മിന്‍ സിന്‍
ഇരുട്ടും മഴയും നിറഞ്ഞൊരു മെയ്മാസ രാത്രിയില്‍, 16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ മ്യാന്‍മര്‍ വിട്ടത്; അന്നത്തെ ബര്‍മ. അന്ന് ഏതാണ്ട് ഒമ്പത് വര്‍ഷത്തോളമായി ഞാനും, എന്റെ സുഹൃത്ത് തേട് വിന്‍ ഊങ്ങും ജനാധിപത്യ മുന്നേറ്റ പ്രവര്‍ത്തനങ്ങളുമായി ഒളിവിലായിരുന്നു. ഞങ്ങളുടെ നേതാവും സമരനായികയുമായ ഓങ് സാന്‍ സൂകി നയിച്ച പോരാട്ടത്തില്‍. പക്ഷേ, ആ വര്‍ഷം അവസാനത്തോടെ പട്ടാള ഭരണകൂടത്തിന്‍റെ വലക്കണ്ണികള്‍ ഞങ്ങള്‍ക്കുചുറ്റും വിരിച്ചതായി മനസ്സിലാക്കിയതോടെ, നാടുവിടാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
അന്നത്തെ രാത്രി തേട് വിന്‍ ഊങ്ങിന്റെ വീട്ടില്‍ തങ്ങി. പറ്റാവുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെ, പെയ്തുനിറക്കുന്ന കാലവര്‍ഷത്തിലേക്ക് ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. പരിശോധനാ കേന്ദ്രങ്ങളും, പട്ടാളക്കാരെയും കടന്നു ഞങ്ങളുടെ കാര്‍ മ്യാന്‍മര്‍ – തായ്ലാണ്ട് അതിര്‍ത്തിയിലേക്ക് നീങ്ങി. ഒരു മടങ്ങിവരവ് എന്നാണെന്നോ, അതിനിടയില്‍ എന്തൊക്കെ സംഭവിക്കുമെന്നോ ഒരു ധാരണയും ഇല്ലായിരുന്നു.
ഒരു വര്‍ഷത്തിന് ശേഷം തേട് വിന്‍ ഊങ് മ്യാന്മാറില്‍ തിരിച്ചെത്തി. ഒരു ജനാധിപത്യ സംഘടന ഉണ്ടാക്കി. സര്‍ക്കാര്‍ അയാളെ പിടികൂടി 59 കൊല്ലത്തേക്ക് തടവിലടച്ചു. അതിനുശേഷം എട്ട് കൊല്ലക്കാലം തേട് വിന്‍നെ കുറിച്ച് ഒന്നും അറിഞ്ഞില്ല. ഞാന്‍ അതിര്‍ത്തിക്കടുത്ത് ബാങ്കോക്കില്‍ ഒരു പത്രലേഖകനായി. പിന്നെ, വാഷിങ്ടണില്‍ പത്രക്കാരനായി. തേട് വിന്‍ ജയിലറയില്‍ പീഡനവും, മര്‍ദ്ദനവും ഏറെ ഏറ്റുവാങ്ങി. മറ്റ് നൂറുകണക്കിനു രാഷ്ട്രീയ തടവുകാരെപ്പോലെ, 2006 ഒക്ടോബറില്‍, തേട് വിന്‍ തടങ്കലില്‍ മരിച്ചു.
ഇന്ന് മ്യാന്‍മാര്‍ മാറുകയാണ്. ദശാബ്ദങ്ങള്‍ നീണ്ട പട്ടാള തേര്‍വാഴ്ചയ്ക്കുശേഷം ജനാധിപത്യത്തിന്റെ രാഷ്ട്രീയത്തിലേക്ക് രാജ്യം നടന്നടുക്കുകയാണ്. പട്ടാളം, നിര്‍ണായകമായ അധികാരങ്ങള്‍ പതുക്കെ കയ്യൊഴിയുന്നു, നൂറുകണക്കിനു രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നു, ഒടുവില്‍ പ്രതിപക്ഷ നേതാവ് ഓങ്ങ് സാന്‍ സൂകിയെ മത്സരിക്കാന്‍ അനുവദിക്കുന്നു. പുതിയ ബന്ധങ്ങളുടെ സൂചനയായി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയും വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലാരി ക്ളിന്‍റണും കഴിഞ്ഞ വര്‍ഷം മ്യാന്‍മര്‍ സന്ദര്‍ശിച്ചു. ഇത്രയുമായതോടെ പഴയ സുഹൃത്തുക്കളെ കാണാനും മ്യാന്മാറിലെ മാറ്റങ്ങള്‍ നേരിട്ടറിയാനും മടങ്ങിപ്പോകാന്‍തന്നെ ഞാന്‍ തീരുമാനിച്ചു.
