X

പത്താന്‍കോട്ട് ഭീകരാക്രമണം; അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് രാജ്യദ്രോഹമാകുമോ?

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ അനുചിതവും മാന്യവുമല്ലാത്ത രീതിയില്‍ കമന്റ് പോസ്റ്റ് ചെയ്ത അന്‍വര്‍ സാദിഖിന്റെ അറസ്റ്റോടെ കേരളത്തിലെ പൊലീസിന്റെ നടപടികളുടെ സാമര്‍ത്ഥ്യവും അനുചിത നീക്കങ്ങളും ഒരിക്കല്‍ കൂടി പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്. എത്രത്തോളം നിയമവിരുദ്ധവും കടുത്തതുമാണ് പൊലീസ് നടപടി എന്നും ഇതിലൂടെ വ്യക്തമായി. ഇത്തരമൊരു അറസ്റ്റിന്റെ ഗൗരവവും അതിലെ വിഡ്ഢിത്തവും മനസ്സിലാക്കാതെ പൊലീസ് ഈ പ്രശ്‌നത്തെ ഉദ്വോഗജനകമാക്കുകയും അതുവഴി രാഷ്ട്രീയ പബ്ലിസിറ്റി നേടുകയും മാത്രമാണ് ചെയ്തത്.

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ധീരരായ ആറ് സൈനികരുടെ ജീവന്‍ നഷ്ടമായതില്‍ നമുക്കെല്ലാം വേദനയുണ്ടെന്ന കാര്യത്തില്‍ ഒരു എതിരഭിപ്രായവും ഇല്ല. ഈ ഭീകരാക്രമണത്തില്‍ രക്ഷസാക്ഷിയായ മലയാളി സൈനികന്‍ ലഫ്. കേണല്‍ നിരഞ്ജന്‍ ഇ. കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കമന്റാണ് അറസ്റ്റിലേക്ക് നയിച്ചത്. ‘അങ്ങനെ മറ്റൊരു പ്രശ്‌നക്കാരന്‍ കൂടി പോയിരിക്കുന്നു. ഇനി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് നഷ്ടപരിഹാരവും ജോലിയും കൊടുക്കും. സാധാരണക്കാരായ നമുക്ക് ഒന്നും ലഭിക്കില്ല. നാറിയ ഇന്ത്യന്‍ ജനാധിപത്യം‘ ഇതായിരുന്നു അന്‍വറിന്റെ അപകീര്‍ത്തിപരമായ പോസ്റ്റ്.

ഐപിസി 124 എ വകുപ്പ് പ്രകാരം ശിക്ഷിക്കേണ്ട ഒരു കുറ്റത്തിന് കേസെടുക്കാന്‍ മതിയായവ തന്നെയാണോ ഈ വാക്കുകള്‍ എന്നതാണ് ചോദ്യം. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ള കാലത്ത് കോടതികള്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ പ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്താവുന്നത്ര കടുത്തതല്ല ഈ പോസ്റ്റിലെ വാക്കുകള്‍. ഐപിസി 124എ വകുപ്പ് പ്രകാരം നിയമപരമായി അധികാരം സ്ഥാപിച്ച ഒരു സര്‍ക്കാരിനോട് വെറുപ്പ് പ്രകടിപ്പിക്കുന്ന, അല്ലെങ്കില്‍ വെറുപ്പുളവാക്കുന്ന വാക്കോ, എഴുത്തോ, അടയാളങ്ങളോ അല്ലെങ്കില്‍ പ്രകടമായ മറ്റെന്തെങ്കിലും രീതിയിലോ അഭിപ്രായ പ്രകടനം നടത്തുന്ന വ്യക്തിക്ക് ജീവപര്യന്തം തടവും പിഴയും അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ നീളുന്ന തടവും പിഴയും ശിക്ഷയായി നല്‍കാവുന്നതാണ്. എല്ലാ തരത്തിലുമുള്ള ശത്രുതാ മനോഭാവവും വിശ്വാസമില്ലായ്മയും വെറുപ്പ് പ്രകടനത്തില്‍ ഉള്‍പ്പെടും.

രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ഉത്ഭവം ഇംഗ്ലണ്ടിലെ സ്റ്റാര്‍ ചേംബര്‍ കോടതിയില്‍ നിന്നാണ്. ഏകപക്ഷീയ നടപടികളാല്‍ കുപ്രസിദ്ധമായിരുന്നു ഈ കോടതി. എന്നാല്‍ ഇംഗ്ലണ്ടില്‍ ജനാധിപത്യം സ്ഥാപിതമായതോടെ ഈ കോടതി നിര്‍ത്തലാക്കി. രാജ്യദ്രോഹ കുറ്റത്തിന്റെ തുടക്കകാല ചരിത്രവും ഇതിലെ ഏകപക്ഷീയത വ്യക്തമാക്കുന്നതാണ്. ഇന്ത്യന്‍ പീനല്‍ കോഡ്, 1860 വകുപ്പ് 124എയില്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടുത്തിയത് 1870 നവംബര്‍ 25-നാണ്. 1898 ഫെബ്രുവരി 18 വരെ വിജ്ഞാപനമൊന്നുമില്ലാതെ ഇതു തുടര്‍ന്നു. 1870-ല്‍ നിലവില്‍ വന്നതു മുതല്‍ രാജ്യദ്രോഹത്തിന് ശിക്ഷിക്കുന്ന ഈ നിയമം സര്‍ക്കാരിനെതിരായ പ്രതിഷേധ സ്വരങ്ങളേയും വിമര്‍ശനങ്ങളേയും അമര്‍ച്ച ചെയ്യാനാണ് ഉപയോഗിച്ചു പോന്നത്. ഐപിസിയിലെ മറ്റു കുറ്റകൃത്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യദ്രോഹ കുറ്റത്തിനുള്ള ശിക്ഷ കടുത്തതാണ്. സെഷന്‍സ് കോടതിയില്‍ വിചാരണ നടത്താവുന്ന ജാമ്യമില്ലാ കുറ്റമാണിത്.

ബ്രിട്ടീഷ് ഭരണകാലത്ത് കൊണ്ടുവന്ന ഏറെ വിവാദപരമായ വകുപ്പുകളിലൊന്നാണ് 124എ. നാം ഒരു ജനാധിപത്യരാജ്യമായി മാറിയതോടെ ഇത് കാലഹരണപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വിലയുണ്ട്. മാത്രവുമല്ല ഇന്നത്തെ സമൂഹം കൂടുതല്‍ പക്വതയാര്‍ജ്ജിക്കുകയും ചെയ്തിട്ടുണ്ട് എന്നതിനാല്‍ ഇത്തരത്തിലുള്ള എല്ലാ പ്രസ്താവനകളും നിയമപരമായി സ്ഥാപിതമായ ഒരു സര്‍ക്കാരിനെതിരായ വിരോധമോ വെറുപ്പോ ജനങ്ങള്‍ക്കിടയില്‍ പരത്താന്‍ കാരണമായിക്കൊള്ളണമെന്നില്ല. 2000-നും 2015-നുമിടയിലെ 15 സാഹചര്യങ്ങളില്‍ രണ്ടു തവണ മാത്രമാണ് സുപ്രീം കോടതിക്ക് ഈ വകുപ്പ് വ്യാഖ്യാനിക്കാന്‍ അവസരമുണ്ടായത്. ഇവയില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ശിക്ഷ വിധിക്കപ്പെട്ടത്.

കുറ്റം കടുത്തതാകയാല്‍ കുറ്റകൃത്യത്തിന്റെ ഉള്ളടക്കം കര്‍ക്കശമായി വ്യഖ്യാനിക്കപ്പെടേണ്ടതുണ്ട്. കുറ്റകൃത്യമായിത്തീര്‍ന്ന പ്രവര്‍ത്തികള്‍ നിലനില്‍ക്കേണ്ടതും ആവശ്യമാണ്. 1950-ല്‍ ഭരണഘടന നിലവില്‍ വരികയും അതിന്റെ മൂന്നാം ഭാഗം അഭിപ്രായ സ്വാതന്ത്ര്യം മൗലിക അവകാശമായി ഉറപ്പുവരുത്തുകയും ചെയ്തതിനു ശേഷം ഇത്തരം കുറ്റകൃത്യങ്ങളെ നിര്‍ണ്ണയിക്കുമ്പോള്‍ ഭരണഘടന ഉറപ്പുനല്‍കിയ അവകാശങ്ങളുടെ പ്രായോഗികതയുമായി ഇണങ്ങുന്നതാണോ എന്നു കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തിക്ക് ജാമ്യം ലഭിക്കുക വളരെ പ്രയാസമാണ്. കുറ്റത്തിന്റെ സ്വഭാവം മൂലം ഇത് രാജ്യത്തിന്റെ നിലനില്‍പ്പിനോ ജനാധിപത്യ ക്രമത്തിനോ ഏതെങ്കിലും തരത്തില്‍ ഭീഷണിയാകുന്നുണ്ടോ എന്ന് തീര്‍പ്പുകല്‍പ്പിക്കേണ്ടത് കോടതിയാണ്. ഈ തീര്‍പ്പ് കല്‍പ്പിക്കല്‍ ഭരണകൂടം എടുത്തു പ്രയോഗിക്കുമ്പോള്‍ അത് ഭരണഘടനയുടെ 19-ാം വകുപ്പ് ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ തന്നെ തകിടം മറിക്കലാകുന്നു.

ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയില്‍ ഈ വകുപ്പ് പ്രകാരം ബാല ഗംഗാധര തിലകിലനെ വിചാരണ ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനു കീഴിലുള്ള കോടതി വ്യഖ്യാനം അനുസരിച്ച് വിദ്വേഷം, ശത്രുത, അനിഷ്ടം തുടങ്ങി എല്ലാ ദുരുദ്ദേശങ്ങളും സര്‍ക്കാരിനോട് വെറുപ്പുളവാക്കുന്ന പ്രവര്‍ത്തികളില്‍ ഉള്‍പ്പെടും. ആക്രമോത്സുക വാക്കുകള്‍ ഒരു പ്രസംഗത്തെയോ എഴുത്തിനെയോ രാജ്യദ്രോഹപരമാക്കുന്നില്ലെന്ന് സുപ്രിം കോടതി സ്ഥാപിതമാകുന്നതിനു മുമ്പുള്ള ഇന്ത്യയിലെ പരമോന്നത കോടതിയായ ഫെഡറല്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് ബംഗാള്‍ നിയമസഭയില്‍ പ്രകോപനപരവും ആക്രമോത്സുകവുമായ പ്രസംഗം നടത്തിയ കേസില്‍ നിഹാരേന്ദു ദത്ത് മജുംദാറിന്റെ ശിക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത്. 1962-ലെ കേഥാര്‍ നാഥ്- ബിഹാര്‍ എന്നിവര്‍ തമ്മിലുള്ള കേസില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സുപ്രിം കോടതി നല്‍കിയ വിധിയാണ് ഇന്ന് നാം മനസ്സിലാക്കുന്ന രൂപത്തിലുള്ള ആധുനിക വ്യാഖ്യാനങ്ങള്‍ക്ക് അടിസ്ഥാനമായത്. കോടതിയുടെ വ്യാഖ്യാന പ്രകാരം അതിക്രമണത്തിനു പ്രേരിപ്പിക്കുക എന്നത് രാജ്യദ്രോഹ കുറ്റമായി പരിഗണിക്കപ്പെടാന്‍ അത്യാവശ്യമാണ്. ഇവിടെ കോടതി പിന്തുടര്‍ന്നത് നിഹാരേന്ദു മജുംദാര്‍ കേസില്‍ ഫെഡറല്‍ കോടതി നല്‍കിയ വ്യാഖ്യാനം തന്നെയാണ്.

അങ്ങനെ രാഷ്ട്രീയ കുറ്റകൃത്യത്തിനെതിരായി രാജ്യദ്രോഹ കുറ്റം പൊതു സമാധാനത്തിന് എതിരായ കുറ്റകൃത്യമായി സ്ഥാപിക്കപ്പെടുകയും സ്റ്റേറ്റിന്റെ അടിസ്ഥാനത്തെ തന്നെ ബാധിക്കുന്ന ഒന്നായി മാറുകയും ചെയ്തു. ഈ വകുപ്പ് വെറുതെ വായിച്ചു പോയാല്‍ ഇത്തരമൊരു ആവശ്യകത കണ്ടെന്നുവരില്ല. എന്നാല്‍ ഏതൊരു രാജ്യദ്രോഹപരമായ പ്രവര്‍ത്തിയുടെയും കൂടെ അതിക്രമ ശ്രമങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ഇത് നിര്‍ബന്ധം പിടിക്കുന്നുണ്ട്. പരമോന്നത കോടതി വ്യക്തമാക്കിയ നിയമം അനുസരിച്ച് അന്‍വര്‍ സാദിഖിന്റെ പ്രവര്‍ത്തി സര്‍ക്കാരിനോടുള്ള അതൃപ്തിക്കു കാരണമാകുമോ? അല്ലെങ്കില്‍ അത് അതിക്രമങ്ങള്‍ നടത്താനും ക്രമസമാധാനം താറുമാറാക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നതാണോ? നിയമത്തിന്റേയും കോടതി വിധികളുടേയും വീക്ഷണത്തില്‍ അന്‍വറിന്റെ നീക്കം 124എ വകുപ്പു പ്രകാരം കുറ്റം ചുമത്താന്‍ യോഗ്യമല്ലെന്ന് വ്യക്തമാണ്. പൊലീസിന് അന്വേഷണം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ക്രിമിനല്‍ നടപടി ചട്ടം 196-ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ കുറ്റം ചുമത്താനും കഴിയില്ല.

