സാജു കൊമ്പന്‍
1974 – ലാണ് ഇന്ത്യ ദേശിയ ശിശു നയത്തിന് രൂപം നല്കിയത്. ‘ക്രൂരതയില്‍നിന്നും അവഗണനയില്‍നിന്നും കുട്ടികളെ രക്ഷിക്കുക’ എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം. ഇന്ന് 2013 ജൂലൈ19. ദേശിയ ശിശു നയം പ്രഖ്യാപിച്ചിട്ട് 39 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ശരീരത്തിലെമ്പാടും നൂറ്റമ്പതിലേറെ മുറിവുകളുമായ് തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലായ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് അഞ്ചു വയസുകാരന്‍ ഷെഫീഖ്. സ്വന്തം പിതാവും രണ്ടാനമ്മയും നല്‍കിയ നീണ്ട കാലത്തെ കൊടിയ പീഡനത്തിന്റെ ഇര മാത്രമല്ല അവന്‍. മലയാളി സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മസ്തിഷ്‌ക മരണത്തിന്റെ ഇര കൂടിയാണ്. കോഴിക്കോട് കൊല്ലപ്പെട്ട അതിഥിയുടെ ഓര്‍മ്മകള്‍ നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞു കഴിഞ്ഞിട്ടില്ല. അതിനു മുന്‍പ് 2011 മെയ് മാസം അഡ്വ.ജോസ് കുര്യന്‍, സിന്ധു നായര്‍ എന്നിവരാല്‍ കൊല്ലപ്പെട്ട 11 കാരിയായ ധനലക്ഷ്മി എന്ന തമിഴ് പെണ്‍കുട്ടിയുടെ മരണമായിരുന്നു നമ്മെ ഞെട്ടിച്ചത്. എന്ത് പ്രബുദ്ധതയുടെ പേരിലായാലും, നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിച്ചുവരികയ്യാണെന്ന സത്യം ഇനി അധിക കാലം നമുക്ക് ഒളിപ്പിച്ചു വെക്കാന്‍ സാധിക്കില്ല.
‘നിയമങ്ങളും അവ നടപ്പിലാക്കാനുള്ള സ്ഥാപനങ്ങളും നമുക്കുണ്ട്. എന്നാല്‍ കുട്ടികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ജാഗ്രതയോടെ കണ്ട് ഇടപെടാന്‍ തയ്യാറാകാത്ത സമൂഹവും ഭരണകൂടത്തിന്റെ ഇച്ഛാശക്തിയില്ലായ്മയുമാണ് പ്രശ്‌നം’ – ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ: സന്ധ്യ എ.എന്‍ പറയുന്നു.
1989ലെ ബാല അവകാശങ്ങളെ സംബന്ധിച്ച ഐക്യരാഷ്ട്ര പ്രമേയത്തില്‍ 1992ല്‍ ഇന്ത്യ ഒപ്പുവെക്കുകയുണ്ടായി. ഈ പ്രമേയപ്രകാരം കുട്ടികള്‍ക്ക് ജീവിക്കാനുള്ള അവകാശം, സംരക്ഷിക്കപ്പെടാനുള്ള അവകാശം, വികസനത്തിനുള്ള അവകാശം, പങ്കാളിത്ത അവകാശം എന്നിവ ഉറപ്പുവരുത്തേണ്ടത് ഭരണ കൂടത്തിന്റെ ചുമതലയാണ്. ഇതിനനുബന്ധമായി ബാല നീതി നിയമം 2000, ലൈംഗികാതിക്രമണങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമം 2012, ശൈശവ വിവാഹ നിരോധന നിയമം 2006 തുടങ്ങി ശക്തമായ നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമങ്ങളുടെ പരിരക്ഷ കുട്ടികള്‍ക്കു ഉറപ്പുവരുത്തുന്നതിന് ഒരുപിടി സംവിധാനങ്ങളും നിലവിലുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാനതല സമിതി, എല്ലാ ജില്ലകളിലും ബാലക്ഷേമ സമിതികള്‍, പ്രത്യേക ജുവനൈല്‍ പോലീസ് യൂനിറ്റ്, ചൈല്‍ഡ് ലൈന്‍ തുടങ്ങിയവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഈ സംവിധാനങ്ങളുടെയൊക്കെ സഹായത്തോടു കൂടി തന്നെയാണ് കുട്ടികള്‍ക്കെതിരെയുള്ള പലകുറ്റ കൃത്യങ്ങളും പുറത്തേക്കു വരുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സമൂഹം പലപ്പോഴും അതിന്റെ കടമ നിര്‍വ്വഹിക്കാന്‍ തയ്യാറാകുന്നില്ല എന്ന പരാതിയാണ് ഉദ്യോഗസ്ഥര്‍ പൊതുവെ പ്രകടിപ്പിക്കുന്നത്. ‘ അടുത്ത വീട്ടില്‍നിന്ന് ഒരു നിലവിളി കേട്ടാല്‍ അതെന്താണെന്ന് അന്വേഷിക്കാനുള്ള സാമൂഹികബോധം നമുക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു. അണുകുടുംബങ്ങളിലേക്ക് ചുരുങ്ങിയതോടെ എല്ലാവരും സ്വാര്‍ത്ഥരായി മാറിയിരിക്കുന്നു’. സാമൂഹ്യ നീതി വകുപ്പ് റീജ്യണല്‍ അസിസ്റ്റന്റു ഡയരക്ടര്‍ സി കെ രാഘവനുണ്ണി പറയുന്നു.
