X

കൃതി വിജ്ഞാനോല്‍സവം ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം ഉദ്ഘാടനം ചെയ്തു

പ്രളയം കേരളത്തിന്റെ ഗ്രന്ഥശാലാ ശൃംഖലയെ ഉലച്ചിട്ടുണ്ടാകാം, എന്നാല്‍ കേരളത്തിന്റെ ബൗദ്ധികമായ പ്രതിബദ്ധതയെ ഉലച്ചില്ല

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും ബൗദ്ധിക പുരോഗതിക്കും കൃതി സഹായിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം പറഞ്ഞു. രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോത്സവവും കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. പ്രളയം കേരളത്തിന്റെ ഗ്രന്ഥശാലാ ശൃംഖലയെ ഉലച്ചിട്ടുണ്ടാകാം, എന്നാല്‍ കേരളത്തിന്റെ ബൗദ്ധികമായ പ്രതിബദ്ധതയെ ഉലച്ചിട്ടില്ല. അടിസ്ഥാനസൗകര്യമേഖലയിലും കാര്‍ഷികരംഗത്തും സംസ്ഥാനത്ത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുയാണ്. ഇതിനൊപ്പം നമ്മുടെ ബൗദ്ധികമായ പുരോഗതി സാക്ഷാത്കരിക്കാനുള്ള ശ്രമമായാണ് താന്‍ കൃതിയെ കാണുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൃതിയുടെ ഈ പതിപ്പില്‍ തമിഴ് സംസ്‌ക്കാരത്തിനും സാഹിത്യത്തിനും സവിശേഷ പ്രാധാന്യം നല്‍കുന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ഐക്യത്തിന് കരുത്തേകാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയും. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് പരിഭാഷകളിലൂടെ ലോകമെങ്ങും എത്തിച്ചേരാന്‍ മലയാള സാഹിത്യം ശ്രമിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രളയത്തെ അതിജീവിച്ച കേരളം ലോകത്തിനു തന്നെ മാതൃകയായെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സഹകരണ, ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രളയാനന്തര കാലത്ത് സാഹോദര്യത്തിലൂിയ പുതിയ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കൃതി പോലുള്ള മേളകള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രൊഫ. എം. കെ. സാനു ആമുഖ പ്രഭാഷണം നടത്തി. കൃതി കോ-ഓര്‍ഡിനേറ്റര്‍ ജോബി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, ഹൈബി ഈഡന്‍ എംഎല്‍എ, പ്രൊഫ. കെ. വി. തോമസ് എംപി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രമുഖ കഥാകൃത്ത് ടി. പത്മനാഭനെ ഗവര്‍ണര്‍ ചടങ്ങില്‍ ആദരിച്ചു. സഹകരണ രജിസ്ട്രാര്‍ എസ്. ഷാനവാസ് കൃതജ്ഞത രേഖപ്പെടുത്തി.

This post was last modified on February 14, 2019 9:17 pm