X

കരയും കാടും കാണുന്ന ഒരു കടല്‍

കണ്ണാടി പോലൊരു കടല്‍. കടലിനരികെ മഞ്ഞുപോലെ മണല്‍. മണല്‍ തീരുന്നിടത്ത് നിന്ന് കാടു തുടങ്ങുന്നു. കടല്‍ തീരത്ത് കാക്കകളില്ല. കാട്ടിലാകട്ടെ കുയിലുകളുമില്ല. ദാര്‍ സലാമില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്താണ് അമാനി; ‘സമാധാനം’ എന്നര്‍ത്ഥം വരുന്ന ഈ സുന്ദരതീരം.
 
പണ്ട് ഇവിടെ നിബിഡ വനമായിരുന്നിരിക്കണം. നിറയെ മരങ്ങള്‍ ഇടതിങ്ങി നില്ക്കുന്നുണ്ട്. ഇടയ്ക്കിടെ നീരൊഴുക്കുകളും. മാനും മുയലും പല തരത്തിലുള്ള കിളികളും പല തരം കുരങ്ങന്മാരും പല നിറത്തിലും തരത്തിലുമുള്ള ഇഴജന്തുക്കളും നിറയെ പൂമ്പാറ്റകളും; അകെ ജീവന്‍ തുടിക്കുന്ന മണ്ണ്. ഇപ്പോള്‍ പൂര്‍ണമായും ‘വികസനം’ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഈ നാടിന്റെ ഭുരിഭാഗം പ്രദേശങ്ങളും കുത്തകകള്‍ കയ്യടക്കിക്കഴിഞ്ഞു. കൂറ്റന്‍ ‘സ്മാര്‍ട്ട് സിറ്റി’ നിര്‍മാണങ്ങള്‍ നടക്കുന്നു. ചൈനയുടെ നിര്‍മാണ കമ്പനികളുടെ നഗര, നിര്‍മാണ പ്രവര്‍ത്തങ്ങള്‍ വേറെയും. മണ്ണും മരങ്ങളും ഗ്രാമങ്ങളും മരിച്ചു കൊണ്ടിരിക്കുന്ന കാഴ്ച കണ്ടു കൊണ്ടിരിക്കുകയല്ലാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. വികസനം കോണ്‍ക്രീറ്റ് കാടുകളെ ഉണ്ടാക്കിയെടുക്കുമ്പോള്‍, അവസാനത്തെ പച്ചപ്പിന്റെ ഇടയിലെ ഓലമേഞ്ഞ വീടിന്റെ തണുപ്പിനടിയില്‍ മഷി തീരും മുന്‍പേ എഴുതി തീര്‍ക്കുകയല്ലാതെ…  
 
