മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ടൂറിസ്റ്റ് ടാക്സി മേഖലകള്‍ ലക്ഷ്യമിട്ടെത്തുന്ന കോംപാക്ട് സെഡാനായ ഡിസയര്‍ ടൂര്‍ എസി’ന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നു.
കഴിഞ്ഞ ഒന്നിനു നിലവില്‍ വന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ലക്ഷ്യമിട്ടാണു മാരുതി സുസുക്കി ‘ടൂര്‍ എസി’ല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയത്. ഏപ്രില്‍ ഒന്നിനു ശേഷം നിര്‍മിക്കുന്ന വാഹനങ്ങളില്‍ എ ബി എസ് നിര്‍ബന്ധമാണ്. ഡ്രൈവര്‍ എയര്‍ബാഗ്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലര്‍ട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവയൊക്കെ ജൂലൈ ഒന്നു മുതല്‍ നിര്‍ബന്ധമാവും.
ഡ്രൈവറുടെ ഭാഗത്ത് എയര്‍ബാഗ് ഘടിപ്പിച്ചതിനൊപ്പം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ സഹിതം ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലര്‍ട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവയും മാരുതി സുസുക്കി കാറില്‍ ലഭ്യമാക്കി. രണ്ടാം തലമുറ ‘ഡിസയര്‍’ ആധാരമാക്കി സാക്ഷാത്കരിച്ച ‘ടൂര്‍ എസി’ന് ഫ്ളീറ്റ് ഓപ്പറേറ്റര്‍ വിഭാഗത്തില്‍ സ്വീകാര്യത കൂടുതലാണ്.
സാങ്കേതികവിഭാഗത്തില്‍ മാറ്റമൊന്നുമില്ലാതെയാണു ‘ടൂര്‍ എസി’യുടെ രംഗത്തെത്തുന്നത്.1.3 ലീറ്റര്‍ ടര്‍ബോ ഡീസല്‍, 1.2 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനുകളാണ്. ഡീസല്‍ എന്ജിന് പരമാവധി 75 ബി എച്ച് പി വരെ കരുത്താണു സൃഷ്ടിക്കുക. ഇന്ധനം സി എന്‍ ജിയാവുന്നതോടെ പെട്രോള്‍ എന്ജിന് സൃഷ്ടിക്കുന്ന കരുത്ത് പരമാവധി 70 ബി എച്ച് പി വരെയാവും.സുരക്ഷ മെച്ചപ്പെടുത്തിയതോടെ ‘ടൂര്‍ എസി’ന്റെ ഡല്‍ഹിയിലെ ഷോറൂം വില 5.60 ലക്ഷം മുതല്‍ 6.60 ലക്ഷം രൂപ വരെയായും പരിഷ്കരിച്ചിട്ടുണ്ട്.