X

മലയാളിയുടെ പ്രിയപ്പെട്ട അയല്‍ക്കാരന്‍

രാകേഷ് നായര്‍

പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ അവാര്‍ഡ് ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ശ്വാസതടസ്സമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നു ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.

കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ തൃത്തഹള്ളി താലൂക്കിലെ മെലിഗയില്‍ 1932 ഡിസംബര്‍ 21 നാണ്  ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തിയെന്ന യു ആര്‍ അനന്തമൂര്‍ത്തി ജനിച്ചത്. ദുര്‍വസപുരയിലെ സംസ്‌കൃത വിദ്യാലയത്തില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദവും ബിരുദാനന്തരബിരുദവും. തുടര്‍ന്ന് ബെര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ആന്‍ഡ് ലിറ്റററി ക്രിട്ടിസിസത്തില്‍ ഡോക്ടറേറ്റ്. മൈസൂര്‍ യൂണിവേഴ്സിറ്റിയല്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസറായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച അനന്തമൂര്‍ത്തി കേരളത്തില്‍ എം ജി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായി സേവനമനുഷ്ഠിച്ചു. നാഷണല്‍ ബുക്ക് ട്രസ്റ്റ്, കേന്ദ്രസാഹിത്യ അക്കാഡമി എന്നിവയുടെ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കന്നഡ സാഹിത്യത്തിലെ നവ്യപ്രസ്ഥാനത്തിന്റെ പ്രമുഖനായ വക്താവ് എന്നാണ് സാഹിത്യരംഗത്ത് അനന്തമൂര്‍ത്തിയുടെ പ്രധാന വിശേഷണങ്ങളില്‍ ഒന്ന്. വ്യത്യസ്ത കാലത്തില്‍, സാഹചര്യത്തിലുള്ള മാനുഷിക വികാരങ്ങളെ മനശാസ്ത്രപരമായി സമീപിക്കുന്ന രചനാശൈലിയായിരുന്നു അനന്തമൂര്‍ത്തിയുടേത്. സാമൂഹികവും സാമ്പത്തികവുമായി സംഭവിച്ച മാറ്റങ്ങള്‍ പരമ്പരാഗത ഹിന്ദു കുടുംബങ്ങളിലെ ബന്ധങ്ങളില്‍ ഉണ്ടാക്കിയ മാറ്റങ്ങളെയും ആ മാറ്റങ്ങളുടെ പരിണിതഫലങ്ങളും അനന്തമൂര്‍ത്തിയുടെ കൃതികളില്‍ പ്രതിപാദിക്കുന്നു. സൂര്യാന കുദ്രെ, മൗനി, കാര്‍ത്തിക എന്നീ കൃതികള്‍ കുടുംബബന്ധങ്ങളിലെ ശൈഥില്യവും അതിലൂടെ നഷ്ടപ്പെടുന്ന യഥാര്‍ത്ഥ സ്‌നേഹവും വരച്ചുകാണിക്കുന്നവയാണ്. ബ്യൂറോക്രസിയുടെ വെല്ലുവിളികളും ഊരാക്കുടുക്കുകളും വരച്ചു കാട്ടാനും അനന്തമൂര്‍ത്തി ശ്രമിച്ചിട്ടുണ്ട്. ‘ബാര’ എന്നകൃതി അത്തരത്തിലൊന്നാണ്.

