X

ആറന്മുള: സര്‍ക്കാര്‍ ആദ്യം ജനങ്ങളോട് മാപ്പ് പറയട്ടെ

ഇന്ത്യയില്‍ പാരിസ്ഥിതിക അനുമതിയുടെ കാര്യത്തില്‍ കോടതി ഇടപെട്ടതിന്റെ ചരിത്രം വളരെ കുറവാണ്. അതില്‍ തന്നെ അനുമതി തടഞ്ഞതിന്റെ ചരിത്രം അതിലും കുറവ്. പരിസ്ഥിതി അനുമതി നല്‍കിയശേഷം അതിനെ ചോദ്യം ചെയ്യുന്ന നടപടികള്‍ വളരെ അപൂര്‍വമായിട്ടെ കോടതികള്‍ അംഗീകരിച്ചിട്ടുള്ളൂ. 2010 ല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ നിലവില്‍ വന്നശേഷം പത്തുമുന്നൂറ്റമ്പതോളം കേസുകളാണ് ഓരോവര്‍ഷവും ഫയല്‍ ചെയ്യപ്പെടുന്നത്. അക്കൂട്ടത്തില്‍ രണ്ടു കേസുകളില്‍ മാത്രമാണ് പരിസ്ഥിതി ക്ലിയറന്‍സ് റദ്ദാക്കിയിട്ടുള്ളത്. അതില്‍ ഒന്ന് ആറന്മുളയിലേതാണ്. ലോക ചരിത്രത്തില്‍ തന്നെ ഒരുപക്ഷേ, ഒരു വിമാനത്താവള പദ്ധതി പരിസ്ഥിതി ക്ലിയറന്‍സിന്റെ പേരില്‍ റദ്ദ് ചെയ്യുന്ന ആദ്യത്തെ വിധിയും ആറന്മുളയുടെ കാര്യത്തിലായിരിക്കും നടന്നിരിക്കുക. എങ്ങനെ നോക്കിയാലും ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തില്‍ ആറന്മുളയിലെ വിധിന്യായം വളരെ നിര്‍ണായകമായി തീര്‍ന്നിരിക്കുന്നു -പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു.