 
കടല്‍ ഇവിടെ കണ്ണാടി പോലെയാണ്. രാവിലെ കടലിറങ്ങി ഉള്ളിലേക്ക് പോകും; കരയില്‍ നിന്ന് പതുക്കെ ഇറങ്ങി ഉള്ളിലേക്ക് നടക്കാം. കടലിന്റെ അടിത്തട്ടില്‍ മുഖം നോക്കാം. നടന്നു നടന്നു ക്ഷീണിക്കുമ്പോ തിരികെ ഉബൂയു മരങ്ങളുടെ തണലില്‍ ഇരിക്കാം. ഉബൂയു മരം ഒരു ആണ്‍ മരവും പെണ്‍ മരവും ഉണ്ട്. ഉബൂയു മരങ്ങളോട് എന്ത് പ്രാര്‍ത്ഥിച്ചാലും കിട്ടും എന്നാണ് ഇവിടുള്ളവര്‍ പറയുക. ഉബൂയു  മരത്തിന്റെ കായ്, മീന്‍കറിയില്‍ നിറത്തിനും രുചിയ്ക്കും വേണ്ടി ചേര്‍ക്കാറുണ്ട്. ഉണക്കി പൊടിച്ച് വെള്ളത്തില്‍ കലക്കി കുടിക്കാറുമുണ്ട്. വളരെ പ്രായം ചെന്ന ‘ബാബു’ രാവിലെ കടലിറങ്ങും മുന്‍പേ വള്ളത്തില്‍ ഒറ്റയ്ക്ക് തുഴഞ്ഞു മീന്‍ പിടിക്കാന്‍ പോകുന്നതു കാണാം. വൈകിട്ട് കിട്ടിയതുമായി വരും. സമീപത്തുള്ള ഗ്രാമത്തിലുള്ളവര്‍ക്ക് വില്‍ക്കും. ബാബു തന്നെ വെട്ടി വൃത്തിയാക്കി കടല്‍ വെള്ളത്തില്‍ കഴുകിയാണ് വില്‍ക്കാറ്. ബാബുവിന്റെ മകന്റെ നേതൃത്വത്തില്‍ ചെറുപ്പക്കാരുടെ ഒരു സംഘം ‘എന്‍ജിന്‍’ വെച്ച ബോട്ടില്‍ പോകുന്നുണ്ട്. നമ്മുടെ നാട്ടില്‍ ബൈക്ക് എന്ന് വിളിക്കുന്ന പീകി പീകിയില്‍ പാട്ടൊക്കെ ഇട്ടാണ് വരവ്. ആഴക്കടലില്‍ ഡൈനാമിറ്റ് പൊട്ടിച്ചാണ് മീന്‍പിടുത്തം. ഡൈനാമിറ്റ് പൊട്ടുന്ന ഒച്ച ചിലപ്പോ തീരത്ത് വരെ കേള്‍ക്കാം. നിറയെ മീനുമായി വന്നിട്ട് അവര്‍ നഗരത്തില്‍ വിദേശികള്‍ വരുന്ന വലിയ മീച്ചന്തയില്‍ വലിയ വിലക്ക് വില്ക്കും.  
 
മിക്കവാറും ദിവസങ്ങളില്‍ ശാന്തമാകും കടല്‍. ഒരു മഹാസമുദ്രം വീടിനപ്പുറത്ത് ഉണ്ടന്ന് പോലും തോന്നില്ല. ഒച്ചയും അനക്കവും ഇല്ലാതെ മാനം നോക്കി മിണ്ടാതെ കിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം. ചിലപ്പോ വാശിയും ദേഷ്യവും പിറുപിറുപ്പുമായി കലിതുള്ളി കരയില്‍ ആഞ്ഞടിക്കുന്നത് കാണാം. കലി കണ്ടാല്‍ കരയെ പിടിച്ചു തിന്നു കളയും എന്ന് തോന്നും.
 
 
കരയില്‍ നിറയെ കാടാണ്. ഇടതുര്‍ന്ന മരങ്ങളും മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത മണ്ണും ഇപ്പോഴും ഉള്ളിലുണ്ട്. മനുഷ്യന്‍ കയ്യേറി തുടങ്ങി എങ്കിലും ആര്‍ത്തി ഇല്ലാത്ത മനുഷ്യര്‍ ആയതു കൊണ്ട് നാശമൊന്നും ഇതുവരെയില്ല. പ്രകൃതിയ്ക്ക് ഇണങ്ങിയാണ് ഇവിടെയുള്ളവരും ജീവിക്കുന്നത്. എങ്കിലും വികസനം വഴിവെട്ടി തുടങ്ങിയ സ്ഥിതിക്ക് നാശത്തിന്റെ നിഴല്‍പാടുകള്‍ വീണുതുടങ്ങുന്നുണ്ട്.
 
ഇവിടെയുള്ള ഭുമി മുഴുവനും വിദേശികള്‍ വാങ്ങിക്കഴിഞ്ഞു. കാടു വെട്ടിത്തെളിച്ചുകൊണ്ടുള്ള പരിപാടിയല്ല. കാടു നിലനിര്‍ത്തിക്കൊണ്ടുള്ള കൃഷിയും മറ്റുമാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷെ അധിനിവേശത്തിന്റെ ആഴം കാലം തെളിയിക്കും. പ്രതിരോധങ്ങള്‍ ഉയര്‍ന്നു വരുമ്പോഴേക്കും മണ്ണ് ബാക്കിയുണ്ടാവില്ല.
 
 
 
 

This post was last modified on January 2, 2017 5:39 pm