പുതിയ വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം. പുതിയ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഡീലര്‍മാര്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയം നിര്‍ദേശിച്ചു.നിലവിലുള്ള വാഹനങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാക്കുന്നതായി സര്‍ക്കാര്‍ ഉത്തരവിലില്ല. ഡീലര്‍മാരെയോ അംഗീകൃത ഏജന്‍സികളെയോ സമീപിച്ച് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നതിലും തടസ്സമില്ല.
വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തടയാന്‍ 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്‍.പി.) ഉറപ്പാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ലമെന്റിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2018 ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്.
ഷോറൂമില്‍നിന്നു പുറത്തിറക്കുന്ന വാഹനങ്ങള്‍ക്ക് ഹോളോഗ്രാം പതിപ്പിച്ച അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മാതാക്കള്‍ ഘടിപ്പിച്ചു നല്‍കണമെന്നും ,തേര്‍ഡ് രജിസ്‌ട്രേഷന്‍ മാര്‍ക്ക്, വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്പര്‍ പ്ലേറ്റില്‍ ഉണ്ടായിരിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍വിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും. വാഹനത്തിന്റെ എന്‍ജിന്‍ നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. പുതിയ സംവിധാനത്തിലൂടെ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാനും വാഹന മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങള്‍ വരുത്താനോ ശ്രമിച്ചാല്‍ ഉപയോഗ ശൂന്യമാകുന്ന രിതിയിലാണ് ഇതിന്റെ നിര്‍മാണം ചെയ്തിരിക്കുന്നത്.
2001 സെപ്റ്റംബറില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഏര്‍പ്പെടുത്താന്‍ നിയമഭേദഗതി നടത്തിയിരുന്നു. എന്നാല്‍ നിലവില്‍ ദില്ലി, ഗുജറാത്ത്, ബംഗാള്‍, അസം, മധ്യപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങല്‍ മാത്രമാണ് പദ്ധതി നടപ്പിലായത്. നമ്പര്‍പ്ലേറ്റിന് വിലയോ ഘടിപ്പിക്കുന്നതിന് കൂലിയോ ഈടാക്കാന്‍ പാടില്ല. പുതിയഭേദഗതിപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ വാഹനത്തിന്റെ ഭാഗമാണ്. സ്ഥിരം രജിസ്‌ട്രേഷനാകുമ്പോള്‍ നമ്പര്‍പ്ലേറ്റ് വാഹനത്തില്‍ ഘടിപ്പിക്കേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്.
This post was last modified on March 28, 2019 11:35 am
Leave a Comment