ഈ വകുപ്പിന്റെ വ്യാഖ്യാനങ്ങള്‍ പൊലീസിന് നേരത്തെ തന്നെ വ്യക്തമായി മനസ്സിലായിട്ടുണ്ടോ എന്നതാണ് ചോദ്യം. മനസ്സിലായിട്ടും പരിഗണനയിലുള്ള കേസില്‍ ഇതു പ്രയോഗിക്കുകയായിരുന്നോ അതോ കേസിനെ ഉദ്വേഗജനകമാക്കി നിര്‍ത്തുകയായിരുന്നോ? തീര്‍ച്ചയായും അന്‍വറിന്റെ പ്രവര്‍ത്തി ഒരു കുറ്റമായി കാണാം. എന്നാല്‍ അത് തീര്‍ച്ചയായും 124 എ വകുപ്പു പ്രകാരമായിരിക്കില്ല. ഈ വകുപ്പിന്റെ ദുരപയോഗം പൊതുജനാഭിപ്രായത്തെ എതിരാക്കും. അതോടെ ഭരണഘടനാക്കോടതികള്‍ക്ക് ഇടപെടേണ്ടി വരികയും ഐടി നിയമത്തിലെ 66എ വകുപ്പും കേരളാ പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും 2011-ലെ കേരളാ പൊലീസ് ആക്ടിറ്റിന്റെ 118 ഡി വകുപ്പും എടുത്തു കളയപ്പെട്ട പോലെ അതിന്റെ അടിവേരറുക്കുകയും ചെയ്യുമായിരുന്നു. ഇത്തരം വകുപ്പുകള്‍ നിലനില്‍ക്കുന്നില്ല എന്നതിനര്‍ത്ഥം മറ്റു കടുത്ത വകുപ്പുകളെ തെറ്റായി ക്ഷണിച്ചുവരുത്തുക എന്നതല്ല.

2011-ലെ കേരളാ പൊലീസ് നിയമം 120 ക്യൂ വകുപ്പ് പ്രകാരം അന്‍വറിന്റെ പ്രവര്‍ത്തി ഒരു കുറ്റമാണ്. ഫേസ്ബുക്കില്‍ മറ്റൊരാളാണെന്ന വ്യാജേന പ്രസ്താവന നടത്തുകയും ഒരു പത്രത്തില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകനാണെന്നു പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പത്രമാണ് പരാതി നല്‍കിയത്. തീര്‍ച്ചയായും അന്‍വര്‍ ഒരു കുറ്റം ചെയ്തു. എന്നാല്‍ അത് രാജ്യദ്രോഹ കുറ്റമല്ല. പൗരന്മാരെ പീഡനത്തിനിരയാക്കുന്നതിനു മുമ്പ് ചുരുങ്ങിയ പക്ഷം കേരള പൊലീസും ആഭ്യന്തര വകുപ്പും നിയമം എങ്കിലും ഒന്ന് മനസ്സിലാക്കണം. അധികാരത്തോടൊപ്പം ഉത്തരവാദിത്തവുമുണ്ട്. ക്രമസമാധാനത്തിന്റെ കാവല്‍ക്കാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ബോധം കാണിക്കേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡോ. റീന എന്‍ ആര്‍

കൊല്ലം ഗവ. വിക്ടോറിയ ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റാണ് ഡോ. റീന എന്‍ ആര്‍

More Posts

This post was last modified on January 15, 2016 2:37 pm