X

വീട്ടിലെത്തുന്ന ചില അവിശ്വസനീയ അതിഥികള്‍

ഭവ്യ വേലായുധന്‍

നമ്മുടെ അടുത്തേക്ക് വരുന്ന അതിഥികളെ ദൈവമായി കാണണമെന്നാണ് ഇന്ത്യന്‍ സംസ്‌കാരം പഠിപ്പിക്കുന്നതെങ്കിലും എനിക്കുണ്ടായിട്ടുള്ള അനുഭവം വെച്ച് ചില അതിഥികള്‍ ചെകുത്താന്‍മാരെക്കാള്‍ മോശമാണ്.

കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ എനിക്ക് ഒന്ന് രണ്ട് സ്ഥലങ്ങളില്‍ അതിഥിയായി താമസിക്കേണ്ടി വന്നിട്ടുണ്ട്. അവരുടെ ആതിഥ്യ മര്യാദ എന്റെ മനസ്സ് കീഴടക്കിക്കളഞ്ഞു. എല്ലാം വലിയ ഇടങ്ങളായിരുന്നില്ല, പക്ഷെ വളരെ വൃത്തിയുള്ളവയായിരുന്നു. ആഡംബരപൂര്‍ണമായിരുന്നില്ല, എന്നാല്‍ സുന്ദരമായിരുന്നു. അവര്‍ ധനികരായിരുന്നില്ല, എന്നാല്‍ സ്‌നേഹമുള്ളവരായിരുന്നു. അവരെന്നെ കൂട്ടിക്കൊണ്ടുവരികയും കഴുകിയതും വൃത്തിയുള്ളതുമായ ടവ്വലുകളും വിരിപ്പുകളും തരികയും ചെയ്തു. നല്‍കിയ ഭക്ഷണമോ സ്വര്‍ഗീയവും. എല്ലാത്തിലും ഉപരി ടോയ്‌ലറ്റുകള്‍ വൃത്തിയുള്ളവയായിരുന്നു, വളരെയധികം വൃത്തിയുള്ളവ. യാത്ര ചെയ്യുമ്പോള്‍ ഞാനെപ്പോഴും ഹോട്ടലില്‍ താമസിക്കാനാണ് താത്പര്യപ്പെടാറ്. പക്ഷെ കേരളത്തിലെ ഒരു ഹോട്ടലില്‍ ഒറ്റക്ക് നില്‍ക്കുക എന്നത് ഒരു പേടിസ്വപ്‌നമാണ്. ഒറ്റക്ക് യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന സ്ത്രീകളെ ദൈവത്തിന്റെ സ്വന്തം നാട് മോശമായിട്ടാണ് പരിഗണിക്കുക.

വിട പറയുന്ന ദിവസം, അവരോട് നന്ദി പറയാനുള്ള വാക്കുകള്‍ക്കായി ഞാന്‍ ബുദ്ധിമുട്ടി. ട്രെയിനിനായി കാത്തുനില്‍ക്കുമ്പോള്‍ അതിഥികളെക്കുറിച്ചുള്ള എന്റെ കഥ ഞാന്‍ അവരോട് പറഞ്ഞു.

എവിടേക്കെങ്കിലും അതിഥിയായി പോകാന്‍ പറ്റാത്ത വിധം എന്റെ അച്ഛനമ്മമാര്‍ തിരിക്കിലായിരുന്നതിനാല്‍ ഞങ്ങള്‍ എപ്പോഴും ആതിഥേയരാകാറാണ് പതിവ്. ഞാന്‍ ആതിഥേയയായിരുന്ന ചില്ലറ അവസരങ്ങള്‍ ഭീകരമായ അനുഭവങ്ങളായിരുന്നു.

ഞങ്ങളുടെ വീട്ടില്‍ എത്തിയ ചില അതിഥി ദൈവങ്ങള്‍.

സെല്‍ ഫോണുകളുടെ പിറവിക്ക് മുമ്പ്, അതായത് രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ്, ആളുകള്‍ അവരുടെ യാത്രാ പദ്ധതി മാറ്റിയാല്‍ അത് ലാന്റ് ഫോണില്‍ വിളിച്ചു അറിയിക്കാനുള്ള മര്യാദ പോലും കാണിക്കില്ല. അവര്‍ക്ക് വേണ്ടി നമ്മള്‍ നമ്മുടെ പദ്ധതികള്‍ മാറ്റേണ്ടി വരും. പിന്നീട് വീണ്ടും യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഫോണില്‍ വിളിച്ച് ഒരു നാണവുമില്ലാതെ അവര്‍ നമ്മുടെ വീട്ടിലേക്ക് വരികയാണെന്ന് പറയും.

