X

ഫാണ്ട്രി പറയുന്ന പന്നി ജീവിതങ്ങള്‍

ഇത്തവണത്തെ ദേശീയ ചലചിത്ര പുരസ്കാരങ്ങളില്‍ മറാത്തി സിനിമ മറ്റു ഭാഷാ ചിത്രങ്ങളെക്കാള്‍ നിരവധി പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. മഹാരാഷ്ട്രയിലെ ദളിത് ജീവിതത്തിന്റെ ആവിഷ്കാരമായ ഫാണ്ട്രിയുടെ സംവിധാനത്തിന് നാഗരാജ് മഞ്ജുളെ മികച്ച നവാഗത സംവിധായകനും മുഖ്യ കഥാപാത്രമായ ജാബ്യയെ അവതരിപ്പിച്ച സോമനാഥ് അവ്ഘാഡേ മികച്ച ബാലതാരത്തിനുമുള്ള പുരസ്ക്കാരങ്ങള്‍ നേടി. ഫാണ്ട്രിയുടെ കാഴ്ചാനുഭവം. അജ്മല്‍ അഞ്ചച്ചവടി എഴുതുന്നു
 
 
സാവിത്രിബായി ഫുലെയും, ജ്യോതിബാ ഫുലെയും, ബാബാ സാഹിബ് അംബെദ്കറും, ശാഹു മഹാരാജ് തുടങ്ങിയ മഹാന്മാര്‍ ധന്യമാക്കിയ ദളിത് വിമോചന പ്രസ്ഥാങ്ങളുടെയും ജാതിവിരുദ്ധ പോരാട്ടങ്ങളുടെയും കേളികേട്ട മണ്ണാണ് മഹാരാഷ്ടയുടെത്. മറാത്തി സാഹിത്യത്തിനും മറ്റു മിക്ക മറാത്തി പൊതുമണ്ഡലങ്ങള്‍ക്കും നിരന്തരമായ ജാതിവിരുദ്ധ പോരങ്ങളുടെ കഥപറയാനുണ്ട്; എന്നാല്‍ മറാത്തി സിനിമക്ക് ഈ പാരമ്പര്യം തീരെ അവകാശപെടനില്ല എന്ന് തന്നെ പറയണം. മുഖ്യധാരാ മറാത്തി സിനിമകള്‍ അതുകൊണ്ടുതന്നെ മറ്റു മിക്ക പ്രാദേശിക ഭാഷാ സിനിമകളില്‍ നിന്ന് തീരെ വ്യത്യസ്തമല്ല. ഈ സഹചര്യത്തിലാണ് അടുത്തിടെ ദേശീയ അവാര്‍ഡുകള്‍ വാങ്ങിയ, പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചു കൈയ്യടിവാങ്ങിയ ഫാണ്ട്രി എന്ന മറാത്തി സിനിമ ചര്‍ച്ചയാകുന്നത്. 
 
മറാത്തി ഭാഷയില്‍ ഫാണ്ട്രി എന്നാല്‍ പന്നി എന്നാണര്‍ത്ഥം, ചവറ്റു കുട്ടകളിലും മാലിന്യങ്ങളിലും തിമിര്‍ത്ത് ജീവിക്കുന്ന പന്നിതന്നെ. പ്രസിദ്ധ മറാത്തി ചലച്ചിത്ര സംവിധായകന്‍ നാഗരാജ് മഞ്ജുളെ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയുടെ പേരും പന്നി എന്നുതന്നെ. മഹാരാഷ്ട്രയില്‍യിലെ ഗ്രാമങ്ങളിലെ ദളിത് ജീവിതങ്ങളുടെ ഒരു പരിച്ഛേദം ‘പന്നി’ എന്ന പേരില്‍ കൃത്യമായി അവതരിപ്പിക്കുന്നതില്‍ നാഗരാജും സംഘവും വിജയിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ കൂഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന സംവിധായകന്‍ നാഗരാജ് തന്റെ ഗ്രാമീണ ജാതിയാനുഭങ്ങളിള്‍ നിന്നും തീര്‍ത്ത തിരക്കഥ മറാത്തിയില്‍ ഉണ്ടായ ഒരു ക്ലാസിക്കല്‍ സിനിമയായി വേണം കണക്കാക്കാന്‍. 
 