1956ല്‍ ‘സംസ്‌കാര’ എന്ന നോവല്‍ രചിച്ചുകൊണ്ടാണ് അനന്തമൂര്‍ത്തി സാഹിത്യലോകത്തേക്ക് പ്രവേശിക്കുന്നത്. ഭാരതിപുര, അവസ്‌തെ, ഭാവ, ദിവ്യ, ഭാരതിരത്‌ന എന്നിവയാണ് മറ്റ് പ്രധാന നോവലുകള്‍. ചെറുകഥാസമാഹാരങ്ങള്‍, നാടകം, കവിതാ സമാഹരങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെതായിട്ടുണ്ട്. 2012ല്‍ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്‌കാര ചുരുക്കപ്പട്ടികയിലും 2013ല്‍ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലും അനന്തമൂര്‍ത്തി ഉള്‍പ്പെട്ടിരുന്നു. ജ്ഞാനപീഠ, പത്മഭൂഷണ്‍, കര്‍ണ്ണാടക രാജ്യോത്സവ പുരസ്‌കാരം,മാസ്തി പുരസ്‌കാരം എന്നിവയാണ് അനന്തമൂര്‍ത്തിയെത്തേടിയെത്തിയ പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍.  1956 ലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ഭാര്യ, എസ്തര്‍ അനന്തമൂര്‍ത്തി. രണ്ടുമക്കള്‍; ശരത്, അനുരാധ.

സാഹിത്യത്തിലും വിദ്യാഭ്യാസ രംഗത്തും എന്നതുപോലെ രാഷ്ട്രീയരംഗത്തും തന്റെ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയനായിട്ടുണ്ട് അനന്തമൂര്‍ത്തി. അത് പലപ്പോഴും വിവാദപൂര്‍ണമായിരുന്നു എന്നുമാത്രം. ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ തന്റെ പ്രധാന ശത്രുവായി അനന്തമൂര്‍ത്തി കണ്ടു. ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റതിനു അദ്ദഹം കാരണമായി പറഞ്ഞത് ബിജെപിയെ എതിര്‍ക്കുക എന്ന ലക്ഷ്യംമാത്രം ആയിരുന്നു അതിനു പിന്നില്‍ എന്നാണ്. ജനതാദള്‍ സെക്യുലര്‍ നേതാവ് ദേവഗൗഡ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹം ജനതാദളിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നയാളായിരുന്നു. എന്നാല്‍ ബിജെപിയുമായി അധികാരം പങ്കിടാന്‍ ജനതാദള്‍ തീരുമാനമെടുത്തശേഷം അനന്തമൂര്‍ത്തി പരസ്യമായി നടത്തിയ പ്രസ്താവന തനിക്ക് ജനതാദളിലുള്ള തന്റെ സുഹൃത്തുക്കളോട് ഇനിയൊരിക്കലും ക്ഷമിക്കാന്‍ സാധിക്കില്ലെന്നായിരുന്നു.

ബാംഗ്ലൂര്‍ എന്ന പേര് മാറ്റി ബംഗളൂരു എന്നാക്കാനുള്ള ശുപാര്‍ശ ഗവണ്‍മെന്റിന് മുന്നില്‍ കൊണ്ടുവന്നത് അനന്തമൂര്‍ത്തിയായിരുന്നു. കൊളോണിയല്‍ ഉച്ചാരണത്തിനനുകൂലമാക്കി രൂപപ്പെടുത്തിയ ബാംഗ്ലൂരിന് പകരം കന്നഡ ഉച്ഛാരണത്തിലുള്ള ബംഗളൂരുവിലേക്ക് മാറണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഇതുപോലെ കര്‍ണാടകത്തിലെ പത്ത് നഗരങ്ങളുടെ പുനഃര്‍നാമകരണത്തിനായി അദ്ദേഹം വാദിച്ചിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍ സംസ്ഥാനരൂപീകരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പുതിയ നാമങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.

കഴിഞ്ഞ ലോക്സഭാതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവനയാണ് ഒടുവിലായി അനന്തമൂര്‍ത്തിയെ വാര്‍ത്തകളില്‍ ഇടംപിടിപ്പിച്ചത്. നരേന്ദ്ര മോദി പ്രധാനമന്തിയായാല്‍ രാജ്യം വിട്ട് പോകുമെന്ന പ്രസ്താവന അനന്തമൂര്‍ത്തിയില്‍ നിന്ന് ഉണ്ടായി.  അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആവുകയും ചെയ്തു. ഇതോടെ മൂര്‍ത്തിയുടെ പ്രസ്താവനയില്‍ കലിപൂണ്ടു നിന്നവര്‍ക്ക് അദ്ദേഹത്തെ ആക്രമിക്കാനുള്ള അവസരം കൈവന്നു. മോദി അനുയായികള്‍ അനന്തമൂര്‍ത്തിക്ക് കറാച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചുകൊടുത്താണ് അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചത്.