അവര്‍ ഞങ്ങളുടെ കളിപ്പാട്ടങ്ങള്‍ എടുത്ത് അവരുടെ കുട്ടികള്‍ക്ക് കൊടുക്കും. എന്നിട്ട് അച്ഛനും അമ്മയോടും പറയും ഞങ്ങള്‍ക്ക് വേറെയൊന്ന് വാങ്ങിച്ചു തരാന്‍. നാശം പിടിക്കാന്‍! അവര്‍ക്കെങ്ങനെ അങ്ങനെ ചിന്തിക്കാന്‍ പോലും പറ്റുന്നു?

ഞങ്ങളുടെ വീട് അവര്‍ക്കായി വിട്ടുകൊടുത്തത് പോലെയാണ് ചിലര്‍ വീട് ഉപയോഗിക്കുക. അവര്‍ കുഷ്യനുകള്‍ക്ക് മേലെ ചവിട്ടി നില്‍ക്കും, സിങ്ക് ചീത്തയാക്കും, പിന്നെ (ഗ്ര്‍ര്‍ര്‍ര്‍ര്‍) ടോയ്‌ലറ്റുകള്‍ നാറ്റിക്കും. വിദ്യാഭ്യാസം, കുടുംബമഹിമ, സാമ്പത്തിക ശേഷി എന്നിവക്കൊന്നും ഒരു മനുഷ്യന്റെ ശുചിത്വവുമായി ഒരു ബന്ധവുമില്ല, വൈകിയാണെങ്കിലും അത് ഞാന്‍ മനസ്സിലാക്കി.

ചിലര്‍ മുറിയില്‍ കയറി കതകടച്ച് ഇരിക്കും. അവര്‍ നമ്മളോട് മിണ്ടുകയേ ഇല്ല. രാത്രി ഭക്ഷണം കഴിക്കാന്‍ സമയമാകുമ്പോള്‍ ആദ്യം എന്റെ സഹോദരന്‍ അവരുടെ വാതിലില്‍ പോയി മുട്ടുകയും അവര്‍ ഉറങ്ങുകയാണെന്ന് പറഞ്ഞ് തിരികെ വരികയും ചെയ്യും. രണ്ടാമത്തെ ഊഴമെന്റേതായിരിക്കും, ഞാന്‍ മുട്ടിയാലും അവര്‍ മിണ്ടാതിരിക്കും. മടിച്ചാണെങ്കിലും എന്റെ അച്ഛനും അവരെ ഭക്ഷണത്തിനായി വിളിക്കും, എന്നാലും ഒന്നും സംഭവിക്കില്ല. ഒടുവില്‍ അമ്മ ചെറുതായൊന്ന് വിളിച്ചുകൂവേണ്ടി തന്നെ വരും. ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ വാതില്‍ തുറന്നു വരും. വന്ന് ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ച് പിറ്റേന്ന് തന്നെ സ്ഥലം വിടുകയും ചെയ്യും.

മറ്റൊരു തരത്തിലുള്ള അതിഥികള്‍ കൂടിയുണ്ട്. അവര്‍ വീടു മുഴുവന്‍ നടന്ന് കണ്ണില്‍ കണ്ടതൊക്കെ ഉപയോഗിച്ചു നോക്കും. കേള്‍ക്കുന്നവര്‍ക്ക് ഒന്ന് ശ്വാസംകഴിക്കാന്‍ പോലും സമയം തരാതെ അവര്‍ സംസാരിച്ചുകൊണ്ടേയിരിക്കും. അക്കൂട്ടത്തില്‍ പെടുന്ന ചിലര്‍ എന്റെ ആഭരണങ്ങള്‍ ഉപയോഗിക്കുകയും എന്റെ ഓര്‍മ്മയ്‌ക്കെന്ന് പറഞ്ഞ് അത് കൊണ്ടു പോവുകയും ചെയ്യും. അവര്‍ വീടുവിട്ടു പോയാല്‍ അവിടെ വൃത്തിയാക്കി എടുക്കുക എന്നത് ഒരു മെനക്കെട്ട പണി ആയിരിക്കും.

