടെ സ്ഥലം കൈക്കലാക്കാനുള്ള  ഉപദ്രവങ്ങളുടെ തുടര്‍ച്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനകം 150 ല്‍ അധികം വീട്ടുകാര്‍ ഈ പ്രദേശത്തുനിന്നും മാറിപ്പോയിക്കഴിഞ്ഞു. അവശേഷിക്കുന്നവരെക്കൂടി ഒഴിപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ മഠം നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റ് വന്നു വസ്തുവിനു വിലപറയുന്നതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുക. പറയുന്ന വില അംഗീകരിച്ചില്ലെങ്കില്‍ ശല്യം ചെയ്യാന്‍ ആരംഭിക്കും. തുടര്‍ന്ന് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും ഭീഷണിയടക്കമുള്ള സമ്മര്‍ദ്ധതന്ത്രങ്ങള്‍ ആരംഭിക്കും അധികാരികളോട് പരാതി പറഞ്ഞാലോ പോലീസില്‍ പരാതിപ്പെട്ടാലോ നടപടികള്‍ ഒന്നുമുണ്ടാവാറില്ല എന്ന് നാട്ടുകാര്‍ പറയുന്നു.

മാസങ്ങള്‍ക്കു മുന്‍പ് അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുണ്ടായ മാലിന്യങ്ങളാണ് മഠത്തിനു സമീപം  താമസിക്കുന്ന പ്രകാശിന്‍റെ പുരയിടത്തിലേക്ക് തള്ളിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലും പഞ്ചായത്തിലും പരാതിയുമായി ചെന്ന പ്രകാശിനു ലഭിച്ചത് തണുത്ത പ്രതികരണമായിരുന്നു.

നാളുകള്‍ക്കു മുന്‍പ് മഠത്തിലെ സന്യാസിമാര്‍ പ്രകാശിനെ സമീപിച്ച് വസ്തു വിലയ്ക്കു നലകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൂര്‍വ്വികസ്വത്തായതിനാല്‍ വില്‍ക്കാന്‍ തനിക്കും കുടുംബത്തിനും ആഗ്രഹമില്ല എന്നുപറഞ്ഞ് പ്രകാശ്‌ അവരെ മടക്കിയയച്ചിരുന്നു. ഇതിനുപിന്നാലെ മഠം പ്രതികാര നടപടിപോലെ മാലിന്യങ്ങള്‍ പ്രകാശിന്‍റെ വസ്തുവിലേക്കു തള്ളുകയായിരുന്നു. മലിനജലം തളം കെട്ടി നിൽക്കുന്നതിനാൽ രൂക്ഷമായ ദുർഗന്ധവും അതിലേറെ ആരോഗ്യപ്രശ്‌നങ്ങളും സഹിച്ചുകഴിയുകയാണ് ഈ കുടുംബം. ഇതിനെല്ലാം പുറമെയാണ് പിന്നാലെയാണിപ്പോൾ കക്കൂസ് മാലിന്യത്തിന്റെ കാര്യവും പുറത്തുവന്നിരിക്കുന്നത്.

കാര്യങ്ങള്‍ ഇത്രത്തോളം വഷളായിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും  വാര്‍ത്ത നല്കാന്‍ തയ്യാറായിരുന്നില്ല. മനോരമ, മാതൃഭൂമി, കേരളകൗമുദി എന്നീ പത്രങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചാണ് നാട്ടുകാര്‍ അതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്ക് വേണ്ടിയും കേരളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും, കക്കൂസുകള്‍ നിര്‍മ്മിക്കുന്നതിനുമായി കോടികള്‍ നല്‍കിയ അമൃതാനന്ദമയീമഠം തങ്ങളോടു ചെയ്യുന്ന ക്രൂരതയ്ക്കെതിരെ വ്യത്യസ്തമായ പ്രധിഷേധമുറകളാണ് സമര മുന്നണി ആസൂത്രണം ചെയ്തിരുന്നത്. വീടുകളുടെ സമീപത്തു മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍  വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ പറ്റാത്ത അവസ്ഥയായതുകൊണ്ട് സമരപ്പന്തലില്‍  കഞ്ഞി വച്ചാണ് അവര്‍ പ്രതിഷേധിച്ചത്.  

തങ്ങളുടെ മണ്ണില്‍ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന്  സമരസമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒടുവില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ നാട്ടുകാരുടെ ആവശ്യങ്ങള്‍ മഠം അംഗീകരിക്കുകയായിരുന്നു. കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ (മനുഷ്യ വിസര്‍ജ്ജ്യമടക്കം) നവംബര് 23 നുള്ളില് നീക്കം ചെയ്യുമെന്ന് മഠം ഉറപ്പു നനല്‍കിയിട്ടുണ്ട്. പുതിയ ഇ ടി പി പ്ലാന്‍റ് നിലവില്‍ വരുന്നതു  വരെ മെഡിക്കല്‍ ഓഫീസറുടേയും പഞ്ചായത്തിന്‍റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും മേല്‍നോട്ടത്തിലാവും പഴയ പ്ലാന്‍റ് പ്രവര്‍ത്തിക്കുക. 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on November 18, 2015 6:31 pm