X

പ്രതിഷേധം ഹാഷ്ടാഗുകളിലൊതുക്കരുത്; ആസിഫയ്ക്ക് നീതി തേടി കുട്ടികളുടെ സര്‍ഗവസന്തം കവിതാക്യാമ്പ്

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്

കാശ്മീരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരി ആസിഫയ്ക്ക് നീതി തേടി കുട്ടികളുടെ പ്രതിഷേധം. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ വടകര ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സര്‍ഗവസന്തം ത്രിദിന സംസ്ഥാനതല കവിതാ ക്യാമ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മനുഷ്യകുലത്തില്‍ പിറന്നതില്‍ ലജ്ജിക്കുന്നുവെന്നും ജാതിയുടേയും മതത്തിന്റേയും പേരില്‍ മനുഷ്യരെ വേര്‍തിരിച്ച് കാണുന്നവര്‍ കുഞ്ഞുങ്ങളെ വര്‍ഗവിവേചനത്തിനിരയാക്കുന്നത് ക്രൂരമാണെന്ന് കവി ആര്യാഗോപി പറഞ്ഞു. നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ കുസൃതിയുടെ പേരില്‍ നോവിക്കുന്നതുപോലും സങ്കടകരമാണ്. ഇത്തരം വാര്‍ത്തകള്‍ നമുക്ക് ഉള്‍ക്കാള്ളാനാവുന്നതിനും അപ്പുറമാണ്. പ്രതിഷേധം ഹാഷ്ടാഗുകളിലൊതുക്കരുത്. നമുക്ക് ചുറ്റും നടക്കുന്ന അതിക്രമങ്ങള്‍ കണ്ണും കാതും തുറന്നുവെച്ച് ജാഗരൂകരായി കാണണം. നിങ്ങളുടെ കവിതകള്‍ പ്രതിഷേധത്തിന്റെ കെടാത്ത അഗ്നിയാവണമെന്നും ആര്യ ഗോപി പറഞ്ഞു.

ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന പ്രത്യേകത തകരുന്ന കാഴ്ചയാണ് സമീപകാലത്ത് കാണുന്നതെന്ന് ക്യാമ്പംഗം അവനി അഭിപ്രായപ്പെട്ടു. നമ്മള്‍ സാധാരണക്കാരായ കുട്ടികള്‍ മാത്രമല്ല, ഇത്തരം സംഭവങ്ങളില്‍ കവികളായ നമ്മളെ അലോസരപ്പെടുത്തണമെന്നും എഴുത്തിലൂടെ പ്രതിഷേധിക്കണമെന്നും അവനി പറഞ്ഞു.

ആസിഫയുടെ ദാരുണമായ കൊലപാതകം ഞെട്ടലോടെയാണ് കേട്ടത്. ഇരുണ്ടകാലഘട്ടത്തിലൂടെയാണ് ഇന്ത്യ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യം ദുഷിച്ചുപോയിരിക്കുന്നു. അതുകൊണ്ടുതന്നെ നാമെല്ലാം നാളെയുടെ പ്രത്യാശയാകേണ്ടതുണ്ടെന്ന് ക്യാമ്പംഗം ഗാഥ അഭിപ്രായപ്പെട്ടു.

നമ്മുടെ പ്രതിഷേധം ഇവിടെ അവസാനിപ്പിക്കരുതെന്നും എഴുത്തിലൂടെ നമ്മള്‍ പ്രതിഷേധിച്ചുകൊണ്ടേയിരിക്കണമെന്നും ക്യാമ്പംഗം അനുഗ്രഹ് പറഞ്ഞു.

സമാപനദിവസം ബാലകവിതകളിലെ ഭാഷ എന്ന വിഷയത്തില്‍ ആര്യാഗോപി സംസാരിച്ചു. ക്യാമ്പ് ഡയറക്ടര്‍ വിനോദ് വൈശാഖി കുട്ടികളുമായി സംവദിച്ചു. ക്യാമ്പിലെ രചനകളുടെ അവതരണവും വിലയിരുത്തലും നടന്നു. തുടര്‍ന്ന് അഞ്ജിതയുടെ മൂര്‍ച്ച എന്ന കവിതയും അശ്വതിയുടെ അരച്ചുവെച്ചൊരു ഉള്ളിസമ്മന്തി എന്ന കവിതയും അവതരിപ്പിച്ചു.

ഏപ്രില്‍ 11നാണ് ക്യാമ്പ് ആരംഭിച്ചത്.