വിവാദ പ്രസ്താവനകള്‍ ഇതിനു മുമ്പും നടത്തിയിട്ടുണ്ട് അനന്തമൂര്‍ത്തി. ബ്രാഹ്മണര്‍ മാംസം ഭക്ഷിക്കുമെന്ന് മഹാഭാരതത്തില്‍ പരാമര്‍ശിച്ചുട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വാദത്തിനെതിരെ നിരവധി പേര്‍ രംഗത്തു വന്നിരുന്നു. വെറും അസംബന്ധം എന്നാണ് പ്രമുഖരായ പലരും മൂര്‍ത്തിയുടെ വാക്കുകളെ വിമര്‍ശിച്ചത്. ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അനന്തമൂര്‍ത്തി.  2007ല്‍  എസ് എല്‍ ഭയ്‌രപ്പയുടെ വിവാദ നോവല്‍ അവരാനയെക്കുറിച്ചുള്ള പ്രതികരണത്തിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് ഇനിയൊരിക്കലും സാഹിത്യസംബന്ധമായ ചടങ്ങുകളില്‍ താന്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കാനും അനന്തമൂര്‍ത്തി തയ്യാറായിരുന്നു. വിവാദങ്ങളും എതിര്‍പ്പുകളും നിരവിധി ഉണ്ടായിട്ടും തന്റെ നിലപാടുകളിലും വാക്കുകളിലും എന്നും ഉറച്ചു നിന്ന ആളായിരുന്നു അനന്തമൂര്‍ത്തി.

എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആയി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള അനന്തമൂര്‍ത്തിക്ക് കേരളവുമായി വൈകാരികമായ അടുപ്പമാണുണ്ടായിരുന്നത്. തന്റെ സേവനകാലത്ത് മലയാളിയുടെ പൊതുബോധത്തെ തന്റെ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ശക്തമായി വിമര്‍ശിക്കാനും അനന്തമൂര്‍ത്തി തയ്യാറായിട്ടുണ്ട്. ജോലിയിലെ ക്രിയാത്മകതായില്ലായ്മയും എന്തിലും ലാഭവും രാഷ്ട്രീയവും മാത്രം കാണാന്‍ ശ്രമിക്കുന്നവരുമായ ഭൂരിപക്ഷത്തിന്റെ ചെയ്തികളെ എതിര്‍ത്തിരുന്ന അനന്തമൂര്‍ത്തിക്ക് കേരളത്തിലെ അഞ്ചു വര്‍ഷം മധുരത്തേക്കാള്‍ കയ്പ്പ് കലര്‍ന്നതായിരുന്നു. എന്നാല്‍ മലയാളി അനന്തമൂര്‍ത്തിയെ അക്കാദമിക് തലത്തിലൂടെയല്ല കൂടുതലും അറിയാന്‍ ശ്രമിച്ചിരുന്നത്. അനന്തമൂര്‍ത്തിയെന്ന വിദ്യാഭ്യാസ വിചക്ഷണനെക്കാള്‍ അനന്തമൂര്‍ത്തിയെന്ന സാഹിത്യകാരനോടായിരുന്നു ഇഷ്ടവും ബഹുമാനവും. അതുകൊണ്ട് തന്നെ അക്ഷരങ്ങള്‍ കൊണ്ട് മനസ്സുകളെ പ്രലോഭിപ്പിച്ച ഒരു എഴുത്തുകാരന്റെ വിയോഗം സൃഷ്ടിക്കുന്ന വേദനയാണ് കൂടുതല്‍ കടുത്തതാവുക.

 

This post was last modified on August 23, 2014 9:10 am