X

വിവേകാനന്ദ ഫൗണ്ടേഷനില്‍ നിന്ന് ടീം മോദിയിലേയ്ക്കുള്ള വഴി

പ്രധാനമന്ത്രിയുടെ നയങ്ങള്‍ക്കും നടപടികള്‍ക്കും പിന്നില്‍ വലിയ പങ്ക് വഹിക്കുന്നത് വിവേകാനന്ദ ഇന്‌റര്‍നാഷണല്‍ ഫൗണ്ടേഷന്‌റെ ഭാഗമായിരുന്നവരാണ്.

വിവേകാനന്ദ ഇന്‌റര്‍നാഷണല്‍ ഫൗണ്ടേഷനും (വിഐഎഫ്) നരേന്ദ്ര മോദി സര്‍ക്കാരും തമ്മിലുള്ള ബന്ധമെന്ത്? വളരെ ദൃഢമായ ബന്ധമാണെന്നാണ് ഇതുവരെയുള്ള കാര്യങ്ങള്‍ വച്ച് മനസിലാക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ നയങ്ങള്‍ക്കും നടപടികള്‍ക്കും പിന്നില്‍ വലിയ പങ്ക് വഹിക്കുന്നത് വിവേകാനന്ദ ഇന്‌റര്‍നാഷണല്‍ ഫൗണ്ടേഷന്‌റെ ഭാഗമായിരുന്നവരാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രൂപീകരിച്ച വലതുപക്ഷ ‘തിങ്ക് ടാങ്കാ’ണ് വിഐഎഫ്. ആര്‍എസ്എസുമായും ബിജെപിയുമായും നേരിട്ട് ബന്ധമുള്ളവരേക്കാള്‍ മോദിയുടെ ടീമില്‍ ഇടം ലഭിക്കുന്നത് സംഘപരിവാര്‍ അനുഭാവമുള്ളവരുടെ നേതൃത്വത്തിലുള്ള വിഐഎഫിനാണ്.

2005ല്‍ ഇന്‌റലിജന്‍സ് ബ്യൂറോയില്‍ നിന്ന് വിരമിച്ച ശേഷമാണ് ഡല്‍ഹിയിലെ ചാണക്യപുരിയില്‍ വിഐഎഫിന് അജിത് ഡോവല്‍ തുടക്കം കുറിക്കുന്നത്. ആര്‍എസ്എസിന്റെ മുന്‍ ജനറല്‍ സെക്രട്ടറി എക്നാഥ് റനാഡേ രൂപീകരിച്ച ചാരിറ്റബിള്‍ സംഘടനയായ വിവേകാനന്ദ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനയാണ് വിവേകാനന്ദ ഇന്‍റര്‍നാഷണല്‍ ഫൌണ്ടേഷന്‍. ആര്‍എസ്എസിന്റെ 15 പോഷകസംഘടനകളിലൊന്നാണ് വിവേകാനന്ദ കേന്ദ്ര. ആര്‍എസ്എസ് സൈദ്ധാന്തികനും മലയാളിയുമായ പി പരമേശ്വരനാണ് ഇപ്പോള്‍ ഇതിന്റെ പ്രസിഡന്‍റ്. ഈ സംഘടനയ്ക്ക് പിവി നരസിംഹ റാവു സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് വിഐഎഫ് സ്ഥിതി ചെയ്യുന്നത്.

ഡല്‍ഹി ലെഫ്റ്റനന്‌റ് ഗവര്‍ണറായി അനില്‍ ബെയ്ജാലിനെ നിയമിച്ചതോടെയാണ് വിഐഎഫ് – മോദി ബന്ധം വീണ്ടും ശ്രദ്ധേയമാകുന്നത്. വാജ്‌പേയ് സര്‍ക്കാരിന്‌റെ കാലത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന അനില്‍ ബെയ്ജാല്‍ ഡല്‍ഹി ഡെവലപ്‌മെന്‌റ് അതോറിറ്റി വൈസ് ചെയര്‍മാന്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ് എംഡി, പ്രസാര്‍ ഭാരതി സിഇഒ, ഐ ആന്‍ ബി അഡീഷണല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അജിത് ഡോവലിന്‌റെ ഉറ്റ അനുയായി ആയി അറിയപ്പെടുന്ന ബെയ്ജാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരായ നീക്കങ്ങളില്‍ സജീവമാണ്.

നേരത്തെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട നൃപേന്ദ്ര മിശ്ര വിഐഎഫിന്‌റെ മുന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. നൃപേന്ദ്ര മിശ്രയും അജിത് ഡോവലുമാണ് പ്രസാര്‍ ഭാരതി തലവനായി എ സൂര്യപ്രകാശിന്‌റെ പേര് നിര്‍ദ്ദേശിച്ചത്. വിഐഎഫ് മാഗസിന്‌റെ എഡിറ്ററായ കെജി സുരേഷിനെ രാജ്യത്തെ ഏറ്റവും മികച്ച ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ആയി അറിയപ്പെടുന്ന ഐഐഎംസിയുടെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍) ഡയറക്ടര്‍ ജനറലായി നിയമിച്ചു. നിതി ആയോഗ് വൈസ് പ്രസിഡന്‌റ് അരവിന്ദ് പനഗാരിയ, സിഇഒ അമിതാഭ് കാന്ത്, നിതി ആയോഗിന്‌റെ ഭാഗമായ വികെ സരസ്വത്, സാമ്പത്തിക വിദഗ്ധന്‍ ബിബേക് ഒബ്‌റോയ് എന്നിവരും വിഐഎഫില്‍ നിന്നുള്ളവരാണ്.

യുപിഎ സര്‍ക്കാരിനെതിരയായി അഴിമതി വിരുദ്ധ പോരാട്ടത്തിന് അണ്ണാ ഹസാരെ, അരവിന്ദ് കേജ്രിവാള്‍, കിരണ്‍ ബേദി, ബാബ രാംദേവ് എന്നിവരെ ഒരു കുടക്കീഴില്‍ ആദ്യമായി അണിനിരത്തിയതും വിഐഎഫ് ആണെന്ന് അന്ന്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

 

This post was last modified on December 29, 2016 10:21 am