ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്പേസസ് ഫെസ്റ്റിവല്‍ നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന് ഉത്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കുന്ന. ചടങ്ങില്‍ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, എ.സി മൊയ്തീന്, മേയര്‍ വി.കെ പ്രശാന്ത്, ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ, പ്രശസ്ത ആര്‍ക്കിടെക്ട് പലിന്ദ കണ്ണങ്കര, വിജയ് ഗാര്‍ഗ്, രവി ഡി സി തുടങ്ങിയവര്‍ സംസാരിക്കും. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 01 വരെ തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് നടക്കുന്ന ഫെസ്റ്റിവലില്‍ ലോകപ്രശസ്തരായ സാമൂഹികചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ആര്‍ക്കിടെക്ടുകള്‍, ചലച്ചിത്രതാരങ്ങള്‍, കലാ- സാംസ്കാരിക- പരിസ്ഥിതി- രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാസ്തുകലയും ഡിസൈനും സാമൂഹികചിന്തയും മുഖാമുഖം സംവാദത്തിലേര്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശയോത്സവമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഒരേ സമയം മൂന്നു വേദികളിലായി നൂറിലേറെ സംവാദങ്ങളാണ് വിവിധ വിഷയങ്ങളിലായി നടക്കുക. പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എന്‍. കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോത്സവം ഈ മേളയുടെ പ്രധാന സവിശേഷതയാണ്. ഒപ്പം ചിത്രകാരന് റിയാസ് കോമുവിന്റെ ഇന്സ്റ്റലേഷന്, പരമ്പരാഗത കൈത്തൊഴിലുകളുടെ അനുഭവങ്ങള്‍, ശില്പകലാശാലകള്‍, വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.
ഇവര്‍ക്ക് പുറമെ ജയാ ജയ്റ്റ്ലി, ശശി തരൂര്‍, ഇറാ ത്രിവേദി, പ്രകാശ് രാജ്, ടി.എം. കൃഷ്ണ, സാറാ ജോസഫ്, എന്‍.എസ്. മാധവന്, അടൂര്‍ ഗോപാലകൃഷ്ണന്, പ്രശസ്ത ആര്‍ക്കിടെക്ട് ബി.വി. ദോഷി, ഡീന്‍ ഡിക്രൂസ്, റസൂല്‍ പൂക്കുറ്റി, ബോസ് കൃഷ്ണമാചാരി, സുനില്‍ പി. ഇളയിടം, കെ.ആര്. മീര, പദ്മപ്രിയ തുടങ്ങി നിരവധി പ്രമുഖരാണ് നാല് ദിവസത്തെ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തുന്നത്.