മറ്റു നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പരിസ്ഥിതിയുടെ പേരിലാണ് ആറന്മുള പ്രധാന ചര്‍ച്ചയായത്. വേറെയും നിരവധി നിയമപ്രശ്‌നങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന് നമുക്കറിയാം. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കാനുള്ള അവകാശം നിയമപ്രകാരം ആറന്മുള വിമാനപദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്ന കെജിഎസ് കമ്പനിക്കില്ല. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ അവര്‍ക്കെതിരെ ഒരു നടപടിക്കും തയ്യാറായിട്ടില്ല. ഒരിക്കല്‍ അത്തരമൊരു സാഹസികതയ്ക്ക് തയ്യാറായ പത്തനംതിട്ട കളക്ടറെ സ്ഥലം മാറ്റിക്കൊണ്ട്, കമ്പനിയെ എങ്ങനെ സേവിക്കണമെന്ന വ്യക്തമായ സന്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനും സര്‍ക്കാര്‍ മുന്നിട്ടറങ്ങി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ വിമാനത്താവള പദ്ധതിക്ക് തത്വത്തില്‍ അനുമതി കൊടുത്തിരുന്നു. നിരവധി നിബന്ധനകള്‍ ഈ അനുമതിയുടെ ഭാഗമായി കമ്പനിക്ക് മുന്നില്‍ അന്നുവച്ചിരുന്നു. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിക്കൊണ്ട് സ്വന്തമായി ഭൂമി വാങ്ങുകയാണെങ്കില്‍ മാത്രം അനുമതി എന്നായിരുന്നു പറഞ്ഞതെങ്കിലും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കമ്പനി ഭൂമി സ്വന്തമാക്കിയത്. ആ ഭൂമിയുമായാണ് കമ്പനി മുന്നോട്ട് പോയത്. അവര്‍ക്കനുകൂലമായ കത്തുകള്‍ അന്നു വ്യവസായ വകുപ്പില്‍ നിന്ന് കേന്ദ്രസര്‍ക്കാരിലേക്ക് അയച്ചു. ക്യാബിനറ്റിലേക്ക് റിജക്ട് ചെയ്യാന്‍ കൊടുത്ത ഫയല്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുത്തിയ ശേഷം ക്യാബിനറ്റില്‍വച്ചു തത്വത്തില്‍ അംഗീകാരം കൊടുക്കുകയായിരുന്നു. ഇങ്ങനെയൊക്കെ കഴിഞ്ഞ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ കെജിഎസിന് സാധിച്ചെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിര്‍ലജ്ജമായാണ് ആറന്മുള പ്രോജക്ടിനെ സഹായിച്ചത്. കമ്പനിയുടെ എല്ലാവിധ കള്ളത്തരങ്ങളും അറിഞ്ഞിട്ടും അവര്‍ക്ക് കൂട്ടുനിന്നു. പരിസ്ഥിതി വകുപ്പില്‍ നിന്നു ചോദ്യങ്ങളുണ്ടായപ്പോള്‍ കമ്പനിക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതി. മുഖ്യമന്ത്രി തന്നെ പരിസ്ഥിതി സെക്രട്ടറിയുടെ നോട്ട് തിരുത്തിയെഴുതിയ വാര്‍ത്തകളും പുറത്തുവന്നതാണ്. ഇത്രയും പരസ്യമായി ഒരു നിയമവിരുദ്ധ പദ്ധതിയെ പിന്തുണച്ച സര്‍ക്കാര്‍, ഗ്രീന്‍ ട്രൈബ്യൂണലില്‍ കേസ് നടന്നപ്പോള്‍, ഖജനാവില്‍ നിന്ന് പണം മുടക്കി അഡ്വക്കേറ്റ് ജനറലിനെയും മറ്റൊരു അഭിഭാഷകനെയും ആറോ ഏഴോ തവണ ചെന്നൈയിലേക്ക് അയച്ചു. സര്‍ക്കാരിന്റെ വാദഗതികള്‍ അവതരിപ്പിക്കാന്‍. എന്നാല്‍ കമ്പനി നല്‍കിയ തെറ്റായ വിവരങ്ങളെല്ലാം മറച്ചുവച്ചുകൊണ്ട് അവരെ വെള്ളപൂശുന്ന വാദങ്ങളായിരുന്നു നടത്തിയതെന്നുമാത്രം. അതെല്ലാം തള്ളിക്കൊണ്ട്, ആ വാദങ്ങളെല്ലാം നിയമവിരുദ്ധമായ പ്രവര്‍ത്തികളെ സഹായിക്കുന്ന നിലപാടുകളാണ് എന്നു പറഞ്ഞുകൊണ്ട് ഗ്രീന്‍ ട്രൈബ്യൂണല്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ സുപ്രീം കോടതിയും ട്രൈബ്യൂണല്‍ വിധി അംഗീകരിക്കുമ്പോള്‍ കെജിഎസ് എന്ന സ്വകാര്യ കമ്പനിക്ക് മാത്രമല്ല, ഈ പദ്ധതിയില്‍ പത്തുശതമാനം ഓഹരിയുള്ള സംസ്ഥാന സര്‍ക്കാരിനും കൂടിയാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. അല്ലെന്ന് എത്രവാദിച്ചാലും, ആറന്മുള പദ്ധതിയെ അന്യായമായി സഹായിക്കാന്‍ റിപ്പോര്‍ട്ടുകള്‍ എഴുതികൊടുക്കുകയും ഗ്രീന്‍ ട്രൈബ്യൂണലില്‍ അഡ്വക്കേറ്റ് ജനറലിനെവെച്ച് വാദിക്കുകയും ചെയ്ത സര്‍ക്കാരിന് ഇത് വലിയ തിരിച്ചടി തന്നെയാണ്: ധാര്‍മികമായും നിയമപരമായും. ധാര്‍മികമായും നിയമപരമായും എന്തെങ്കിലും അക്കൌണ്ടബിലിറ്റി അവര്‍ക്കു ബാക്കിയുണ്ടെങ്കില്‍, അവരങ്ങനെ അവകാശപ്പെടുന്നുണ്ടെങ്കില്‍; ഈ പദ്ധതിയില്‍ നിന്ന് കൈകഴുകി, പിന്മാറി ജനങ്ങളോട് മാപ്പു പറയണം.