കഴിഞ്ഞ ഡിസംബറില്‍ തിരിച്ചെത്തിയ ഉടന്‍ ഞാന്‍ പോയത് തേട് വിന്‍ന്റ്റെ വീട്ടിലേക്കാണ്. അവന്റെ അച്ഛനും അമ്മയ്ക്കും വയസ്സായി. എന്നാലും ഈ ദുഖത്തിനിടയിലും അവര്‍ ധീരരാണ്. ഗിറ്റാര്‍ വായിച്ചും, പന്ത് കളിച്ചും യാങ്ഗോനില്‍ ഒരുമിച്ചാണ് ഞങ്ങള്‍ വളര്‍ന്നത്. 1988-ല്‍ ജനാധിപത്യ പ്രക്ഷോഭം തെരുവുകളിലേക്ക് വ്യാപിക്കുമ്പോള്‍ ഞങ്ങള്‍ ഹൈസ്കൂളിലായിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ഞങ്ങളും സജീവമായുണ്ടായിരുന്നു. അതിന്റെ പേരില്‍ ഞങ്ങളെ സ്കൂളില്‍നിന്നും പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് വര്‍ഷങ്ങളോളം ഞങ്ങള്‍ ഒളിവിലായിരുന്നു; ഒളിത്താവളങ്ങളില്‍നിന്നും ഒളിത്താവളങ്ങളിലേക്ക്, വേഷം മാറി, പാത്തും പതുങ്ങിയും, നീണ്ട നാളുകള്‍.
1998-ല്‍ തേട് വിന്‍ മടങ്ങി വന്നതിനെപ്പറ്റി അവര്‍ അറിഞ്ഞിരുന്നില്ലെന്ന് അവന്റെ അമ്മ പറഞ്ഞു. ഒരു ദിവസം ടി.വിയില്‍ തേട് വിന്‍നേ പോലീസ് പിടിച്ച ദൃശ്യങ്ങള്‍ പൊടുന്നനെ കാണുകയായിരുന്നു. വിദൂരമായ മറ്റൊരു തടവറയില്‍ കഴിയുന്ന മൂത്ത മകനെ കണ്ടു വരികയായിരുന്നു തേട് വിന്റെ അച്ഛനപ്പോള്‍. കനം തൂങ്ങിയ മനസ്സുമായാണ് ഞാന്‍ അവിടെനിന്നും മടങ്ങിയത്, ബാക്കിനില്‍ക്കുന്ന ഒരുപാട് കാര്യങ്ങളുടെ തോന്നലുകളുമായി.
മ്യാന്മാര്‍ പ്രസിഡണ്ട് തേയിന്‍ സെയിന്‍
എല്ലാ പുന:സമാഗങ്ങളും അത്ര ദുഖകരമായിരുന്നില്ല. ‘എന്നെ ഓര്‍ക്കുന്നില്ലേ’, ‘മറന്നില്ലല്ലോ’, ആളുകള്‍ ചിരിയും കണ്ണീരുമായി വന്നുകൊണ്ടേയിരുന്നു. എനിക്കു കുറ്റബോധം തോന്നി. പലരെയും ഞാന്‍ മറന്നിരുന്നു. ഒരിയ്ക്കലും പിരിഞ്ഞില്ലെന്ന തോന്നലായിരുന്നു അവര്‍ക്ക്. പക്ഷേ, കാലം കടന്നുപോവുകയാണ്, നമ്മള്‍ മറക്കുകയും; സകലതും മാറുകയാണ്.