‘സമൂഹത്തിന്റെ നിസ്സംഗത പൊതുവെ നഗരങ്ങളുമായി ബന്ധപ്പെട്ടാണ് പറയാറുള്ളത്. ഇത് ഗ്രാമങ്ങളെയും ബാധിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണു കുമളി സംഭവം തെളിയിക്കുന്നത്. മൂന്ന് വര്‍ഷമായിട്ടും ഈ കുഞ്ഞ് കൊടിയ പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന സത്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആ നാട്ടില്‍ ആരും ഇല്ലാതെപോയി എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം’ – അഡ്വ. സന്ധ്യ പറയുന്നു.
നിരന്തരമായുള്ള ബോധവല്ക്കരണമാണ് പ്രതിവിധി എന്ന് പറയുമ്പോള്‍ തന്നെ മനുഷ്യത്വം എങ്ങനെ പഠിപ്പിച്ചുകൊടുക്കാന്‍ കഴിയും എന്ന മറുചോദ്യം ഉയരുന്നുണ്ട്. ‘ബോധവല്ക്കരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നല്ല രീതിയില്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്. ചൈല്‍ഡ് ലൈനിന്റെ1098 എന്ന ടോള്‍ ഫ്രീ നമ്പര്‍ അറിയാത്തവരായി അധികമാരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. നിരവധി സ്‌കൂള്‍ കുട്ടികള്‍ ചൈല്‍ഡ് ലൈനിലേക്ക് വിളിക്കുന്നുണ്ട്. ഈ അടുത്തകാലത്ത് പലസംഭവങ്ങളും പുറത്തുവന്നത് ചൈല്‍ഡ് ലൈനിന്റെ ഇടപെടലിന്റെ ഫലമായാണ്.’ സി കെ രാഘവനുണ്ണി വിശദീകരിക്കുന്നു. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ സര്‍ക്കാര്‍ തല സംവിധാനങ്ങളുടെ പാളിച്ചകള്‍ എന്നരീതിയില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ടു പോകാറാണ് പതിവ്. 1990കള്‍ക്കു ശേഷം മലയാളി സമൂഹത്തില്‍ വന്നു ചേര്‍ന്നിട്ടുള്ള മാറ്റങ്ങളുമായി ബന്ധപ്പെടുത്തി ഈ പ്രശ്‌നത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. ‘ നമ്മുടെ നാട്ടില്‍ മുന്‍പ് ശക്തമായുണ്ടായിരുന്ന ഗ്രാമീണ കൂട്ടായ്മകള്‍ പലതും ഇന്നില്ല. മാത്രമല്ല കുടുംബ ബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള വിള്ളലുകളും ശൈഥില്യവും ഇതിന് ഒരു പരിധിവരെ കാരണമാകുന്നുണ്ട്’. സി കെ രാഘവനുണ്ണി ചൂണ്ടിക്കാണിക്കുന്നു. ഇതിനൊരു സാംസ്‌കാരികതലം കൂടിയുണ്ടെന്നാണ് സന്ധ്യ അഭിപ്രായപ്പെടുന്നത്. ‘കുട്ടികളുടെ ഭാവിക്ക് കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന പൊതു ധാരണ നമ്മുടെ സമൂഹത്തില്‍ നിലനില്ക്കുന്നുണ്ട്. അതുകൊണ്ടാണ് മക്കളെ പരിപാലിച്ചില്ല എന്ന കാരണത്തിന് ഇന്ത്യക്കാരായ മാതാപിതാക്കളെ ശിക്ഷിച്ച നോര്‍വീജിയന്‍ ഗവണ്‍മെന്റിന്റെ നടപടിയോട് ഒരു പ്രതിഷേധ മനോഭാവം നമുക്കിക്കിടയില്‍ ഉണ്ടായത്. ഇത്തരം കേസുകളില്‍ നമ്മുടെ ഭരണകൂടം പലപ്പോഴും മൃദുസമീപനമാണ് കാണിക്കാറ്. അച്ഛനും അമ്മയും അല്ലെ, അവരുടെ കുടുംബ കാര്യമല്ലേ എന്ന മട്ട് പൊതുവെയുണ്ട്’.
എന്തായാലും അഥിതിയുടെ മരണം നല്കിയ ഞെട്ടലില്‍ നിന്നും വിമുക്തമാകും മുന്‍പ് സംഭവിച്ച ഷഫീക്കിന്റെ ദുരന്തവും മലയാളി സമൂഹത്തിനു മുന്‍പില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിവിടുന്നുണ്ട്. സാമൂഹ്യനീതി വകുപ്പ് മന്ത്രി കട്ടപ്പന ആശുപത്രി സന്ദര്‍ശിച്ച് കണ്ണാടി ചില്ലിലൂടെ കുട്ടിയെ കണ്ടതുകൊണ്ടോ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം നടത്താനുള്ള മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ സെക്രട്ടറിതല സമിതി ഉണ്ടാക്കിയത് കൊണ്ടോ മാത്രം അവസാനിക്കുന്നതല്ല ഈ പ്രശ്‌നം. വേണ്ടത് സമൂഹത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന മസ്തിഷ്‌കമരണം ഒഴിവാക്കാന്‍ ഒരു സാംസ്‌കാരിക ചികില്‍സ തന്നെയാണ്.
This post was last modified on January 2, 2017 5:13 pm
Leave a Comment