ഇനി  എന്ത്?
ഈ കേസില്‍, നിലവില്‍ കൊടുത്തിരിക്കുന്ന പരിസ്ഥിതി ക്ലിയറന്‍സ് മാത്രമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റു നിരവധി ചോദ്യങ്ങള്‍ മറ്റു കോടതികളില്‍ നടക്കുന്നുണ്ട്. കെജിഎസ് നടത്തിയ അഴിമതികളൈ സംബന്ധിച്ച് വിജിലന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. നിയമവിരുദ്ധമായി നെല്‍വയല്‍ നികത്തല്‍ ഉള്‍പ്പെടെയുള്ളവ ഹൈക്കോടതിയില്‍ ചലഞ്ച് ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ ഈ പദ്ധതിയില്‍ പത്തു ശതമാനം ഓഹരി എടുത്തതിനെയും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഈ പദ്ധതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് പറയുന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടും നിലവിലുണ്ട്. അതിനെ അടിസ്ഥാനമാക്കി ഒരു സിബിഐ അന്വേഷണത്തിന്റെ സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

കെജിഎസ്സിനെതിരായുള്ള ഇത്തരം കേസുകളെല്ലാം മറ്റു കോടതികളില്‍ നടക്കുമ്പോള്‍ തന്നെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിധി അംഗീകരിച്ചുകൊണ്ട് വീണ്ടും പുതിയ അനുമതിക്കായി കമ്പനിക്ക് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്. അതിനായി ഇനിയവര്‍ പുതിയ അപേക്ഷ നല്‍കണം. അഫിലിയേറ്റഡ് ഏജന്‍സിയെ കൊണ്ട് പഠനം നടത്താനുള്ള അനുമതിയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കണം. അത്തരമൊരു പഠനം നടത്താനുള്ള അനുമതി കിട്ടാന്‍ തന്നെ പ്രയാസമാണ്. തണ്ണീര്‍ത്തടവും നെല്‍വയലുകളും ഉള്‍പ്പെടുന്ന പ്രദേശത്ത് ഒരു വിമാനത്താവളത്തിനുള്ള പഠനത്തിന് അനുമതി കൊടുക്കാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്ന് പലതരത്തില്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിരീക്ഷണത്തില്‍ കാണാവുന്നതാണ്. അങ്ങനെയാണെങ്കില്‍ കെജിഎസിന് ഇനിയുള്ള കടമ്പ ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടേറിയതായിരിക്കും.

ബെസ്റ്റ് ഓഫ് അഴിമുഖം 

മൂന്നാര്‍ വിധി: അസംബന്ധമോ? സ്വാഭാവിക നീതിയോ?
കിഴക്കന്‍ ഗോദാവരി അപകടം കണ്ടില്ലേ കേരളത്തിലെ നേതാക്കളും അധികൃതരും? സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു
പത്തനംതിട്ട കലഞ്ഞൂരിലെ നടരാജന്‍ എന്ന ഭൂപ്രഭുവിന്‍റെ കഥ
ആന്‍റോയുടെ ജയവും ആറന്‍മുളയും
വികസനത്തിന്‍റെ വേറിട്ട വഴികള്‍

വന്‍ സാമ്പത്തിക ശേഷിയുള്ള കമ്പനിയാണ് കെജിഎസ്. അവര്‍ക്ക് പിന്നിലുള്ളവരും വമ്പന്‍മാരാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ഉപദേശകനായിരുന്ന ടികെഎ നായര്‍, രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, ആന്റോ ആന്റണി എം പി, പ്രമുഖ തമിഴ് രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവും മുന്‍ എംപിയുമായ വ്യക്തി, ഒളിഞ്ഞും തെളിഞ്ഞും ബന്ധം ആരോപിക്കുന്ന റോബര്‍ട്ട് വാദ്ര എന്നിവരൊക്കെ കെജിഎസിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരും. പോരാത്തതിന് പുതിയ കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി നയങ്ങളില്‍ വെള്ളം ചേര്‍ക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഇവരുടെയെല്ലാം ശ്രമഫലമായി ഇനിയും ഈ പ്രൊജക്ട് പാരിസ്ഥിതിക അനുമതി നേടിയെടുക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. കാരണം പണമുള്ളവന് ഏതുനിയമവും തെറ്റിച്ച് കാര്യങ്ങള്‍ നേടിയെടുക്കാവുന്നതാണ് ഈ രാജ്യത്തിന്റെ സാഹചര്യങ്ങള്‍.

അതെന്തുമാകട്ടെ, പരിസ്ഥിതി സംബന്ധിച്ച് ഒരു കേസില്‍ മാത്രമാണു വിധി വന്നിരിക്കുന്നത്. മറ്റുനിരവധി കേസുകള്‍ ബാക്കി കിടക്കുകയാണ്. അതിനെല്ലാം പുറമെയാണ് ജനകീയ കോടതിയില്‍ നടക്കുന്ന വിചാരണ. അതിന്റെ വിധി എന്തായാലും ഒരു മാഫിയയ്ക്കും ഭരണകൂടത്തിനും മറികടക്കാന്‍ കഴിയില്ല.

 

*Views are personal

This post was last modified on November 23, 2014 10:40 am