 
ദളിതനായി ജനിച്ച കേന്ദ്ര കഥാപാത്രം ജംബുവന്ത് കച്ചുരു എന്ന ജാബ്യയും തന്റെ കുടുംബവും ജാതിയെ പല തലങ്ങളില്‍ വളരെ ശക്തമായി അനുഭവിക്കുന്നത് ചിത്രീകരിച്ചിരിക്കുകയാണ് സിനിമയില്‍. കയ്കകടി എന്ന താഴ്ന്ന ജാതിയില്‍പ്പെട്ട തന്റെ കുടുബം ഉന്നത ജാതിയില്‍പ്പെട്ട ഗ്രാമ മുഖ്യന്റെയും മറ്റും പല തരത്തിലുള്ള കൂലിവേലകള്‍ ചെയ്താണ് ദാരിദ്ര്യത്തിലും തങ്ങളുടെ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പന്നികളെ പിടിച്ചു കൊന്നുതിന്ന്‍ പന്നി ശല്യത്തില്‍നിന്ന് ഗ്രാമവാസികളെ രക്ഷിക്കുക എന്ന പരമ്പരാഗത ജോലിയും ഈ ജാതിയില്‍ പെട്ടവര്‍ ചെയ്തു പോന്നു. സ്‌കൂളില്‍ പോകാന്‍ അതിയായി ആഗ്രഹിക്കുന്ന ജാബ്യക്ക് സ്‌കൂളില്‍ പോകുന്നതിനു പകരം തന്റെ കുടുംബത്തോടൊപ്പം കൂലിവേലയ്ക്ക് പോകേണ്ടി വരുന്നു. അതിനിടയില്‍ ഒരു ദിവസം സ്‌കൂളില്‍ എത്തുന്ന ജാബ്യയെ തന്റെ മാതാവു വന്നു വിളിച്ചിറക്കി കൊണ്ട് പോകുമ്പോള്‍, ക്ലാസ്സില്‍ ഒന്നടങ്കം ചിരി ഉയരുമ്പോള്‍ കാണിക്കുന്ന ജാബ്യയുടെ മുഖത്തെ ദയനീയത വിദ്യാഭ്യാസം ഇന്നും സ്വപ്നം മാത്രമായി നിലനില്കുന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെതു കൂടിയാണ്. 
 
ജാബ്യക്ക് തന്റെ സഹപാഠിയായ ശാലു എന്ന ഉന്നത ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുന്നു, ഉയര്‍ന്ന ജാതിയില്‌പെട്ടവളായത് കൊണ്ട് അതു തുറന്നു പറയാന്‍ ഭയന്ന് അവന്‍ അവളെ സ്‌കൂളിലേക്കുള്ള വഴികളിലും മറ്റും കണ്ണുകള്‍ കൊണ്ട് പിന്തുടരുന്നു. കറുത്ത, നീണ്ട വാലുള്ള പക്ഷിയെ പിടിച്ചു കൊന്ന്‍ ആ പക്ഷിയുടെ ചാരം തന്റെ ജാതിയെയും ദാരിദ്ര്യത്തേയും മറികടന്ന്‍, തന്റെ ആഗ്രഹങ്ങള്‍ സഫലമാക്കും എന്ന് വിശ്വസിച്ച പാവം ജാബ്യ കവണയും പിടിച്ചു സിനിമയിലുടനീളം കറുത്ത പക്ഷിയെ തിരഞ്ഞു നടക്കുന്നുണ്ട്. ഗ്രാമത്തിലെ പന്നി പിടുത്തം തന്റെ ജാതിയില്‍ പെട്ടവര്‍ ചെയ്യുന്നതാണ് എന്ന തന്റെ പിതാവിന്റെ വാക്കുകളെ വകവെക്കാതെ ജാബ്യ പന്നികളെ പിടിക്കാന്‍ പറയുന്ന ഗ്രാമമുഖ്യന്റെ വാക്കുകളും ധിക്കരിക്കുന്നു. അവസാനം പന്നി ശല്യം സഹിക്കവയ്യാതെ ഗ്രാമ തലവന്‍ ജാബ്യയുടെ പിതാവിന് പണം നല്കുന്നു, അയാള്‍ തുടര്‍ന്ന് തന്റെ രണ്ടു മക്കളും ഭാര്യയും അടക്കം കുടുബസമേതം പന്നികളെ പിടിക്കാന്‍ പുറപ്പെടുന്നു.  ടാ… പന്നി… ,ഹൊ ഇ… പന്നി.. എന്ന കൂകി വിളികളൊന്നും വകവെക്കാതെ അവര്‍ പന്നികളെ പിടിക്കാന്‍ ശ്രമിക്കുന്ന രംഗം ജാബ്യയുടെ സഹപാഠികളും ഗ്രാമം മുഴുവനും കണ്ടു നില്കുന്നു. 
 

