X

നാമത് സമ്മതിച്ചേ പറ്റൂ; നമ്മള്‍ സ്ത്രീകളോട് നികൃഷ്ടമായാണ് പെരുമാറുന്നത്

ടീം അഴിമുഖം

നമ്മള്‍ സമ്മതിച്ചേ മതിയാകൂ, നാം നമ്മുടെ സ്ത്രീകളോട് നികൃഷ്ടമായാണ് പെരുമാറുന്നത്. പോര്‍വിമാനം പറത്തുന്ന, വിജയകരമായ വ്യവസായം നടത്തുന്ന, പാര്‍ലമെന്റിലേക്ക് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കില്‍ ഓടിച്ചുവന്നതടക്കമുള്ള സ്ത്രീകള്‍ നിറഞ്ഞതായിരുന്നു ദേശീയ തലസ്ഥാനത്തെ കഴിഞ്ഞ വനിതാ ദിനം. പക്ഷേ, സ്ത്രീകളുടെ നേട്ടങ്ങള്‍ കൊണ്ടാടുന്ന ഒരു ദിവസത്തിനപ്പുറമോ ഇപ്പുറമോ മിക്ക ഇന്ത്യന്‍ സ്ത്രീകളും കഴിഞ്ഞുപോരുന്ന അതിക്രൂരമായ ലോകത്തിന്റെ സമ്പ്രദായങ്ങള്‍ മാറുന്നേയില്ല.

ഈ വര്‍ഷം വനിതാദിനത്തിന് ശേഷം മൂന്നു ഭീകരമായ സംഭവങ്ങള്‍ ഉണ്ടായി. ഒന്നില്‍, ഒരു കൌമാരക്കാരിയെ ബലാത്സംഗം ചെയ്തതിനുശേഷം തീവെച്ചു. ദിവസങ്ങള്‍ക്കുശേഷം ആ പെണ്‍കുട്ടി മരിച്ചു. മറ്റൊരു സംഭവത്തില്‍ ബറേലിയില്‍ ഒരു ബസ്സില്‍ കൈക്കുഞ്ഞുമായി യാത്ര ചെയ്തിരുന്ന യുവതിയെ ബസിലെ ജീവനക്കാര്‍ ബലാത്സംഗം ചെയ്തു. ആ കുഞ്ഞ് അതിനിടയില്‍ നിലത്തുവീണ് മരിച്ചു. കൂടെയുണ്ടായിരുന്ന സംഭവത്തിന്റെ ദൃക്സാക്ഷിയായ അവരുടെ മൂന്നുവയസായ മകള്‍ രക്ഷപ്പെട്ടു. മൂന്നാമത്തെ സംഭവത്തില്‍ പരപുരുഷബന്ധം ആരോപിച്ചു ഒരു സ്ത്രീയെ പൊതുസ്ഥലത്ത് തീവെച്ചു.

രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്കു സംവരണം നല്‍കുന്നതിനെക്കുറിച്ചൊക്കെ ചര്‍ച്ചകള്‍ നടക്കുമ്പോഴും, ബലാത്സംഗത്തിനെതിരായ നിയമം കൂടുതല്‍ കര്‍ക്കശമാക്കിയിട്ടും, സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്നാണ് ഇത് കാണിക്കുന്നത്. ആളുകള്‍ക്ക് മനംമാറ്റം ഉണ്ടാകുന്നതുവരെ കാത്തിരിക്കാന്‍ നമുക്കാവില്ല. അത് വേദനിപ്പിക്കും വിധം സാവധാനത്തിലാണ് ഉണ്ടാകുന്നത് എന്നതാണ് സത്യം.

സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യക്രമം മൂലമാണ് സ്ത്രീകള്‍ ഇങ്ങനെ പരസ്യമായി, തുടര്‍ച്ചയായി  ആക്രമിക്കപ്പെടുന്നത് എന്നതോടൊപ്പം തന്നെ എന്തൊക്കെ ചെയ്താലും തങ്ങള്‍ ശിക്ഷിക്കപ്പെടുകയില്ല എന്ന ആക്രമികളുടെ, പലപ്പോഴും വാസ്തവമായ, ധാരണയുടെ ഫലം കൂടിയാണിത്. എഫ് ഐ ആര്‍ രേഖപ്പെടുത്തുന്നതു മുതല്‍ കുറ്റവാളികള്‍ക്കെതിരെ ഭദ്രമായ ഒരു കുറ്റപത്രം നാല്‍കാവുന്ന തരത്തിലുള്ള തെളിവ് ശേഖരിക്കുന്നതില്‍ വരെ നമ്മുടെ നീതിന്യായ, അന്വേഷണ സംവിധാനം സ്ത്രീകള്‍ക്ക് നീതി നല്‍കുന്ന രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. പൊലീസുകാര്‍ ഇരകളായ സ്ത്രീകളോട് ഒന്നുകില്‍ പ്രതികൂലമായ മുന്‍വിധികളോടെയാണ് സമീപിക്കുന്നത്, പ്രത്യേകിച്ചും ബലാത്സംഗത്തിനിരയായ സ്ത്രീകളോട്. അല്ലെങ്കില്‍ അവര്‍ക്ക് നിയമത്തിന്റെ ശരിയായ നടപടിക്രമങ്ങള്‍ അറിയുകയുമില്ല.

ഉടനടി പരിഹാരങ്ങള്‍ ഒന്നുമില്ല. നിയമം കൃത്യമായി പ്രവര്‍ത്തിക്കണം. കുറ്റവാളികള്‍ക്ക്  ശിക്ഷ സുനിശ്ചിതമായിരിക്കണം.  അതിന്റെ കാഠിന്യം വിട്ടുവീഴ്ച്ചയില്ലാത്തതും. ഉയര്‍ന്ന വിദ്യാഭ്യാസവും സാമൂഹ്യമായും തൊഴില്‍ മേഖലയിലും ഉയര്‍ന്ന പദവികളിലുള്ള സ്ത്രീകളുടെ കാര്യത്തില്‍പ്പോലും-TERI(The Energy and Resources Institute)-യിലെ സംഭവം കാണിക്കുന്നപോലെ-നിയമങ്ങള്‍ ഇരകള്‍ക്ക് അനുകൂലമായ രീതിയില്‍ പ്രയോഗിക്കും എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല.

ലിംഗനീതിക്കായി യോജിച്ച രാഷ്ട്രീയ സമ്മര്‍ദം കൂടിയേ തീരൂ. സ്ത്രീകള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായയെ എത്ര കളങ്കപ്പെടുത്തുന്നു എന്നു നാം ആകുലരാകാറുണ്ട്. അതുകൊണ്ട് ഈ സ്വാര്‍ത്ഥമായ പ്രതിച്ഛായ സംരക്ഷണത്തിനായെങ്കിലും നമ്മുടെ രാഷ്ട്രീയ നേതൃത്വം ജനതയുടെ പകുതിവരുന്ന സ്ത്രീകള്‍ക്ക് ന്യായമായ അവകാശങ്ങള്‍ ലഭ്യമാകുന്നു എന്നുറപ്പുവരുത്താന്‍ പൌരസമൂഹത്തിനും നിയമസംവിധാനങ്ങള്‍ക്കും ശക്തി പകരേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും അനുദിനം പെരുകുമ്പോള്‍ ടാക്സികളിലും മറ്റ് പൊതുഗതാഗത വാഹനങ്ങളിലും സ്ത്രീകളെ ആദരിക്കുന്നത് പ്രഘോഷിക്കുന്ന വാചകങ്ങള്‍ ഒട്ടിക്കുന്നത് അര്‍ത്ഥശൂന്യമാണ്, ഒരുപക്ഷേ നിന്ദാജനകവും.

This post was last modified on March 15, 2016 8:51 am