X

സാമ്പത്തികമാന്ദ്യം: വാഹനവിൽപ്പനയിൽ 19 വർഷത്തിനിടയിലെ വലിയ ഇടിവ്; ചരിത്രത്തിലെ ഏറ്റവും വലിയ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടും വാങ്ങാനാളില്ല; തൊഴിൽനഷ്ടം വർധിക്കുന്നു

കാർഷിക രംഗത്തെ മാന്ദ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ട്രാക്ടർ വിൽപ്പനയിലെ ഇടിവ്. ഏപ്രിൽ-ജൂലൈ മാസത്തിലെ സിയാം പുറത്തുവിട്ട വിൽപ്പനാ കണക്കുകൾ പ്രകാരം 14.4% ഇടിവാണ് ട്രാക്ടർ വിൽപ്പനയില്‍ വന്നിരിക്കുന്നത്.

രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ രൂക്ഷത വെളിപ്പെടുത്തി വാഹനവിൽപ്പനയിൽ വൻ ഇടിവ്. ആറാം എമിഷൻ നോംസ് നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ നാലാം എമിഷൻ ചട്ടങ്ങൾ പാലിക്കുന്ന എൻജിനുകൾ ഘടിപ്പിച്ച കാറുകൾ അടുത്ത വർഷത്തിനുള്ളിൽ പിൻവലിക്കേണ്ടതുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർനിർമാതാക്കളെ പുതിയ മാന്ദ്യം കടന്നാക്രമിച്ചിരിക്കുന്നത്. ഇന്ത്യയുടെ കാർവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിസ്കൗണ്ടുകളാണ് വിൽപ്പന കൂട്ടാൻ കാർനിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതും ഗുണം ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ട്.

മാന്ദ്യം ബാധിച്ചിട്ടില്ലാത്തവർക്ക് കാർ വാങ്ങാൻ ഏറ്റവും യോജിച്ച സമയമാണിത്. അത്ര വലിയ ഡിസ്കൗണ്ടുകളാണ് കാർനിർമാതാക്കൾ നൽകിവരുന്നത്. എന്നാൽ ഇതിനെ ഉപയോഗപ്പെടുത്താൻ രാജ്യത്തെ ഇടത്തരക്കാരുടെ പോക്കറ്റിൽ പണമില്ല. ഡിസ്കൗണ്ടിലും കാർ‌ വാങ്ങാൻ ആളില്ലാത്ത സ്ഥിതി.

ജിഎസ്‌ടി കുറയ്ക്കാനുള്ള ആവശ്യം ഓട്ടോമൊബൈൽ രംഗം കേന്ദ്ര സർക്കാരിനു മുമ്പിൽ വെച്ചിട്ടുണ്ട്. ഇതിലൊരു തീരുമാനം വന്നാൽ ഇനിയും വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷ ചില ഉപഭോക്താക്കൾക്കെങ്കിലും ഉണ്ട്. എന്നാൽ ഇപ്പോഴത്തെ ഡിസ്കൗണ്ട് നിലയെക്കാൾ കൂടിയ വിലക്കുറവ് ജിഎസ്ടി കുറഞ്ഞാലും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. ആറ് മാസത്തിനു ശേഷം ആറാം എമിഷൻ ചട്ടങ്ങൾ നിലവിൽ വരും. അതോടെ നിലവിലെ വാഹനങ്ങൾ വിൽക്കാൻ കഴിയാത്ത സ്ഥിതിയാകും. 2020 മാർച്ച് 31 വരെ മാത്രമേ ഈ വാഹനങ്ങൾ വിൽക്കാൻ പാടുള്ളൂ. വിൽക്കാൻ കഴിയാത്തവ കമ്പനി തിരിച്ചെടുക്കേണ്ടി വരും.