സംവിധായകന്‍ നാഗരാജ് മഞ്ജുളെ ഫാണ്ട്രിയില്‍
 
വയസ്സായി ക്ഷീണിച്ചു മൃതപ്രായരായ അവര്‍ പന്നികളെ പിടിക്കാന്‍ ഓടുന്നത് കണ്ട് ഒരു ഗ്രാമം ഒന്നടങ്കം ചിരിക്കുമ്പോള്‍ മുംബൈയിലെ പ്രസിദ്ധമായ ഒരു മള്‍ടിപ്ലകസ് തിയറ്ററിലും പ്രേക്ഷകര്‍ ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നത് അതികം വിചിത്രമൊന്നുമല്ല. നീണ്ട സമയത്തെ കഠിന പരിശ്രമത്തിനു ശേഷം തളച്ച പന്നിയെ കൊന്ന്‍ വടിയില്‍ കെട്ടിത്തൂക്കി ചുമന്നുകൊണ്ട് പോകുമ്പോള്‍ പശ്ചാത്തലത്തില്‍ കാണിക്കുന്ന തന്റെ സ്‌കൂളിന്റെ മതിലിലെ അംബെദ്കറുടെയും, മഹാത്മാ ഫൂലെയുടെയും സാവിത്രിബായി ഫൂലെ, ശാഹു മഹാരാജ് തുടങ്ങിയവരുടെ വലിയ ഛായാചിത്രങ്ങള്‍ പറയാതെ പറയുന്ന ഒരുപാടു കാര്യങ്ങള്‍ ഫാണ്ട്രി കാണിച്ചു തരുന്നു. 
 
പന്നിയുമായി നടന്നകലുന്ന ജാബ്യയെയും തന്റെ സഹോദരിയെയും വഴിയില്‍ ഉടനീളം പന്നീ… പന്നീ… എന്ന് വിളിച്ചു കളിയാക്കുന്ന ജനക്കൂട്ടത്തെ കണ്ടു ദേഷ്യം സഹിക്കവയ്യാതെ കല്ലെടുത്ത് ജാബ്യ അവരെ നേരിടുന്നു; കല്ലേറ് കൊണ്ട് രക്തം വന്നിട്ടും ദേഷ്യത്തോടെ അവരെ നേരിടുന്ന ജാബ്യ കല്ലെറിയുന്നത് തന്നെ പന്നിയാക്കിയ ജാതിവ്യവസ്ഥയെയും അത് കണ്ടു രസിക്കുന്നവരെയും തന്നെയാണ്. ജാബ്യയെ അവതരിപ്പിച്ച സോമനാഥ് അവ്ഘാഡേ, മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കിഷോര്‍ കദം, സുരജ് പവാര്‍, രാജേശ്വരി കാരത്, സിനിമയുടെ സംവിധായകന്‍ കൂടിയായ നാഗരാജ് മഞ്ജുളെ തുടങ്ങി എല്ലാ നടീ നടന്‍മാരും തങ്ങളുടെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിരിക്കുന്നു. 
 
(Ajmal Khan is a research studant in Tata Institue of Social Sciences, Mumbai and a freelance journalist)
 
 

 

This post was last modified on January 2, 2017 5:38 pm