എന്നാല്‍ ഇനി ഒരു കൂട്ടരാണ് ഏറ്റവും രസികര്‍, ഏറ്റവും ശല്ല്യക്കാരും. അവര്‍ വീട്ടിലേക്ക് കാലെടുത്ത് വെക്കുന്നത് തന്നെ എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചു കൊണ്ടായിരിക്കും. ഓ, നീ മെലിഞ്ഞ് വിളറിയിരിക്കുന്നല്ലോ, ഓ, നിന്റെ മുടി വല്ലാതെ കൊഴിഞ്ഞു പോയിരിക്കുന്നല്ലോ, ഓ, നിന്റെ കണ്ണിന് താഴെ കറുപ്പ് വീണിരിക്കുന്നല്ലോ, ഓ എന്ത് നിറമാണ് നിന്റെ കിടക്ക വിരിക്ക്, അങ്ങനെ പട്ടിക നീണ്ടുകൊണ്ടിരിക്കും. വീട്ടിലെ എല്ലാവരെക്കുറിച്ചും എല്ലാത്തിനെക്കുറിച്ചും അവര്‍ കുറ്റം കണ്ടെത്തിക്കൊണ്ടിരിക്കും. ഇതൊക്കെ കഴിഞ്ഞ് അവര്‍ എന്നെയും സഹോദരനെയും കെട്ടിപ്പിടിച്ച് ഉമ്മതരും. കൂടെ ഒരു വാചകവും ഉണ്ടാകും. ഞങ്ങളുടെ ജനന സമയത്ത് കാണാന്‍ വരാന്‍ പറ്റാഞ്ഞത് ആരുടെയോ കല്ല്യാണത്തിന് പോകേണ്ടിയിരുന്നതിനാലാണെന്നോ മറ്റോ.

ചിലര്‍ ഞങ്ങളുടെ കാര്‍ ഉപയോഗിച്ചതിന് ശേഷം എണ്ണ മുഴുവന്‍ തീര്‍ത്ത് ഗാരേജില്‍ തിരിച്ചു കൊണ്ടിടും. അവര്‍ പോയിക്കഴിഞ്ഞാലാണ് കാറിന്റെ അവിടെയും ഇവിടെയുമായി ചളുക്കും പോറലും കാണാന്‍ കഴിയുക.

ചില ആന്റിമാര്‍ വന്ന് നമ്മുടെ അഭ്യുദയകാംഷികളെപ്പോലെ നഗരത്തിലെ കൊള്ളാവുന്ന ആണ്‍പിള്ളേരുടെ നീണ്ട ലിസ്റ്റ് എന്റെ അച്ഛനും അമ്മക്കും കൊടുത്തിട്ട് പോകും. അതും ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്.

ചില ആന്റിമാരുടെ കാര്യം ഇതിലും രസമാണ്. പോകുന്നതിന് മുമ്പ് അവര്‍ അടുത്തു വരികയും കെട്ടിപ്പിടിക്കുകയും ചെയ്യും. എന്നിട്ട് നേരെ അച്ഛനെയും അമ്മയെയും നോക്കും. നമ്മുടെ കുടുംബത്തിലേക്ക് നല്ലൊരു മരുമകനെ എത്തിക്കാന്‍ ശക്തിയുള്ള, അവരുടെ നാട്ടിലെവിടെയോ ഉള്ള അമ്പലത്തിലെ ഏതോ ഒരു ദൈവത്തെക്കുറിച്ചായിരിക്കും അവര്‍ക്ക് പറയാനുള്ളത്. പത്ത് സെക്കന്റ് മുന്നെ ആ ദൈവത്തിന് നേര്‍ച്ച നേര്‍ന്നു കഴിഞ്ഞതായും നേര്‍ച്ചപ്പെട്ടിയില്‍ ഇടാന്‍ നൂറോ ഇരുന്നൂറോ വേണമെന്നും അവര്‍ പറയും.

മിക്കവാറും ഇവരൊക്കെ ചില ചടങ്ങുകള്‍ക്കോ ഇന്റര്‍വ്യൂവിനോ എന്‍ട്രന്‍സ് ടെസ്റ്റിനോ വേണ്ടി നഗരത്തിലെത്തിയ അകന്ന കുടുംബക്കാരോ ചില സുഹൃത്തുക്കളുടെ കുടുംബ സുഹൃത്തുക്കളോ ആയിരിക്കും. 

ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അമ്മക്ക് ഇത്രയും ക്ഷമ എങ്ങനെയെന്ന് ഓര്‍ത്ത് ചിലപ്പോഴൊക്കെ എനിക്ക് അദ്ഭുതം തോന്നാറുണ്ട്. ഹോ! തീര്‍ച്ചയായും അവിശ്വസനീയമായ അതിഥികള്‍ തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on December 15, 2015 10:15 am