X

അനന്തു കൊലപാതകം: ബിജെപി കൌണ്‍സിലറുടെ ബന്ധുവായ പ്രതിയെ രക്ഷിക്കാന്‍ പോലീസ് നീക്കമെന്ന് നാട്ടുകാര്‍

മാർച്ച് 12 ചൊവ്വാഴ്ച്ച, ഒരു സുഹൃത്തിനെ കാണാനായി നിറമൺകര ഭാഗത്തേക്ക് പോകുകയായിരുന്ന  അനന്ദുവിനെ രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു.

മാർച്ച് 8  2019, വെള്ളിയാഴ്ച്ച കൊഞ്ചിറവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുന്നു. ഈ സംഘർഷാവസ്ഥ പരിഹരിക്കാൻ മുന്നിട്ടു നിന്ന അനന്തു ഗിരീഷ് എന്ന ഇരുപത്തൊന്നുകാരൻ അഞ്ചു ദിവസങ്ങൾക്കിപ്പുറം ദേശീയപാതയിൽ നിറമൺകരയ്ക്കു സമീപമുള്ള കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ടതായി കണ്ടെത്തുന്നു. പതിനാലു പേർ പ്രതികളായ കേസിൽ അറസ്റ്റിലായത് രണ്ടു പേർ മാത്രം. പ്രതികളിലൊരാൾ ബിജെപി കൌണ്‍സിലറുടെ ബന്ധുവാണെന്നും, അയാളെ രക്ഷിക്കാൻ പോലീസ് അനാസ്ഥ കാണിക്കുന്നതായും നാട്ടുകാർ ആരോപിക്കുകയും ചെയ്യുന്നു. അനന്തു ഗിരീഷ് എന്ന യുവാവിന്റെ കൊലപാതകത്തിൽ ചുരുളഴിയാൻ കാര്യങ്ങളേറെയാണ്.

മാർച്ച് 12 ചൊവ്വാഴ്ച്ച, ഒരു സുഹൃത്തിനെ കാണാനായി നിറമൺകര ഭാഗത്തേക്ക് പോകുകയായിരുന്ന അനന്തുവിനെ രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അരശുമൂട് ജംഗ്ഷനിലേക്ക്  അനന്തു ബൈക്കിലെത്തുന്നതും, ഇതേ ബൈക്കിൽ അനന്തുവിനെ നടുവില്‍ ഇരുത്തി പ്രതികൾ യാത്രതുടരുന്നതിന്റെയും  സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. പ്രതി ബാലുവാണ് അനന്തുവിനെ തട്ടികൊണ്ടു പോകുന്ന ബൈക്ക് ഓടിച്ചത്. അനന്തുവിന്റെ ഫോണിലേക്ക് വിളിച്ച സുഹൃത്ത് ബഹളം കേൾക്കുകയും മറ്റു സുഹൃത്തുക്കളെ വിളിച്ച് കാര്യം അറിയിക്കുകയും ചെയ്തു. അതിൻപ്രകാരം അനന്തുവിന്റെ ബന്ധു അരുണും സുഹൃത്ത് വിഷ്ണുവും കരമന പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും അനുഭാവ പൂർണമായ മറുപടിയോ അന്വേഷണമോ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല എന്ന് ബന്ധുക്കൾ പറയുന്നു. പ്രതികളുടെ സംഘത്തിലൊരാളെ കാണാനില്ലെന്നു പറഞ്ഞ് അവർ പരാതി നൽകുകയും പോലീസ് അനന്തുവിന്റെ സുഹൃത്തുക്കളെ സ്റ്റേഷനിൽ  വിളിച്ചു വരുത്തി ബുധനാഴ്ച്ച പുലർച്ചെ 3.30 വരെ പിടിച്ചു വെക്കുകയും ചെയ്‌തു. അനന്തുവിന്റെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടു പോയി എന്ന് ആരോപിക്കപ്പെട്ട ഈ പ്രതിയെ ചൊവ്വാഴ്ച്ച രാത്രി 11 മണിക്ക് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു. എന്നിട്ടും നേരത്തേ  സ്റ്റേഷനിൽ പിടിച്ചുവച്ചവരെ വിട്ടത് നാല് മണിക്കൂർ കഴിഞ്ഞാണ്.

അന്വേഷണത്തിന്റെ പുരോഗതി അന്വേഷിച്ച ബന്ധുക്കൾക്ക് അനന്തുവിന്റെ മൊബൈൽ ഇന്ന ടവർ ലൊക്കേഷൻ പരിധിയിൽ കാണിച്ചെന്നും, അന്വേഷണം നടക്കുന്നു എന്നുമായിരുന്നു മറുപടി ലഭിച്ചത്. ബുധനാഴ്ച്ച രാവിലെ 10.30 യോടെ അനന്തുവിന്റെ ബൈക്ക് കൊല നടന്ന കുറ്റിക്കാടിന് സമീപമായി ദേശീയ പാതയിൽ കണ്ടെത്തുകയും, തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിൽ മൃതദേഹം കാണുകയുമായിരുന്നു. അധികമാരും കടന്നു ചെല്ലാത്ത സ്ഥലത്തു വച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ബിഎസ്എൻഎൽ വക ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലമാണിത്. ഈ പരിസരത്തെ കുറിച്ച് നല്ല ധാരണയുള്ളവർക്ക് മാത്രമേ ഇവിടെ എത്തിപ്പെടാൻ പറ്റൂ. സ്ഥലം  അക്രമികളുടെ സ്ഥിരം താവളമായിരുന്നു എന്ന് തെളിയിക്കുന്നതാണ് പ്രതികൾ  ഇതേ സ്ഥലത്ത് ബർത്ത് ഡേ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ. ഇരുകൈകളിലേയും ഞരമ്പുകള്‍ ആഴത്തില്‍ മുറിക്കുകയും രണ്ടു കണ്ണുകളിളും സിഗററ്റ് കുത്തി പൊള്ളിക്കുകയും ചെയ്‌തിട്ടുണ്ട്‌. തലയിലും കൈകളിലുമടക്കം അഞ്ച് പരിക്കുകളാണ് കണ്ടെത്തിയത്. തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. അനന്തുവിനെ കരിക്ക്, കല്ല്, കമ്പ് എന്നിവയുപയോഗിച്ചാണ് മര്‍ദ്ദിച്ചിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകം നടന്ന സ്ഥലം

പോലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ അനാസ്ഥ നടന്നിട്ടുണ്ടെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു. പരാതി ലഭിച്ച ആദ്യ ഘട്ടത്തിൽ തന്നെ പ്രദേശത്തുള്ള സിസിടിവി പരിശോധിക്കുകയോ, പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കുകയോ ചെയ്‌തിരുന്നെങ്കിൽ  അനന്ദുവിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. പോലീസ് ഇടപെടൽ വൈകിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. അതേ സമയം രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ  സംഘര്‍ഷമാണ് അനന്തുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത് എന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയാണ് പോലീസ്. കൊലയാളികളുടെ സുഹൃത്തിന് ഈ സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പകയാണ് അനന്തുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.