യങ്ങോണിന്റെ ഭൂപ്രകൃതിതന്നെ മാറി. എന്റെ കുടുംബവീട് ആകെ കേടായിരിക്കുന്നു. എന്റെ കുട്ടിക്കാലത്ത് അവിടെ ഉണ്ടായിരുന്ന അപൂര്‍വം രണ്ടുനില വീടുകളില്‍ ഒന്നായിരുന്നു അത്. പ്രവാസനാളുകളില്‍, ആ മട്ടുപ്പാവില്‍ ഇളവെയിലും കാറ്റുമേറ്റ് കിടന്നതിനെക്കുറിച്ച് ഞാന്‍ എന്നും ആലോചിക്കും. ഇന്നിപ്പോള്‍ ഏഴുനില കെട്ടിടങ്ങളാണ് ആ തെരുവില്‍. പട്ടണത്തില്‍ വലിയ തിരക്കാണ്. ദാരിദ്ര്യവും, രോഗങ്ങളും. ഭിക്ഷക്കാര്‍, അഭയാര്‍ത്ഥികള്‍, വീടില്ലാത്തവര്‍. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളില്‍ ധനികരും, ദരിദ്രരുമായി മ്യാന്മാര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ഇതിനിടയിലുള്ള ആളുകള്‍ തീരെ കുറവാണ്. സൈനികരും, ജനാധിപത്യ സമരക്കാരും ഉണ്ട്. അതിനിടയിലും ആളില്ല.
എന്നിരുന്നാലും ഇപ്പോളതൊരു സ്വതന്ത്ര സ്ഥലമാണ്. 1990-കളില്‍ സൈനികരുടെ സംശയദൃഷ്ടികള്‍ക്കു കീഴിലേ നിങ്ങള്‍ക്ക് നടക്കാനാവുമായിരുന്നുള്ളൂ. മ്യാന്മാരില്‍ നിന്നും പോയിട്ടും അന്യരാജ്യങ്ങളിലും തെരുവുകളുടെ വളവുകളിലും, തിരിവുകളിലും ഞാന്‍ ഇടക്കിടെ തിരിഞ്ഞുനോക്കുമായിരുന്നു. ശീലം മാറ്റാനാകാതെ.
എന്റെ വീട് പ്രതിപക്ഷ പ്രക്ഷോഭകരുടെ ഒരു കേന്ദ്രമായിരുന്നു. ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടു ഞങ്ങളവിടെ പഴയതുപോലെ വീണ്ടും ഒത്തുകൂടി. തേട് വിന്‍നെ പോലെ പലരും ചോര്‍ന്നു പോയിരുന്നു.
ഇതൊക്കെയായാലും, ഗൃഹാതുരത്വം ഒരു രാഷ്ട്രീയപരിപാടിയല്ല. ജനാധിപത്യ പ്രക്ഷോഭത്തില്‍ സജീവമായിരുന്നവരും, ബുദ്ധിജീവികളുമൊക്കെയായി ഞാന്‍ സംസാരിച്ചു. ഒരു പുതിയ പ്രഭാതത്തിന്റെ വരവിലുള്ള പ്രതീക്ഷകളെക്കാളേറെ നിരാശയായിരുന്നു അവര്‍ പങ്കുവെച്ചത്; പ്രത്യേകിച്ചും ഞങ്ങളുടെ പ്രിയപ്പെട്ട ഓങ്ങ് സാന്‍ സൂക്കിയെക്കുറിച്ച്. ജീവന്‍ ബലികൊടുക്കാന്‍ തയ്യാറായി അവരുടേ പിന്നില്‍ അണിനിരന്ന, തടവില്‍ പോയ പോരാളികള്‍, പ്രതിപക്ഷ മുന്നേറ്റം ജനാധിപത്യ ബദലുകള്‍ കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിക്കുന്നു. 2011-നു ശേഷം സൂകി രാഷ്ട്രീയത്തെ വ്യക്തിവത്കരിച്ചെന്നും, പട്ടാള ഭരണകൂടത്തിന്റെ ശിങ്കിടികളായിരുന്ന വ്യാപാരികളുമായി സൌഹൃദത്തിലായെന്നും അവര്‍ വേദനയോടെ കുറ്റപ്പെടുത്തുന്നു.
