X

ആപ്പിള്‍ 6 എസ്, 6 എസ് പ്ലസ്‌:അറിയേണ്ടതെല്ലാം

അഴിമതി പ്രതിനിധി

ഐഫോണ്‍. ഹൈഎന്‍ഡ് മൊബൈല്‍ ഫോണ്‍ പ്രേമികളുടെ വിഷ് ലിസ്റ്റിലെ പലപ്പോഴും ടിക് ചെയ്യപ്പെടാത്ത ഒരു ആഗ്രഹമാണ് ഏറ്റവും പുതിയ ഐഫോണ്‍. വലിയ വില കാരണം പുതിയ മോഡല്‍ എടുക്കാന്‍ കഴിയാത്തവര്‍ അതിനു മുന്‍പുള്ള മോഡല്‍ വില കുറയുമ്പോ വാങ്ങുകയാണ് പതിവ്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോള്‍ ചെയ്യപ്പെടാറുണ്ടെങ്കിലും ഐഫോണ്‍ ഇപ്പോഴും ഒരു ടെക് വിസ്മയം തന്നെയാണ് എല്ലാവര്‍ക്കും.

ഇവരുടെ എല്ലാം സ്വപ്‌നങ്ങള്‍ക്ക് പകിട്ടേകാന്‍ ഐഫോണിന്റെ പുതിയ പതിപ്പുകളായ 6എസും 6എസ് പ്ലസും ഇന്നലെ ലോഞ്ച് ചെയ്തു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചാണ് ആപ്പിള്‍ ടിവി അടക്കമുള്ള ഉല്‍പന്നങ്ങള്‍ സിഇഒ ടിം കുക്ക് പുറത്തിറക്കിയത്.

ഐഫോണിന്റെ വിശേഷങ്ങളിലേക്ക്. 

പുതിയ ഐഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയായി ആപ്പിള്‍ പറയുന്നത് അതിന്റെ ത്രിഡി ടച്ച് ആണ്. മുന്‍ തലമുറ ഐഫോണുകളില്‍ ഉണ്ടായിരുന്ന ടച്ച് രീതികളില്‍ നിന്നും വ്യത്യസ്തമായി പ്രസ്സും ഡിപ് പ്രസ്സും കൂടാതെ ടാപ്പ് ചെയ്യുന്നതുമായ ടച്ച് രീതികള്‍ക്ക് കൂടുതല്‍ ഉപയോഗങ്ങള്‍ ഈ മോഡലുകളില്‍ ഉണ്ടാകും. അതായത് നിങ്ങള്‍ പ്രസ്സ് ചെയ്യുന്നതിന്റെ ശക്തി തിരിച്ചറിഞ്ഞ് ഓപ്ഷനുകള്‍ ഐഫോണ്‍ നിങ്ങള്‍ക്ക് തരും, അതില്‍ നിന്നും ആവശ്യമുള്ളത് തിരഞ്ഞെടുത്താല്‍ മതിയാവും.

അടുത്തതായി എടുത്തു പറയാനുള്ളത് പ്രോസസ്സറിനെക്കുറിച്ചാണ്. 64ബിറ്റ് എ9 പ്രോസ്സസര്‍ ആണ് ആപ്പിള്‍ 6എസ്സിനും 6എസ്സ് പ്ലസ്സിനും കരുത്ത് പകരുക. ഇതിനു സപ്പോര്‍ട്ട് നല്‍കാനായി എം9 എന്ന കോ പ്രോസ്സറും ഐഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന എ8 പ്രോസ്സസ്സറുകളേക്കാള്‍ 70 ശതമാനം അധിക വേഗതയാണ് ആപ്പിളിന്റെ വാഗ്ദാനം. കൂടാതെ 90 ശതമാനം ഗ്രാഫിക്‌സ് സപ്പോര്‍ട്ടും ഇവ നല്‍കും എന്നാണു കമ്പനിയുടെ വാദം.

ക്യാമറയിലും പുതുമകള്‍ നല്കാന്‍ ആപ്പിള്‍ ശ്രദ്ധിച്ചിട്ടുണ്ട്. അപ്‌ഗ്രേഡ് ചെയ്ത 12 മെഗാപിക്‌സല്‍ ഐസൈറ്റ് ക്യാമറ അന്‍പതു ശതമാനം അധികം പിക്‌സലുകള്‍ പകര്‍ത്തും. കൂടാതെ 4കെ വീഡിയോ സപ്പോര്‍ട്ടും 5 മെഗാപിക്‌സല്‍ ഫേസ്‌ടൈം എച്ച്ഡി ക്യാമറയും റെറ്റിന ഫ്‌ളാഷും കൂടെയുണ്ട്. ഡിഎസ്എല്‍ആര്‍ ക്യാമറ നല്‍കുന്ന അതേ ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ഇനി നിങ്ങള്‍ക്ക് ഐഫോണ്‍ ഉപയോഗിക്കാം.

ആപ്പിളിന്റെ ശബ്ദം തിരിച്ചറിയല്‍ സംവിധാനമായ സിരിയെ ഉണര്‍ത്താന്‍ ഇനി മുതല്‍ ഹേയ് സിരി എന്ന് പറഞ്ഞാല്‍ മതിയാകും. സുരക്ഷയ്ക്കായി ഹോം ബട്ടണില്‍ രണ്ടാം തലമുറ ടച്ച് ഐഡി സെന്‍സറും ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡിസ്‌പ്ലേ ആപ്പിള്‍ പുതുതായി കണ്ടെത്തിയ അയണ്‍ ഗ്ലാസ്സ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതാണ്.

ഇനി ഇന്ത്യന്‍ ആപ്പിള്‍ പ്രേമികളെ വിഷമിപ്പിക്കുന്ന ഒരു കാര്യം പറയാം. ആദ്യ ലോഞ്ചിംഗ് ലിസ്റ്റില്‍ ഇന്ത്യയെ ആപ്പിള്‍ പരിഗണിച്ചിട്ടില്ല. ചൈന, ഓസ്‌ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, Hong kong, ജപ്പാന്‍, ന്യൂസിലണ്ട്, സിംഗപ്പൂര്‍, പ്യൂട്ടോറിക്ക, യുകെ, യുഎസ് എന്നിവിടങ്ങളില്‍ മാത്രമേ ഈ രണ്ടു മോഡലുകളും റിലീസ് ചെയ്യൂ. അവിടത്തെയൊക്കെ വില പുറത്ത് വിടുകയും ചെയ്തു. ഈ മാസം 25 ഓടെ മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ ഐഫോണ്‍ 6എസും 6എസ് പ്ലസും വിപണികളില്‍ എത്തും. ഈ മാസം 12 മുതല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും ഇവര്‍ക്ക് സൗകര്യമുണ്ട്. ആക്രാന്തം പിടിച്ച് സൈറ്റില്‍ കയറി നോക്കിയ പാവം ഇന്ത്യക്കാരോട് ആപ്പിള്‍ ഇന്ത്യ ലോഞ്ചിംഗ് പേജ് പറയുന്നത് കമിംഗ് സൂണ്‍ എന്നാണ്. അപ്പൊ കാത്തിരിക്കുക തന്നെ, വേറെ മാര്‍ഗ്ഗമില്ലല്ലോ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on September 10, 2015 5:22 pm