ഗ്രാമീണമേഖലയിൽ മാന്ദ്യം

ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയും വൻതോതിൽ ഇടിഞ്ഞിട്ടുണ്ട്. സിയാമിന്റെ കണക്കുകൾ പ്രകാരം 16 ശതമാനം കണ്ട് ഇടിഞ്ഞിട്ടുണ്ട് വിൽപ്പന. രാജ്യത്ത് വിൽക്കുന്ന ആകെ ഇരുചക്രവാഹനങ്ങളിൽ 60 ശതമാനവും മോട്ടോർസൈക്കിളുകളാണ്. ബാക്കിയാണ് സ്കൂട്ടറുകളും മൊപെഡുകളും. ഇവയുടെയെല്ലാം വിൽപ്പന ഇടിഞ്ഞത് ഗ്രാമീണ മേഖല വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്. മുച്ചക്രവാഹനങ്ങളുടെ വിൽപ്പനയിൽ സംഭവിച്ച ഇടിവും ഇതേ പ്രശ്നത്തിലേക്കാണ് വിരൽചൂണ്ടുന്നത്. 7.66 ശതമാനം ഇടിവാണ് ഓട്ടോറിക്ഷകൾ അടക്കമുള്ളവ ഉൾപ്പെടുന്ന ഈ സെഗ്മെന്റിന് സംഭവിച്ചിരിക്കുന്നത്. ഗ്രാമാന്തരങ്ങളിലെ സ്വയംതൊഴില്‍ സംബന്ധിച്ച സൂചന കൂടി ഓട്ടോറിക്ഷകളുടെ വിൽപ്പനയുടെ ഇടിവിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

വാണിജ്യവാഹനങ്ങളുടെ വിൽപ്പനയിൽ വന്നിരിക്കുന്ന ഇടിവ് ഗുരുതരമാണ്. 25.71 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹെവി വാണിജ്യവാഹനങ്ങളുടെ വിൽപ്പന മാത്രമെടുത്താൽ 37.48 ശതമാനമാണ് ഇടിവ്. ലൈറ്റ് കമേഴ്സ്യൽ വാഹനങ്ങളുടെ വിൽപ്പനയാകട്ടെ 18.79 ശതമാനം ഇടിഞ്ഞിരിക്കുന്നു. രാജ്യത്തെ ചരക്കുനീക്കങ്ങളുടെ ദയനീയസ്ഥിതിയിലേക്കു കൂടി വിരൽചൂണ്ടുന്നുണ്ട് ഈ വില്‍പ്പനാ കണക്കുകൾ.

കാർഷിക രംഗത്തെ മാന്ദ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ട്രാക്ടർ വിൽപ്പനയിലെ ഇടിവ്. ഏപ്രിൽ-ജൂലൈ മാസത്തിലെ സിയാം പുറത്തുവിട്ട വിൽപ്പനാ കണക്കുകൾ പ്രകാരം 14.4% ഇടിവാണ് ട്രാക്ടർ വിൽപ്പനയില്‍ വന്നിരിക്കുന്നത്.

കഴിഞ്ഞ 19 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് ഓട്ടോമൊബൈൽ വിൽപ്പനയിൽ കാണുന്നത്. ഹോണ്ട തങ്ങളുടെ വിവിധ മോഡലുകൾക്ക് 25,000 മുതൽ 4 ലക്ഷം രൂപ വരെ കിഴിവ് നൽകുന്നുണ്ട്. ഹോണ്ട ജാസ് മോഡലിന് 25,000 രൂപയാണ് വിലക്കിഴിവ് നൽകുന്നത്. ഹോണ്ട സിആർവി പ്രീമിയം എസ്‌യുവിയുടെ വിലയിൽ 4 ലക്ഷം രൂപ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ടൊയോട്ടയും തങ്ങളുടെ ഇന്നോവ അടക്കമുള്ള മോഡലുകൾക്ക് വലിയ കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് 55,000 രൂപ കിഴിവ് നല്‍കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ കാർനിർമാതാവായ മാരുതി പുറത്തിറക്കുന്ന ഡിസൈർ സെഡാന് 49,105 രൂപയുടെ ഡിസ്കൗണ്ട് നൽകുന്നുണ്ട്. 25,000 രൂപയുടെ മറ്റ് ബെനിഫിറ്റുകളും ഇവർ ഈ കാറിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വിഫ്റ്റ് ഹാച്ച്ബാക്കിന് 42,736 രൂപയാണ് കാഷ് ഡിസ്കൗണ്ട്.

തൊഴിൽനഷ്ടം വർധിക്കുന്നു

ഇതിനകം തന്നെ 32,000 തൊഴിലുകൾ നഷ്ടപ്പെട്ടിട്ടുണ്ട് ഓട്ടോമൊബൈൽ മേഖലയിൽ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡീലർഷിപ്പുകൾ നിരവധി അടച്ചു കഴിഞ്ഞു. ഇതുവഴി രണ്ട് ലക്ഷത്തിലധികം തൊഴിലുകൾ നേരിട്ടും അല്ലാതെയും നഷ്ടപ്പെട്ടു കഴിഞ്ഞു. മെയ് മാസം മുതൽ ജൂലൈ മാസം വരെയുള്ള കണക്കാണിത്. ഇത് ഇനിയും ഭീകരമാകാനുള്ള സാധ്യതയാണ് കാണുന്നത്.

This post was last modified on August 19, 2019 3:27 pm