വിദ്യാര്‍ഥി മുന്നേറ്റത്തില്‍ പങ്കാളിയായിരിക്കെ, യൂണിവേഴ്സിറ്റി അവെന്യൂവിലെ 54-ആം നമ്പര്‍ വസതിയില്‍പോയി നിരവധി തവണ ഞാനവരെ കണ്ടിട്ടുണ്ട്. ചെറുപ്പക്കാരെ തുല്യ ബഹുമാനത്തോടെ കാണുന്ന ഒരാളെ ഞങ്ങളുടെ മൂപ്പിളമ സമൂഹത്തില്‍ ഞാനാദ്യമായി കാണുകയായിരുന്നു. മറ്റുള്ള നേതാക്കളെപ്പോലെ കുഞ്ഞുങ്ങളായല്ല അവര്‍ ഞങ്ങളെ കണ്ടത്. അവരുടെ മകന്‍റെ പ്രായം മാത്രമുള്ള ഒരു 15 വയസ്സുകാരനോട് അവര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തു, വാദിച്ചു, തമാശകളും പങ്കിട്ടു.
@Bloomberg News photo by Dario Pignatelli
എന്നാല്‍ ഇന്നവര്‍ ആളുകളില്‍നിന്നും ഏറെ അകലെയാണ്. അവരെ സമീപിക്കാന്‍ ആവുന്നില്ല. മാര്‍ച്ച് മാസത്തില്‍, 20 കൊല്ലത്തിനുശേഷം നടന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ കേന്ദ്ര സമിതിയെ അവര്‍ ഒറ്റക്കാണ് തെരഞ്ഞെടുത്തത്. അതിലേറെ അസ്വസ്ഥത ജനിപ്പിക്കുന്നത് ധാര്‍മിക, രാഷ്ട്രീയ മൂല്യങ്ങള്‍ ബലികഴിച്ചുകൊണ്ടു മുന്‍ പട്ടാള മേധാവികളെ സന്തോഷിപ്പിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളാണ്. പടിഞ്ഞാറന്‍ മ്യാന്മാരില്‍ രോഹിങ്ഗ്യാ മുസ്ലീം ന്യൂനപക്ഷവിഭാഗത്തിനുനേരെ നടക്കുന്ന വംശീയ ആക്രമണങ്ങളില്‍ അവര്‍ പാലിക്കുന്ന നിശ്ശബ്ദത അമ്പരപ്പിക്കുന്നതായിരുന്നു. കച്ചിന്‍ പ്രദേശത്ത് സ്വയംഭരണത്തിനുവേണ്ടി പോരാടുന്ന കച്ചിന്‍ ഗോത്ര വിമതരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയത്തോടും സൂക്കി നിശ്ശബ്ദത പാലിച്ചു. ഇത്രനാളും ഏതൊക്കെ മൂല്യങ്ങള്‍ക്കുവേണ്ടിയാണോ പോരാടിയത് അത് ബലികഴിക്കാനാവുമോ? അല്ലെങ്കില്‍, ഇപ്പോള്‍ നമ്മളെന്തിനാണ് നിലകൊള്ളുന്നത്?
ഇതൊക്കെയായാലും, സാധാരണ ജനങ്ങള്‍ക്കിടയില്‍ ഓങ്ങ് സാന്‍ സൂകി ഇപ്പോളും ഏറെ സ്വീകാര്യയാണ്. ഞാന്‍ സംസാരിച്ച ഒരുപാടുപേര്‍, മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത്, സൂകിയെയും, ഇപ്പോളത്തെ പ്രസിഡണ്ട് തേയിന്‍ സെയിനും പോലുള്ള വ്യക്തികളില്‍ നിന്നാണ് – ജനാധിപത്യ സ്ഥാപനങ്ങളില്‍ നിന്നല്ല. രാജ്യത്തിന്റെ ചരിത്രത്തിലും, ബുദ്ധ പാരമ്പര്യത്തിലും വേരുറപ്പിച്ച ഒന്നുണ്ട് എന്നു ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു. അത് ദുരിതങ്ങള്‍ക്കെല്ലാം അറുതിവരുത്തുന്ന ‘നല്ല രാജാവിനെ’ക്കുറിച്ചുള്ള പ്രതീക്ഷകളാണ്. പക്ഷേ, നല്ല രാജാവില്ല.
