X

അരുവിക്കരയില്‍ അത്ഭുത വിജയം; എതിരാളികളില്ലാതെ ശബരിനാഥ്

അഴിമുഖം പ്രതിനിധി

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥന് അത്യുജ്ജ്വല വിജയം. കടുത്തമത്സരം പ്രവചിച്ചിരുന്ന മണ്ഡലത്തില്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് 10128 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയം കുറിച്ചത്. ശബരിനാഥന് 56,448 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ 46,320 വോട്ടുകളും ബിജെപിയുടെ ഒ രാജഗോപാല്‍ 34,145 വോട്ടുകളും നേടി. 1439 വോട്ടുകള്‍ നേടി നാലാം സ്ഥാനത്ത് വന്നിരിക്കുന്നത് നോട്ടയാണ്. പിസി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി കെ ദാസിന് 1197 വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ.2011 ലെ തെരഞ്ഞെടുപ്പില്‍ ജി കാര്‍ത്തികേയന്‍ 56,797 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്നുനേടിയത്.

ഇടതുപക്ഷത്തെ പാടെ തൂത്തെറിയുന്ന പ്രകടനമാണ് ശബരിനാഥ് കാഴ്ച്ചവച്ചിരിക്കുന്നത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ലീഡോടുകൂടിയായിരുന്നു ശബരിനാഥ് വിജയത്തിലേക്ക് എത്തിയത്. എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള വിതുര, അരുവിക്കര പഞ്ചായത്തുകളിലടക്കം മികച്ച മുന്നേറ്റമാണ് ശബരിനാഥ് നടത്തിയത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന ഉഴമലയ്ക്കല്‍പോലും ഇത്തവണ ശബരിക്കൊപ്പം ശക്തമായി ഉറച്ചു നിന്നു. ആദ്യ മൂന്നു പഞ്ചായത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ എല്‍ഡിഎഫ് പരാജയം സമ്മതിക്കുന്ന നിലയില്‍ എത്തിയിരുന്നു. തുടക്കം മുതല്‍ ഉണ്ടാക്കിയ ലീഡ് ഒരു ഘട്ടത്തില്‍ പോലും കൈവിടാന്‍ ശബരിനാഥ് അനുവദിച്ചില്ല. യുഡിഎഫിന്റെ മണ്ഡലം, സഹതാപതരംഗം എന്നീ ഘടകങ്ങള്‍ നിലനില്‍ക്കുമ്പോഴും ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്ന ഇടതുപക്ഷത്തിന്, തോല്‍വി സംഭവിച്ചാലും അയ്യായിരം വോട്ടുകള്‍ക്ക് താഴെ മാത്രമായിരിക്കും എന്ന കണക്കുകൂട്ടലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെപ്പോലും ഞെട്ടിച്ചു പതിനായിരത്തിലേറെ ഭൂരിപക്ഷത്തോടെ ശബരിനാഥ് വിജയം കുറിച്ചപ്പോള്‍ അടിതെറ്റിവീണ അവസ്ഥയിലാണ് സിപിഎം.

എന്നാല്‍ ശബരിനാഥന്റെ വിജയത്തേക്കാള്‍ എറെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചിരിക്കുന്നത് ബിജെപിയുടെ മുന്നേറ്റമാണ്. കഴിഞ്ഞ തവണ അരുവിക്കര നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും ഏഴായിരം വോട്ടുകള്‍ മാത്രം നേടിയ ബിജെപി ഈ തെരഞ്ഞെടുപ്പില്‍ രാജഗോപാലിലൂടെ നേടിയത് 34,145 വോട്ടുകളാണ്. ഇരുപത്തയ്യായിരം വോട്ടുകള്‍ വരെ ബിജെപി നേടുമെന്ന് ഇരു മുന്നണികളും കണക്കുകള്‍ കൂട്ടിയിരുന്നെങ്കിലും ആ കണക്കിനുമപ്പുറമുള്ള നേട്ടമാണ് ബിജെപി നേടിയത്. മൂന്നാം സ്ഥാനത്താണ് രാജഗോപാല്‍ എത്തിയതെങ്കിലും ചരിത്രത്തില്‍ ഏറ്റവുമധികം വോട്ടുകള്‍ നേടുക വഴി കേരളത്തില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വ്യക്തമായ നേട്ടം ഉണ്ടാക്കാന്‍ കഴിയും എന്ന സൂചനകളാണ് നല്‍കുന്നത്. 

അതേസമയം കേരളരാഷ്ട്രീയത്തില്‍ കാതലായ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ഈ തെരഞ്ഞെടുപ്പില്‍ കാര്യമാത്രപ്രസക്തമായ വേഷം ആടുമെന്ന് കരുതിയ പി സി ജോര്‍ജ് നിഷ്പ്രഭനാകുന്നതിനും ഈ തെരഞ്ഞെടുപ്പ് ഫലം കാരണമായി.1197 വോട്ടുകള്‍ നേടി നോട്ടയ്ക്കും പിന്നിലാണ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥി കെ ദാസ് എത്തിയത്.

തെരഞ്ഞെടുപ്പ് ഫലം ഗവണ്‍മെന്റിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലായിരിക്കുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിജയമാണ് അരുവിക്കരയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുന്നത്. ഈ വിജയത്തോടെ എല്ലാ എതിര്‍പ്പുകളും ഇല്ലാതാക്കി, കേരളത്തിലെ കോണ്‍ഗ്രസിലും യുഡിഎഫിലും തന്റെ അപ്രമാദിത്വം ഒന്നുകൂടി ഉറപ്പിക്കുകയാണ് ഉമ്മന്‍ ചാണ്ടി അരുവിക്കരയില്‍.

This post was last modified on June 30, 2015 11:28 am