X

ആന്തൂര്‍ നഗരസഭ; സിപിഎമ്മിന് ഭരണം ഒരു സീറ്റ് അകലെ

അഴിമുഖം പ്രതിനിധി

ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ നാല് സീറ്റുകള്‍ കൂടെ സിപിഐഎമ്മിന് ലഭിച്ചു. ഇന്ന് നടന്ന സൂക്ഷ്മ പരിശോധനയില്‍ ഇവിടങ്ങളില്‍ സമര്‍പ്പിച്ചിരുന്ന മറ്റു സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളിപ്പോയതിനെ തുടര്‍ന്നാണ് ഈ സീറ്റുകളും സിപിഐഎമ്മിന് ലഭിച്ചത്. ഇതോടെ 14 സീറ്റുകളില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോള്‍ പത്ത് സീറ്റുകളില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല. ആന്തൂരില്‍ 28 സീറ്റുകളാണ് ഉള്ളത്. ഇതില്‍ പകുതിയിലും സിപിഐഎം നേടിക്കഴിഞ്ഞു.

 അതേസമയം  ആന്തൂരില്‍ പിന്മാറിയത് ജീവഭയം മൂലമാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. അക്രമ രാഷ്ട്രീയം എല്ലാകാലവും  നടക്കുമെന്ന് സി പി എം കരുതേണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.ആന്തൂരിലെ വെല്ലുവിളി ശക്തമായി നേരിടുമെന്ന് കോണ്ഗ്രസ് നേതാവ് കെ സുധാകരനും അഭിപ്രായപ്പെട്ടു. 

 ഭരണത്തിന് ഒരു സീറ്റുകൂടി മാത്രം മതിയെന്നിരിക്കെ  ആന്തൂര്‍ നഗരസഭ ഭരണം സി പി എമ്മിന് ഉറപ്പായിട്ടുണ്ട്. ബാക്കി വരുന്ന 14 സീറ്റുകളിലും വ്യക്തമായ വിജയപ്രതീക്ഷയാണ് പാര്‍ടിക്കുള്ളത്.പയ്യന്നൂര്‍ നഗരസഭയിലേക്കും സിപിഎം സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ കണ്ണൂര്‍ ജില്ലയില്‍ വോട്ടെടുപ്പ് തുടങ്ങും മുന്നെ സിപിഎമ്മിന് പതിനാറ് സീറ്റുകള്‍ കിട്ടിക്കഴിഞ്ഞു.

This post was last modified on October 15, 2015 3:00 pm