X

പോപ് ഇതിഹാസം എല്‍ട്ടണ്‍ ജോണ്‍ പൊതുസംഗീത പരിപാടികള്‍ക്കായുള്ള യാത്രകള്‍ അവസാനിപ്പിക്കുന്നു

തീരുമാനം മക്കളെ വളര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്; സ്വവര്‍ഗ്ഗ ലൈംഗികവാദിയായ എല്‍ട്ടണ്‍ ജോണ്‍ ചലച്ചിത്രകാരനായ ഡേവിഡ് ഫര്‍നീഷിനെയാണ് വിവാഹം കഴിച്ചത്

പൊതുസംഗീത പരിപാടികള്‍ക്കായുള്ള യാത്രകള്‍ അവസാനിപ്പിക്കുകയാണെന്ന് പോപ് ഇതിഹാസം എല്‍ട്ടണ്‍ ജോണ്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതിന്റെ മുന്നോടിയായി അഞ്ച് ഭൂഖണ്ഡങ്ങളില്‍ മുന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഫെയര്‍വെല്‍ യെല്ലോ ബ്രിക്ക് റോഡ് ടൂര്‍ പരിപാടി സംഘടിപ്പിക്കുമെന്നും ന്യൂയോര്‍ക്ക് സിറ്റിയിലെ ഗോഥം ഹാളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ അവസാന സംഗീതയാത്ര പരിപാടികളില്‍ മുന്നൂറ് വേദികളില്‍ പാടുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ മക്കളെ വളര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനാണ് സംഗീത യാത്രകള്‍ ഉപേക്ഷിക്കുന്നതെന്നും കഴിഞ്ഞ അമ്പത് വര്‍ഷമായി വേദികളില്‍ നിറഞ്ഞാടുന്ന എല്‍ട്ടണ്‍ ജോണ്‍ വ്യക്തമാക്കി.

1973ല്‍ പുറത്തിറങ്ങിയ ഗുഡ്‌ബൈ യെല്ലോ ബ്രിക് റോഡ് എന്ന എല്‍ട്ടണ്‍ ജോണിന്റെ ആല്‍ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അവസാന യാത്ര പരിപാടിയുടെ പേര് നിശ്ചയിച്ചിരിക്കുന്നത്. ഈ വര്‍ഷം സെപ്തംബറില്‍ പെന്‍സില്‍വാനിയയില്‍ നിന്നാണ് യാത്ര പരിപാടി ആരംഭിക്കുന്നത്. 2020ല്‍ യുകെയില്‍ തിരഞ്ഞെടുത്ത പത്ത് നഗരങ്ങളില്‍ ജോണ്‍ പാടും. എന്നാല്‍ തീരുമാനത്തിന് പിന്നില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് എഴുപതുകാരനായ എല്‍ട്ടണ്‍ ജോണ്‍ വ്യക്തമാക്കി. ആരോഗ്യമില്ലാതെ മുന്നൂറ് വേദികളില്‍ പാടാന്‍ സാധിക്കില്ലല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ യാത്ര പരിപാടി അവസാനിപ്പിക്കുമ്പോള്‍ കുട്ടികളുടെ പ്രായം പത്തും എട്ടും വയസായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആ പ്രായത്തില്‍ അവര്‍ക്ക് തന്റെ സാന്നിധ്യം ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട 2015ല്‍ തന്നെ പങ്കാളിയായ ഡേവിഡ് ഫര്‍ണിഷുമായി സംസാരിച്ച് തീരുമാനം കൈക്കൊണ്ടിരുന്നതായി അദ്ദേഹം ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അറിയപ്പെടുന്ന സ്വവര്‍ഗ്ഗ ലൈംഗികവാദിയാണ് എല്‍ട്ടണ്‍ ജോണ്‍. ഇംഗ്ലണ്ടില്‍ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നിയമവിധേയമായ 2014 മാര്‍ച്ചിന് ശേഷം ചലച്ചിത്രകാരനായ ഡേവിഡ് ഫര്‍നീഷുമായി അതേ വര്‍ഷം ഡിസംബര്‍ 21ന് വിവാഹം നടന്നു. മൂത്ത പുത്രനായ സക്കാറി ജാക്കസണ്‍ ലെവണ്‍ ഫര്‍ണിഷ്-ജോണ്‍ 2010 ഡിസംബര്‍ 25ന് വാടക ഗര്‍ഭപാത്രത്തിലാണ് പിറന്നത്.