X

കഴിഞ്ഞ 8 മാസത്തെ ഗതാഗതനിയമ ലംഘനം 1.62 ലക്ഷം: 3024 ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

അമിതവേഗത്തില്‍ വാഹനമോടിക്കുന്നതില്‍ എറണാകുളം ജില്ലയാണ് മുന്നില്‍

സംസ്ഥാനത്ത് കഴിഞ്ഞ 8 മാസത്തെ ഗതാഗതനിയമ ലംഘനം 1.62 ലക്ഷത്തോളമായി. ഒക്ടോബര്‍ മുതല്‍ മേയ് 25-വരെയുള്ള കണക്കാണിത്. ഗതാഗതനിയമ ലംഘനം നടത്തിയ 3024 ഡ്രൈവിങ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഗതാഗതനിയമം പാലിക്കാത്ത 14,941 പേരുടെ ലൈസന്‍സുകള്‍ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാനും ഉത്തരവായി. കൂടാതെ സസ്‌പെന്‍ഡ് ചെയ്തവര്‍ വീണ്ടും നിയമം ലംഘനം നടത്തിയാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും.

അമിതവേഗത്തില്‍ വാഹനമോടിക്കുന്നതില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. എറണാകുളത്ത് 1376 വാഹനയുടമകളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 1053 വാഹനം നിയമം ലംഘിച്ചതായി കണ്ടെത്തി.

സംസ്ഥാനത്തെ ഗതാഗതനിയമ ലംഘന കേസുകളുടെ കണക്കുകള്‍- അമിത വേഗത്തില്‍ വണ്ടിയോടിച്ചത്- 1,21,669, ചുവന്ന ലൈറ്റ് കത്തിക്കിടക്കുമ്പോള്‍ വാഹനമോടിച്ചത്-9187, അമിതഭാരം-5517, മദ്യപിച്ചു വാഹനമോടിച്ചത്-3701, ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചത്-22,549

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തവരുടെ കണക്കുകള്‍- അമിതവേഗം-279, ചുവന്ന ലൈറ്റ് കത്തിക്കിടക്കുമ്പോള്‍ വാഹനമോടിച്ചത്-117, അമിതഭാരം-11, മദ്യപിച്ചു വാഹനമോടിച്ചത്-2617

ഗതാഗതനിയമ ലംഘിക്കുന്ന ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉടന്‍ വേണമെന്ന് ഗതാഗതകമ്മീഷണര്‍ എസ് അനന്തകൃഷ്ണന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആറുമാസം മുതല്‍ ഒന്‍പതുമാസം വരെയെടുത്തിരുന്ന നടപടകള്‍ ഇപ്പോള്‍ വേഗത്തിലാണ് നടക്കുന്നത്. അഞ്ചുതവണയില്‍ കൂടുതല്‍ നിയമം ലംഘിച്ചവരുടെ ലൈസന്‍സാണ് ആദ്യഘട്ടത്തില്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്.

സസ്‌പെന്‍ഡ് ചെയ്താല്‍ മൂന്നുമാസത്തിന് ശേഷമെ വീണ്ടും ലൈസന്‍സ് ലഭിക്കൂ. ലൈസന്‍സ് തിരിച്ചു നല്‍കുമ്പോള്‍ സസ്‌പെന്‍ഡ് ചെയ്ത വിവരം കൂടി അതില്‍ ചേര്‍ത്തിരിക്കും. വീണ്ടും നിയമ ലംഘനം നടത്തിയാല്‍ ആറുമാസത്തേക്കും പിന്നീട് ഒരു വര്‍ഷത്തേക്കും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വീണ്ടും പിടിക്കപ്പെട്ടാല്‍ ആജീവനാന്തം ലൈസന്‍സ് റദ്ദാക്കും. കൂടാതെ സസ്‌പെന്‍ഡ് കാലത്ത് വാഹനമോടിച്ചാല്‍ പെര്‍മിറ്റും റദ്ദാക്കും.