@Bloomberg News photo by Dario Pignatelli
ഒരാഴ്ചയ്ക്കുശേഷം ഞാനും കുടുംബവും ബഗാനിലേക്ക് തിരിച്ചു. പുരാതന ബര്‍മ സംസ്കാരത്തിന്റെ കേന്ദ്രങ്ങളിലൊന്ന്. 11-ആം നൂറ്റാണ്ടില്‍ അനവ്രാഹത രാജാവ് സ്ഥാപിച്ച ഇവിടെ നിന്നാണ് മ്യാന്മാറില്‍ ബുദ്ധമതം വേരുറപ്പിക്കാന്‍ തുടങ്ങിയത്. വിശാലമായ കുറ്റിച്ചെടികളും, ചെറുമരങ്ങളുമുള്ള ചെമ്മണ്ണ് നിറഞ്ഞ ഭൂമിയില്‍, ഓര്‍മ്മകളുടെ ഭാരത്തില്‍ 2200-ലേറെ പഗോടകളും, അമ്പലങ്ങളും പ്രൌഢിയോടെ ജീര്‍ണിക്കുകയാണ്. ആധുനിക മ്യാന്മാറിന്റെ രാഷ്ട്രീയ, മത രീതികളില്‍ ബഗാന്‍റെ സ്വാധീനം ചെറുതല്ല. ഇന്നത്തെ മ്യാന്മാറിലെ വ്യക്തിപൂജയുടെ രാഷ്ട്രീയം രാജാക്കന്‍മാരുടെയും, വീരന്മാരുടെയും ഈ മണ്ണില്‍നിന്നാകാം.
സൂര്യന്‍ അസ്തമിക്കാറായതോടെ ഞാന്‍ 11-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മനുഹ അമ്പലത്തില്‍ കയറി. അനവ്രാഹതന്‍ യുദ്ധത്തില്‍ തോല്‍പ്പിച്ച മനുഹ രാജാവ് പരാജിതനായിരിക്കെ പണിതതാണിത്. ഇടുങ്ങിയ ഒരു ഗര്‍ഭഗൃഹത്തില്‍ സ്വര്‍ണത്തില്‍ തീര്‍ത്ത നാലു വലിയ ബുദ്ധ പ്രതിമകള്‍, തടവിന്റെ പ്രതീകങ്ങളത്രെ. ഞാന്‍ തേട് വിന്‍ ഊങ്ങിനെ ഓര്‍ത്തു. ഇടുങ്ങിയ, നരച്ച തടവുമുറിയിലെ ക്രൂരമായ നീണ്ട വര്‍ഷങ്ങള്‍. സുവര്‍ണ്ണ ബുദ്ധന്മാരെപ്പോലെ പുതിയ നേതാക്കളും ജനങ്ങളെ തടവിലാക്കുകയാണോ; തടവറകളിലല്ല, ഭീമാകാരന്‍മാരായി വളര്‍ന്ന്, അവര്‍ എല്ലായിടവും നിറക്കുകയാണ്.
ഒരു സഹസ്രാബ്ദം പിറകില്‍ അമ്പലം സമര്‍പ്പിക്കുമ്പോള്‍ മനുഹ രാജാവ് പ്രാര്‍ത്ഥിച്ചു,“പുനര്‍ജന്‍മത്തിന്റെ തീരാചക്രങ്ങളിലൊന്നിലും എന്നെ മറ്റൊരാളുടെ തടവുകാരനാക്കരുതെ”എന്ന്. ഞാനെന്‍റെ പ്രാര്‍ത്ഥന മനസ്സില്‍ ഉരുവിട്ടു; മ്യാന്‍മാര്‍ ജനത ഒരിയ്ക്കലും, സ്വേച്ഛാധിപതികളുടെ, ജനാധിപത്യവാദികളുടെ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും തടവുകാരാകാതിരിക്കട്ടെ എന്ന്.
(ഫോറിന്‍ പോളിസി)
This post was last modified on January 2, 2017 5:13 pm
Leave a Comment