X

ഓഫ് റോഡില്‍ കരുത്ത് തെളിയിക്കാന്‍ ബോളിഞ്ചറിന്റെ ഇലക്ട്രിക് ട്രക്ക്

ബി1 എന്ന് പേരിലാണ് ബോളിഞ്ചര്‍, ഇലക്ട്രിക് ട്രക്ക് ഇറക്കിയിരിക്കുന്നത്

ഓഫ് റോഡില്‍ കരുത്ത് തെളിയിക്കാന്‍ പുതിയ ഇലക്ട്രിക് ട്രക്കുമായി അമേരിക്കന്‍ കമ്പനി ബോളിഞ്ചര്‍ മോട്ടോഴ്‌സ്. ഹാച്ച്ബാക്ക്, സെഡാന്‍, സ്‌പോര്‍ട്‌സ് കാര്‍, എസ്.യു.വി എന്നീ വിഭാഗങ്ങളില്‍ നിലവില്‍ വിവിധ മോഡലുകള്‍ക്ക് ഇലക്ട്രിക് എഞ്ചിനുണ്ട്. എന്നാല്‍ ഓഫ് റോഡറില്‍ ഇതുവരെ ഇലക്ട്രിക് പവര്‍ എഞ്ചിന്‍ എത്തിയിരുന്നില്ല. പരസ്ഥിതി മലിനീകരണം കണക്കിലെടുത്ത് മിക്ക വാഹന നിര്‍മാതാക്കളെല്ലാം പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഉപേക്ഷിച്ച് ഇലക്ട്രിക് കാറുകളിലേക്ക് മാറുകയാണ്.

ബി1 എന്ന് പേരിലാണ് ബോളിഞ്ചര്‍, ഇലക്ട്രിക് ട്രക്ക് ഇറക്കിയിരിക്കുന്നത്. 60kWh, 100kWh എന്നീ രണ്ട് ബാറ്ററി പാക്കുകളില്‍ കസ്റ്റംമെയ്ഡ് ബി1 ഇലക്ട്രിക് ഓഫ് റോഡര്‍ ട്രക്ക് ലഭ്യമാകും. പരമാവധി 360 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമുണ്ട് എന്‍ജിന്. 60kWh വേരിയന്റില്‍ ഒറ്റ തവണ ചാര്‍ജില്‍ 180 കിലോമീറ്റര്‍ ദൂരം യാത്രചെയ്യാം. ഉയര്‍ന്ന ബാറ്ററി പാക്കില്‍ 300 കിലോമീറ്റര്‍ ദൂരം പിന്നിടാം.

ചെറിയ ബാറ്ററി പാക്ക് ഫുള്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ 7.3 മണിക്കൂര്‍ ആവശ്യമാണ്. വലിയ ബാറ്ററി പാക്കില്‍ 100 ശതമാനം ചാര്‍ജ് കയറണമെങ്കില്‍ 12.1 മണിക്കൂര്‍ വേണ്ടിവരും. 4.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. മണിക്കൂറില്‍ 204 കിലോമീറ്ററാണ് പരമാവധി വേഗം.

150 ഇഞ്ച് നീളവും 76.5 ഇഞ്ച് വീതിയും 73.5 ഇഞ്ച് ഉയരവും ബി1-നുണ്ട്. ഫുള്‍ കാമ്പ്, ഹാഫ് കാമ്പ് ബോഡി സ്‌റ്റൈലില്‍ ഇഷ്ടത്തിനനുസരിച്ച് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. ലൈറ്റ് വെയ്റ്റ് അലൂമിനിയം ആര്‍ക്കിടെക്ച്ചറിലാണ് നിര്‍മാണം. വാണിജ്യാടിസ്ഥാനത്തില്‍ 2019 അവസാനത്തോടെ ബോളിഞ്ചര്‍ ബി1 വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

This post was last modified on August 6, 2017 11:39 am